ഇന്ത്യക്കാർ സമ്മാനമായി വിദേശത്തേക്ക് അയച്ചത് ₹25,000 കോടി; എന്‍.ആര്‍.ഐ നിക്ഷേപത്തിലും 70% കുതിപ്പ്

പുറത്തേക്കുള്ള പണമൊഴുക്കും ശക്തം

Update: 2024-03-20 10:10 GMT
ഇന്ത്യയിലേക്കുള്ള എന്‍.ആര്‍.ഐ ഡെപ്പോസിറ്റുകളില്‍ (Non-Resident Deposits) നടപ്പ് സാമ്പത്തിക വര്‍ഷം (2023-24) ഏപ്രില്‍ മുതല്‍ ജനുവരി വരെ 1,016 കോടി ഡോളറിന്റെ (ഏകദേശം 83,830 കോടി രൂപ) നിക്ഷേപമെത്തിയതായി റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. മുന്‍വര്‍ഷത്തെ സമാനകാലത്തെ 596.4 കോടി ഡോളറിനേക്കാള്‍ (49,501 കോടി രൂപ) 70.35 ശതമാനം അധികമാണിത്.
ഫോറിന്‍ കറന്‍സി നോണ്‍-റെസിഡന്റ് (FCNR) അക്കൗണ്ടുകളിലേക്കുള്ള പണമൊഴുക്ക് 128 കോടി ഡോളറില്‍ (10,600 കോടി രൂപ) നിന്ന് 415 കോടി ഡോളറായും (34,400 കോടി രൂപ) ഉയര്‍ന്നു. മൊത്തം എന്‍.ആര്‍.ഐ ഡെപ്പോസിറ്റ് 13,682 കോടി ഡോളറില്‍ (11.35 ലക്ഷം കോടി രൂപ) നിന്ന് 14,690 കോടി ഡോളറായും (12.19 ലക്ഷം കോടി രൂപ) വര്‍ദ്ധിച്ചു. മൊത്തം എഫ്.സി.എന്‍.ആര്‍ നിക്ഷേപം 1,820 കോടി ഡോളറില്‍ (1.51 ലക്ഷം കോടി രൂപ) നിന്ന് 2,351 കോടി ഡോളറായും (1.95 ലക്ഷം കോടി രൂപ) ഉയര്‍ന്നിട്ടുണ്ട്.
വിദേശത്തേക്കും വന്‍തോതില്‍ പണമൊഴുക്ക്
റിസര്‍വ് ബാങ്കിന്റെ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം (LRS) വഴി നടപ്പുവര്‍ഷം ഏപ്രില്‍-ജനുവരിയില്‍ ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് ഒഴുകിയത് 24 ശതമാനം വളര്‍ച്ചയോടെ 2,742 കോടി ഡോളറാണ് (2.27 ലക്ഷം കോടി രൂപ).
വിദേശയാത്രകള്‍ക്കായുള്ള ചെലവ് 30.67 ശതമാനം ഉയര്‍ന്ന് 1,495 കോടി കോടി ഡോളറിലെത്തി (1.24 ലക്ഷം കോടി രൂപ). വിദേശത്തെ അടുത്തബന്ധുക്കള്‍ക്ക് നല്‍കുന്ന പണത്തിന്റെ അളവ് 22.67 ശതമാനം ഉയര്‍ന്ന് 395 കോടി ഡോളറായി (32,800 കോടി രൂപ). വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ചെലവാക്കുന്ന പണം 2.02 ശതമാനം വര്‍ദ്ധിച്ച് 304 കോടി ഡോളറുമായിട്ടുണ്ട് (25,300 കോടി രൂപ).
സമ്മാനങ്ങള്‍ നല്‍കാനായി 303 കോടി ഡോളറാണ് (25,150 കോടി രൂപ) ഇന്ത്യക്കാര്‍ വിദേശത്ത് ചെലവിട്ടത്; 31.17 ശതമാനമാണ് വളര്‍ച്ച. ഇക്വിറ്റി, കടപ്പത്രം എന്നിവയിലേക്കുള്ള ചെലവ് 29.21 ശതമാനം ഉയര്‍ന്ന് 115 കോടി ഡോളറിലുമെത്തിയെന്ന് (9,500 കോടി രൂപ) റിസര്‍വ് ബാങ്ക് പറയുന്നു.
Tags:    

Similar News