ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 02, 2022
എല്‍ഐസി അടുത്തയാഴ്ച ഐപിഓയ്ക്കായി പേപ്പര്‍ സമര്‍പ്പിച്ചേക്കും. വരുമാനത്തില്‍ 16 ശതമാനം വര്‍ധന നേടി വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്. ജിഡിപി വളര്‍ച്ച 7.8 ശതമാനമായി കുറച്ച് ക്രിസില്‍. കുതിപ്പ് തുടര്‍ന്ന് ഓഹരി വിപണി. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍
എല്‍ഐസി ഐപിഒ: സെബിക്ക് അടുത്തയാഴ്ച പേപ്പര്‍ സമര്‍പ്പിക്കും
എല്‍ഐസിയുടെ ഇനിഷ്യല്‍ പബ്ലിക് ഓഫറിന്റെ കരട് രേഖകള്‍ അടുത്തയാഴ്ചയോടെ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് സര്‍ക്കാര്‍ സമര്‍പ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട്. ഇഷ്യുവിന്റെ ഒരു ഭാഗം ആങ്കര്‍ നിക്ഷേപകര്‍ക്കായി നീക്കിവെക്കുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
വി ഗാര്‍ഡ് മൂന്നാം പാദ വരുമാനത്തില്‍ 16 ശതമാനം വര്‍ധന
വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ 967.38 കോടി രൂപ ഏകീകൃത അറ്റവരുമാനം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 835.04 കോടി രൂപയില്‍ നിന്ന് ഇത്തവണ 16 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ പാദത്തില്‍ കമ്പനിയുടെ ഏകീകൃത അറ്റാദായം 53.92 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേപാദത്തില്‍ ഇത് 78.25 കോടി രൂപയായിരുന്നു. എല്ലാ വിഭാഗങ്ങളിലും വളര്‍ച്ച കൈവരിച്ചു. കിച്ചന്‍, കണ്‍സ്യൂമര്‍ ഉപകരണങ്ങളുടെ വില്‍പ്പനയില്‍ മികച്ച വര്‍ധനയുണ്ടായി. പണപ്പെരുപ്പവും ഉല്‍പ്പാദന ചെലവ് വര്‍ധിച്ചതും ഏകീകൃത വരുമാനത്തെ സ്വാധീനിച്ചു.
ജിഡിപി വളര്‍ച്ച 7.8 ശതമാനമായി കുറച്ച് ക്രിസില്‍
2023 സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച 7.8 ശതമാനമെന്ന് പ്രവചിച്ച് ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍. സാമ്പത്തിക സര്‍വേയില്‍ പ്രവചിച്ച 8.5 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് താഴെയാണ്. പ്രധാന സമ്പദ്വ്യവസ്ഥകള്‍ സാമ്പത്തിക ഉത്തേജന പദ്ധതികള്‍ പിന്‍വലിക്കുന്നതായി കാണുന്നു. അത് ഈ വര്‍ഷം ആഗോള വളര്‍ച്ച മന്ദഗതിയിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഏജന്‍സി പറഞ്ഞു.
ഡിജിറ്റല്‍ കറന്‍സിയില്‍ വ്യക്തതയുമായി പ്രധാനമന്ത്രി
ബജറ്റില്‍ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) പ്രഖ്യാപിച്ചതിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യവെ ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തമായ പരാമര്‍ശം നടത്തി. വരും വര്‍ഷങ്ങളില്‍ ഡിജിറ്റല്‍ കറന്‍സി ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും ആര്‍ബിഐ പിന്തുണയുള്ള സിബിഡിസിയെ സെന്‍ട്രല്‍ ബാങ്ക് നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുമെന്നും ഇന്ത്യയുടെ ഫിയറ്റ് കറന്‍സിയുടെ ഡിജിറ്റല്‍ അവതാരമാകുമിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കുതിപ്പ് തുടര്‍ന്ന് ഓഹരി വിപണി
ബജറ്റ് നല്‍കിയ ഉത്തേജനത്തെ തുടര്‍ന്നുള്ള കുതിപ്പ് ഇന്നും തുടര്‍ന്ന് ഓഹരി വിപണി. ആഗോള വിപണിയില്‍ നിന്നുള്ള ശുഭസൂചനകളും മുന്നേറ്റത്തിന് കാരണമായി. സെന്‍സെക്സ് 695.76 പോയ്ന്റ് ഉയര്‍ന്ന് 59558.33 പോയ്ന്റിലും നിഫ്റ്റി 203.20 പോയ്ന്റ് ഉയര്‍ന്ന് 17780 പോയ്ന്റിലും ക്ലോസ് ചെയ്തു. 2243 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1038 ഓഹരികളുടെ വിലയിടിഞ്ഞു. 90 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു.
ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, എച്ച് സി എല്‍ ടെക്നോളജീസ്, ബജാജ് ഫിനാന്‍സ്, എച്ച് ഡി എഫ് സി ലൈഫ് തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ടെക് മഹീന്ദ്ര, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, അള്‍ട്രാടെക് സിമന്റ്സ ഹീറോ മോട്ടോകോര്‍പ്, നെസ്ലെ ഇന്ത്യ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
എല്ലാ സെക്ടറല്‍ സൂചികകളും ഇന്ന് നേട്ടം രേഖപ്പെടുത്തി. ബാങ്ക്, റിയല്‍റ്റി, ഫാര്‍മ, എഫ്എംസിജി, ഐറ്റി, പി എസ് യു ബാങ്ക് സൂചികകള്‍ 1-3 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്കാപ്, സ്മോള്‍കാപ് സൂചികകള്‍ 1-1.5 ശതമാനം നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്നും നേട്ടമുണ്ടാക്കി. 19 കേരള ഓഹരികളുടെ വില വര്‍ധിച്ചു. കല്യാണ്‍ ജൂവലേഴ്സ് (4.04 ശതമാനം), അപ്പോളോ ടയേഴ്സ് (2.74 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ് (2.64 ശതമാനം), ഹാരിസണ്‍സ് മലയാളം (2.59 ശതമാനം), ഇന്‍ഡിട്രേഡ് (2.47 ശതമാനം) തുടങ്ങിയവയാണ് ഇന്ന് വില ഉയര്‍ന്ന കേരള ഓഹരികള്‍.
കേരളത്തില്‍ 52,199 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ബുധനാഴ്ച 52,199 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 41.88%.
24 മണിക്കൂറിനിടെ 1,24,611 സാംപിളാണു പരിശോധിച്ചത്. 29 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 56,100 ആയി. ഇന്ന് മാത്രം 41,715 പേര്‍ രോഗമുക്തി നേടി.