നിരക്ക് മാറ്റമില്ല; പ്രതീക്ഷ പോലെ പണനയം
ജി.ഡി.പി വളര്‍ച്ചാ നിഗമനവും മാറ്റിയില്ല
റീപോ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. ജി.ഡി.പി വളര്‍ച്ച പ്രതീക്ഷയില്‍ മാറ്റമില്ല. വിലക്കയറ്റത്തില്‍ നാമമാത്ര കുറവ് കണക്കാക്കുന്നു. ഇതു രണ്ടാം തവണയാണു റിസര്‍വ് ബാങ്ക് നിരക്കു മാറ്റം ഇല്ലാതെ നയം പ്രഖ്യാപിച്ചത്. പ്രതീക്ഷ പോലെ നയം വന്നതിനാല്‍ വിപണിയില്‍ കാര്യമായ ചലനം ഉണ്ടായില്ല.
ഏകകണ്ഠമായാണു പണനയ കമ്മിറ്റി (എംപിസി) റീപോ നിരക്ക് മാറ്റേണ്ടെന്നു തീരുമാനിച്ചത്. അതേസമയം പണലഭ്യതയുടെ കാര്യത്തില്‍ ഉദാരനയം പിന്‍വലിക്കാന്‍ തീരുമാനിച്ചു. എം.പി.സിയിലെ അഞ്ചു പേര്‍ ഇതിനെ അനുകൂലിച്ചു. ഒരാള്‍ എതിര്‍ത്തു.
റീപോ നിരക്ക്
ഒരു വര്‍ഷം കൊണ്ടു റീപോ നിരക്ക് നാലില്‍ നിന്ന് 6.5 ശതമാനമായി ഉയര്‍ത്തിയിരുന്നു. അടിയന്തര സാഹചര്യങ്ങളില്‍ വാണിജ്യ ബാങ്കുകള്‍ സര്‍ക്കാര്‍ കടപ്പത്രം പണയമായി നല്‍കി ഏകദിന വായ്പ എടുക്കുമ്പാേള്‍ റിസര്‍വ് ബാങ്ക് ഈടാക്കുന്ന പലിശയാണ് റീപോ നിരക്ക്. രാജ്യത്തെ പലിശ നിരക്കുകളുടെ താക്കോല്‍ നിരക്കാണു റീപോ.
റീപോ നിരക്ക് മാറ്റാത്തതിനാല്‍ ബാങ്ക് റേറ്റ്, മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫസിലിറ്റി നിരക്ക് തുടങ്ങിയ മറ്റു പ്രധാന നിരക്കുകളിലും മാറ്റമില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
പ്രതീക്ഷകൾ
2023-24 ലെ ജിഡിപി വളര്‍ച്ച 6.5 ശതമാനം എന്ന നിഗമനത്തില്‍ മാറ്റം വരുത്തിയില്ല. പാദം ഒന്നില്‍ 8%, രണ്ടില്‍ 6.5%, മൂന്നില്‍ 6%, നാലില്‍ 5.7% എന്നിങ്ങനെയാണു പ്രതീക്ഷ.
ചില്ലറ വിലക്കയറ്റം 5.1 ശതമാനമായിരിക്കുമെന്നാണു റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. ഒന്നാം പാദത്തില്‍ 4.6%, രണ്ടില്‍ 5.2%, മൂന്നില്‍ 5.4%, നാലില്‍ 5.2% എന്നിങ്ങനെയാണു നിഗമനം. ബാങ്ക് മേഖലയിലെ പണലഭ്യത ഉയര്‍ന്ന തോതില്‍ തുടരുമെന്നു റിസര്‍വ് ബാങ്ക് കണക്കാക്കുന്നു.
വിപണി
റിസര്‍വ് ബാങ്കിന്റെ പണനയത്തെപ്പറ്റി ആശങ്കകള്‍ ഉള്ളിലൊതുക്കിയാണ് ഇന്നു വ്യാപാരം തുടങ്ങിയത്. പ്രഖ്യാപനം തുടങ്ങുമ്പോള്‍ 18,750ലായിരുന്ന നിഫ്റ്റി 18,775വരെ കയറി. ബാങ്ക് നിഫ്റ്റി തുടക്കത്തിലെ 44,370 ല്‍ നിന്ന് 44,410 ലേക്ക് കയറി. ഡോളര്‍ വില 82.60 രൂപയില്‍ നിന്ന് 82.56 രൂപയായി താണു.
പെട്രോള്‍, ഡീസല്‍ വിലകള്‍ കുറയ്ക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കു ഗവണ്മെന്റ് നിര്‍ദേശം നല്‍കുമെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇത് എണ്ണക്കമ്പനികളുടെ ഓഹരി വില താഴ്ത്തി. രൂപ ഇന്ന് അല്‍പം ദുര്‍ബലമായി. ഡോളര്‍ രണ്ടു പൈസ കൂടി 82.59 രൂപയിലാണു വ്യാപാരം തുടങ്ങിയത്. സ്വര്‍ണം ലോക വിപണിയില്‍ 1946 ഡോളറിലാണ്. കേരളത്തില്‍ പവന് വില.