ഒളിമ്പിക്സ് മാറ്റുമോ ? അങ്കലാപ്പുയര്‍ത്തി സാമ്പത്തിക ലോകം

Update:2020-03-04 16:49 IST

കൊറോണ ഭീതി മൂലം ടോക്കിയോ ഒളിമ്പിക്സ് മാറ്റിവയ്ക്കുമോയെന്ന ആശങ്കയുടെ നിഴല്‍ നീളുന്നത് ഇതുമായി ബന്ധപ്പെട്ട ഒരു ലക്ഷം കോടിയോളം രൂപ വരുന്ന നിക്ഷേപങ്ങളിലേക്ക്. ഒളിമ്പിക്സ് മുന്നില്‍ കണ്ട് സ്‌പോണ്‍സര്‍, മീഡിയ, ഇന്‍ഷുറന്‍സ്, ടൂറിസം മേഖലകളിലായി വന്‍ തുക ചെലവാക്കിയവരും 16,000 കോടിയോളം രൂപയുടെ ടൂറിസം വരുമാനം പ്രതീക്ഷിക്കുന്ന ജപ്പാന്‍ സര്‍ക്കാരും ഒരുപോലെ അങ്കലാപ്പിലാണ്.

ഇത്തവണത്തെ ഒളിമ്പിക്സുമായി ബന്ധപ്പെട്ട് 90,161 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. മാരത്തോണ്‍ മത്സരത്തിനായുള്ള 203 കോടി രൂപ ഇതിന് പുറമേ വരും. 2013 മുതല്‍ 2018 വരെ ഒളിമ്പിക്‌സിനായി ജപ്പാന്‍ സര്‍ക്കാര്‍ 66,000 കോടി രൂപയാണ് ചെലവിട്ടത്. 22000 കോടിയോളം രൂപയുടെ സ്‌പോണ്‍സര്‍ഷിപ്പ് കരാറുകളും ഒപ്പിട്ടുകഴിഞ്ഞു. സംപ്രേഷണാവകാശം നേടിയ ചാനല്‍ ഇതിനോടകം 7000 കോടിയോളം രൂപയുടെ കരാറുണ്ടാക്കിയിട്ടുണ്ട്.

ഒളിമ്പിക്സ് ഉപേക്ഷിക്കുന്ന പക്ഷം ജപ്പാന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തെയും ഇത് ബാധിക്കും. 16,000 കോടിയോളം രൂപയുടെ വരുമാനമാണ് ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് ടൂറിസം മേഖലയില്‍ പ്രതീക്ഷിക്കുന്നത്.ഒളിമ്പിക്സ് നടക്കാതെ വന്നാല്‍ രാജ്യത്തെ ടൂറിസത്തിനുണ്ടാകുന്ന നഷ്ടം ജിഡിപി വളര്‍ച്ചാ നിരക്ക് 0.2 ശതമാനം കുറയാനിടയാക്കുമെന്ന് സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സിലെ ജപ്പാന്‍ സാമ്പത്തിക വിദഗ്ധന്‍ കിച്ചി മുരാഷിമ പറഞ്ഞു.

ഒളിമ്പിക്‌സ് മാറ്റിവയ്‌ക്കേണ്ടിവരില്ലെന്നും നിശ്ചയിച്ച പ്രകാരം ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 9 വരെ നടക്കുമെന്നും ഐഒസി വക്താവ് മാര്‍ക്ക് ആഡംസ് പറയുന്നുണ്ടെങ്കിലും മാറ്റിവച്ചേക്കുമെന്ന തരത്തിലുള്ള സൂചനയാണ് ജപ്പാന്‍ ഒളിമ്പിക്‌സ് മന്ത്രി സീക്കോ ഹാഷിമോട്ടോയില്‍ നിന്നുണ്ടായത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ലോസാനില്‍ ഐഒസി എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം, അത്‌ലറ്റുകളോട് തയ്യാറെടുപ്പു തുടരാന്‍ ആഹ്വാനം ചെയ്തു.

