നാല് വര്‍ഷം കൊണ്ട് ആറ് ലക്ഷം കോടിയുടെ ആസ്തി വിറ്റഴിക്കും; നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച എന്‍എംപി പദ്ധതി എന്താണ്?

അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാരിന്റെ നിക്ഷേപത്തേയും പൊതുസ്വത്തിനെയും ഉപയോഗിക്കുന്നതാണ് പദ്ധതി.

Update:2021-08-24 12:23 IST

ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത് പോലെ നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ (എന്‍എംപി)പദ്ധതിക്ക് കൂടുതല്‍ വിശദാംശങ്ങളുമായി സര്‍ക്കാര്‍. വരുന്ന നാല് വര്‍ഷം കൊണ്ട് ആറ് ലക്ഷം കോടി രൂപ മൂല്യം വരുന്ന ആസ്തികള്‍ വിറ്റഴിക്കുന്നതാണ് പദ്ധതി നടപ്പാക്കലിലൂടെ ലക്ഷ്യമിടുന്നത്. 12 മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി വ്യാപിച്ചുകിടക്കുന്ന 20 അസറ്റ് ക്ലാസുകള്‍ അസറ്റ് ധനസമ്പാദന പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

ദേശീയറോഡുകള്‍, റെയില്‍വേ, വൈദ്യുതി എന്നിവയാണ് പദ്ധതി നടപ്പിലാക്കുന്ന മൂന്ന് പ്രധാന മേഖലകള്‍. എന്‍ എം പിയില്‍ ഭൂമി ഉള്‍പ്പെടുന്നില്ല, എന്നാല്‍ ഇതിനകം തന്നെ നിക്ഷേപം നടത്തിയിട്ടുള്ള ബ്രൗണ്‍ ഫീല്‍ഡ് പ്രോജക്ടുകള്‍ ധനസമ്പാദനം നടത്തുന്നതിനുള്ള പദ്ധതിയില്‍ ഉള്‍പ്പെടുന്നതായാണ് ദേശീയ റിപ്പോര്‍ട്ടുകള്‍.
ആസ്തികള്‍ പൂര്‍ണമായും വിറ്റഴിക്കലല്ല, പകരം മെച്ചപ്പെട്ട രീതിയില്‍ അവയെ ഉപയോഗിക്കുന്നുവെന്ന് വേണം കണക്കാക്കാനെന്നും ധനമന്ത്രി പറഞ്ഞു. പദ്ധതിയില്‍ ഉള്‍പ്പെടുന്നവയുടെ ഉടമസ്ഥാവകാശം കേന്ദ്ര സര്‍ക്കാരിന് മാത്രമായിരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാരിന്റെ നിക്ഷേപത്തേയും പൊതുസ്വത്തിനെയും ഉപയോഗിക്കുകയാണ് മോണിറ്റൈസേഷന്‍ പൈപ്പ്ലൈന്‍ വഴി ചെയ്യുന്നതെന്ന് നീതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് അമിതാഭ് കാന്ത് വ്യക്തമാക്കി.


Tags:    

Similar News