ദേശീയ പാതകളില്‍ ടോള്‍ കൂട്ടി, പന്നിയങ്കരയില്‍ ജനകീയ പ്രതിഷേധം
അഞ്ച് ശതമാനം വരെ നിരക്ക് വര്‍ധന
ഇന്ന് മുതല്‍ (ജൂണ്‍ 3) ടോള്‍നിരക്ക് ശരാശരി അഞ്ച് ശതമാനം വര്‍ധിപ്പിക്കാന്‍ ദേശിയപാതാ അതോറിറ്റി തീരുമാനിച്ചു. കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ നിരക്ക് പ്രാബല്യത്തിലാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മൂലം മാറ്റിവയ്ക്കുകയായിരുന്നു.
മൊത്തവിലസൂചികയുടെ (Wholesale price index/CPI) അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പത്തില്‍ വന്ന മാറ്റത്തെ അധിഷ്ഠിതമാക്കിയാണ് ടോള്‍ നിരക്കുകളില്‍ വാര്‍ഷിക വര്‍ധന വരുത്തുന്നത്.
ദേശീയപാത അതോറിറ്റിയുടെ നിരക്ക് ഈടാക്കുന്ന 855 ടോള്‍പ്ലാസകളാണ് രാജ്യത്തുള്ളത്. അതില്‍ 675 എണ്ണം സര്‍ക്കാര്‍ നിയന്ത്രിക്കുന്നതും 180 എണ്ണം റോഡ് വികസിപ്പിച്ച കമ്പനികളുടെ കീഴിലുള്ളതുമാണ്. ദേശീയ ഹൈവേസ് ഫീ നിയമത്തിന്റെ ഭാഗമായി എല്ലാവര്‍ഷവും ടോള്‍ നിരക്ക് പരിഷ്‌കരിക്കാറുണ്ട്.
കേരളത്തിൽ അടക്കം ഇന്നലെ അർദ്ധരാത്രി മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിലായി. പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയില്‍ ടോള്‍നിരക്ക് വര്‍ധനയ്‌ക്കെതിരെ വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ, സ്‌കൂള്‍ ബസ് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ഇന്നലെ പ്രിതിഷേധ സമരം സംഘടിപ്പിച്ചു.