ഒളിമ്പിക്‌സ് ഗെയിംസിന്റെ യുഎസ് പ്രക്ഷേപണങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം ഒരു ബില്യണിലേറെ ഡോളറിന്റെ പരസ്യാവകാശം വിറ്റതായും തുക വൈകാതെ 1.2 ബില്യണ്‍ ഡോളര്‍ കവിയുമെന്നും എന്‍ബിസി യൂണിവേഴ്‌സല്‍ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. എന്‍ബിസി യൂണിവേഴ്‌സലിന്റെ പിതൃ കമ്പനിയായ കോംകാസ്റ്റ് 2014 മുതല്‍ 2020 വരെ നാല് ഒളിമ്പിക്‌സിന്റെ യുഎസ് മാധ്യമ പ്രക്ഷേപണ അവകാശത്തിനായി 4.38 ബില്യണ്‍ ഡോളര്‍ നല്‍കാന്‍ കരാര്‍ നേരത്തെ ഒപ്പിട്ടിരുന്നു.

ടെലിവിഷന്‍ ചാനലായ യൂറോസ്പോര്‍ട്ടിന്റെ പിതൃ കമ്പനിയായ ഡിസ്‌കവറി കമ്മ്യൂണിക്കേഷന്‍സ് 2018 മുതല്‍ 2024 വരെ യൂറോപ്പിലുടനീളം ഒളിമ്പിക്‌സ് പ്രദര്‍ശിപ്പിക്കുന്നതിന് 1.3 ബില്യണ്‍ യൂറോ (1.4 ബില്യണ്‍ ഡോളര്‍) നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. പക്ഷേ, ഒളിമ്പിക്‌സ് റദ്ദാക്കിയാലും തങ്ങളുടെ സാമ്പത്തികസ്ഥിതിയെ പ്രതികൂലമായി ബാധിക്കുകയില്ലെന്ന് ഡിസ്‌കവറിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഗുന്നാര്‍ വീഡന്‍ഫെല്‍സ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. നിക്ഷേപം സംരക്ഷിക്കാന്‍ കമ്പനിക്ക് ഇന്‍ഷുറന്‍സ് ഉള്ളതാണ് കാരണം.

ടോക്കിയോ ഒളിമ്പിക്സില്‍ ഹലാല്‍ മാംസ ഭക്ഷണം നല്‍കാനുള്ള വന്‍ കരാറുകള്‍ ഒപ്പിട്ടിട്ടുള്ള മലേഷ്യന്‍ കമ്പനികളും കനത്ത ആശങ്കയിലായി.റെഡി ടു ഈറ്റ് ഹലാല്‍ വിഭവങ്ങള്‍ ഒളിംപിക്‌സിന് ലഭ്യമാക്കുക വഴി രാജ്യാന്തര ഹലാല്‍ വിപണിയില്‍ തങ്ങള്‍ക്കുള്ള ആധിപത്യം അരക്കിട്ടുറപ്പിക്കാനുള്ള മോഹം മലേഷ്യ മറച്ചുവച്ചിരുന്നില്ല.

2018 ല്‍ മലേഷ്യ 604 ദശലക്ഷം യുഎസ് ഡോളര്‍ വിലവരുന്ന ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ ജപ്പാനിലേക്ക് കയറ്റുമതി ചെയ്തിരുന്നു. രാജ്യത്തിന്റെ ഹലാല്‍ വിഭവ കയറ്റുമതി വര്‍ധിപ്പിക്കാനുള്ള കനകാവസരമായാണ് രാജ്യം ഒളിമ്പിക്സിനെ കണ്ടത്. ഒളിമ്പിക്സ് 'എക്കൗണ്ടി'ല്‍ ഏകദേശം 300 ദശലക്ഷം ഡോളര്‍ (2100 കോടി രൂപ) നേടാനുള്ള ലക്ഷ്യമാണിപ്പോള്‍ കൊറോണാ വൈറസ് മൂലം അനിശ്ചിതത്വത്തിലായിരിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News