കോടീശ്വരന്‍മാരുടെ ലാസ് വെഗസ് ആകാന്‍ ഈ യു.എ.ഇ നഗരം

പഞ്ചനക്ഷത്ര ഹോട്ടലുകള്‍, വ്യവസായികള്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സാഹസിക വിനോദസഞ്ചാരികള്‍ എന്നിവരെ ആകര്‍ഷിക്കുന്ന ഒരു പ്രദേശമാണിത്

Update: 2023-07-14 11:27 GMT

Image: canva

ദുബായിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 45 മിനിറ്റ് അകലെയുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ വടക്കന്‍ പ്രദേശമാണ് റാസ് അല്‍ ഖൈമ. പര്‍വതശിഖരങ്ങള്‍ക്കും സെറാമിക്സ് കമ്പനിക്കും പേരുകേട്ട എമിറേറ്റ് ശതകോടിശ്വരന്‍മാരുടെ സങ്കേതമായി മാറാനൊരുങ്ങുകയാണെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്. ഇന്ന് പഞ്ചനക്ഷത്ര ഹോട്ടലുകള്‍, വ്യവസായികള്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സാഹസിക വിനോദസഞ്ചാരികള്‍ എന്നിവരെ ആകര്‍ഷിക്കുന്ന ഒരു പ്രദേശമാണിത്.

ആകര്‍ഷിക്കാന്‍ പദ്ധതികളേറെ

യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ പൗരത്വ-നിക്ഷേപ പദ്ധതി വഴി കൂടുതല്‍ സമ്പന്നരായ വ്യക്തികളെ ഇവിടേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ റാസ് അല്‍ ഖൈമക്ക് പ്രയോജനകരമാകുമെന്ന് ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്റുകളും ഉപദേശകരും അഭിപ്രായപ്പെട്ടതായി പറയുന്നു. ഡിജിറ്റല്‍, വെര്‍ച്വല്‍ അസറ്റ് കമ്പനികള്‍ക്കായി എമിറേറ്റ് ഒരു പുതിയ ഫ്രീ സോണും വികസിപ്പിക്കുന്നുണ്ട്. കൂടാതെ ഒരു സൂപ്പര്‍ ആഡംബര നൗക സ്റ്റോറേജ് സൗകര്യ പദ്ധതിയിലൂടെ റാസ് അല്‍ ഖൈമയെ ഒരു ആഡംബര നൗക് നിര്‍മ്മാണ ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ഗള്‍ഫിന്റെ ലാസ് വെഗസ്

യു.എ.ഇയ്ക്ക് ഏഴ് എമിറേറ്റുകളാണുള്ളത്. ഇതിൽ ചെറുതാണ് റാസ് അല്‍ ഖൈമ. അതിനാല്‍ പല ബൃഹത്തായ പദ്ധതികളും ഇവിടെ നടപ്പാക്കുന്നതില്‍ ധാരാളം തടസ്സങ്ങള്‍ നേരിടുന്നുണ്ട്. എന്നിരുന്നാല്‍ പോലും ദുബായ് കൂടുതല്‍ തിരക്കേറിയതും ചെലവേറിയതുമാകുമ്പോള്‍ റാസ് അല്‍ ഖൈമയുടെ ജനപ്രീതി ഉയരുകയാണ്.റാസ് അല്‍ ഖൈമയെ ചിലര്‍ ഗള്‍ഫിന്റെ ലാസ് വെഗസ് എന്ന് വിളിക്കപ്പെടുന്നു.

ഗെയിമിംഗ് റിസോര്‍ട്ടും പദ്ധതിയില്‍

റാസ് അല്‍ ഖൈമയില്‍ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വളര്‍ച്ചയുണ്ടായിട്ടിണ്ട്. ഒരു ഗെയിമിംഗ് റിസോര്‍ട്ടിന്റെ സാധ്യതയും റാസ് അല്‍ ഖൈമയില്‍ കാണുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത് യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സമ്പന്നരായ സന്ദര്‍ശകരെ ആകര്‍ഷിക്കും. ഇത് ദീര്‍ഘകാല സാമ്പത്തിക നേട്ടങ്ങളുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഡംബര ഹോട്ടലുകളില്‍ നിന്ന് ഇതിനകം തന്നെ ഗണ്യമായ നിക്ഷേപം എത്തിയിട്ടുണ്ട്. ഇത്തരം മാറ്റങ്ങളെല്ലാം വരുന്നതോടെ റാസ് അല്‍ ഖൈമ ശതകോടിശ്വരന്‍മാരുടെ സങ്കേതമായി മാറുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.


Tags:    

Similar News