കുടിശിക തരും: എയര്‍ ഇന്ത്യ ; ഇന്ധനക്കമ്പനികള്‍ അയഞ്ഞു

Update:2019-10-18 16:21 IST

ഇന്ധനക്കമ്പനികള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഉടന്‍ അടച്ച് തീര്‍ക്കാമെന്ന് എയര്‍ ഇന്ത്യ രേഖാമൂലം ഉറപ്പുനല്‍കി. ഇന്നു മുതല്‍ ആറ് പ്രധാന വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യക്ക് ഇന്ധനം നല്‍കില്ലെന്ന നിലപാടില്‍ നിന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച്പിസിഎല്‍), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബിപിസിഎല്‍) എന്നീ സര്‍ക്കാര്‍ കമ്പനികള്‍ ഇതോടെ പിന്മാറി.

കൊച്ചി, മൊഹാലി, പുണെ, പട്ന, റാഞ്ചി, വിശാഖപട്ടണം വിമാനത്താവളങ്ങളിലാണ് എയര്‍ ഇന്ത്യക്കുള്ള ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം (എടിഎഫ്) വിതരണം  നിര്‍ത്തുമെന്നു കമ്പനികള്‍ അറിയിച്ചിരുന്നത്.ഈ ആറ് വിമാനത്താവളങ്ങളിലായി 5,000 കോടിയിലേറെ രൂപയാണ് എയര്‍ ഇന്ത്യ കുടിശ്ശികയാക്കിയിട്ടുള്ളത്. കഴിഞ്ഞ പത്ത് മാസമായി  പലിശ സഹിതമാണ് ഇത്രയും കുടിശ്ശികയായത്. ഈ വിമാനത്താവളങ്ങളില്‍ പ്രതിദിനം 250 കിലോ ലിറ്റര്‍ ഇന്ധനമാണ് എയര്‍ ഇന്ത്യ ഉപയോഗിക്കുന്നത്.

പെട്രോളിയം കമ്പനികളില്‍ നിന്ന് ഇന്ധനം വാങ്ങിയാല്‍ മൂന്ന് മാസത്തിനകം പണം നല്‍കണമെന്നാണ് കരാര്‍. കുടിശ്ശികയുടെ ഒരു ഭാഗം ഉടന്‍ തന്നെ നല്‍കാമെന്നാണ് എയര്‍ ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചത്. നിലവില്‍ 58,000 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ മൊത്തം കടം.

Similar News