21 ദിവസത്തെ ലോക്ക് ഡൗണ്‍ രാജ്യത്തെ വിവിധ മേഖലകളില്‍ വമ്പന്‍ സാമ്പത്തിക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. അനലിറ്റിക്കല്‍ മേഖലയിലെ പ്രമുഖ സ്ഥാപനം ക്രിസിലാണ് ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തു വിട്ടത്. നിര്‍മാണ മേഖലയാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ മേഖലയില്‍ 8.7 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തൊഴിലാളികളെ കിട്ടാനില്ലാത്തതാണ് ഈ മേഖലയില്‍ വലിയ തിരിച്ചടിക്ക് കാരണമാകുന്നത്. പ്രവര്‍ത്തനങ്ങളെല്ലാം നീണ്ടു പോകാന്‍ സാധ്യത.
ആഭരണ വ്യാപാര മേഖലയില്‍ 5.2 ലക്ഷം കോടി രൂപയുടെയും ഓട്ടോ അനുബന്ധ മേഖലയില്‍ 3.59 ലക്ഷം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. രാജ്യം ഇറക്കുമതി ചെയുന്ന സ്വര്‍ണത്തിന്റെയും ഡയമണ്ടിന്റെയും 60 ശതമാനവും കൊറോണ കൂടുതല്‍ ബാധിച്ച രാജ്യങ്ങളില്‍ നിന്നാണ്. ആഭരണ കയറ്റുമതിയുടെ 50 ശതമാനവും ഈ രാജ്യങ്ങളിലേക്ക് തന്നെ. വാഹന നിര്‍മാണ മേഖല 20 ശതമാനം ഇറക്കുമതിയെ ആശ്രയിച്ചാണ്. അതിന്റെ 70 ശതമാനവും ഇറക്കുമതി ചെയ്യുന്നതാവട്ടെ കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ച 15 രാജ്യങ്ങളില്‍ നിന്നും.
പെട്രോ കെമിക്കല്‍ മേഖലയില്‍ 2.3 ലക്ഷം കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. ഈ മേഖലയിലും ഇറക്കുമതി പ്രശ്‌നമാകും. ഹോട്ടല്‍ ഇന്‍ഡസ്ട്രിയില്‍ 1.10 ലക്ഷം കോടി രൂപയുടെയും വ്യോമയാന മേഖലയില്‍ 99000 കോടി രൂപയുടെയും നഷ്ടമുണ്ടാകുമെന്നും ക്രിസില്‍ കണക്കുകൂട്ടുന്നു. ഹോട്ടല്‍ മേഖലയില്‍ മുറികളെല്ലാം ഒഴിഞ്ഞു കിടക്കുന്നത് വലിയ സാമ്പത്തിക നഷ്ടത്തിലേക്കാണ് നയിക്കുക. എണ്ണം കൊണ്ട് കൂടുതലുള്ള അസംഘടിത മേഖലയിലെ സ്ഥാപനങ്ങള്‍ തന്നെയായിരിക്കും ഇതില്‍ ഏറെ പ്രതിസന്ധി നേരിടേണ്ടി വരിക. വ്യോമയാന മേഖലയെ താങ്ങിനിര്‍ത്തുന്നത് 30-35 ശതമാനം വരുന്ന രാജ്യാന്തര യാത്രക്കാരാണ്. ഏറ്റവും കൂടുതല്‍ കൊറോണ ബാധിച്ചിരിക്കുന്ന 15 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അവരില്‍ ഭൂരിഭാഗവും എന്നതാണ് പ്രതിസന്ധി വര്‍ധിപ്പിക്കുന്നത്.
കയറ്റുമതിയെ ബാധിക്കുകയും ആഗോള തലത്തില്‍ ഡിമാന്‍ഡ് കുറയുകയും ചെയ്യുന്നതോടെ ടെക്‌റ്റൈല്‍ (കോട്ടണ്‍ യാണ്‍) മേഖലയില്‍ 97,000 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കും. കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍ വിപണിയാണ് തിരിച്ചടി നേരിടുന്ന മറ്റൊരു മേഖല. 76,000 കോടി രൂപയുടെ നഷ്ടം ഈ മേഖലയ്ക്ക് ഉണ്ടാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇന്ത്യ ആവശ്യമായ ഉല്‍പ്പന്നങ്ങളില്‍ 45-50 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline