കേരളത്തിന്റെ ആഴക്കടലില്‍ ക്രൂഡോയില്‍, ഗ്യാസ് സാന്നിധ്യം? പര്യവേക്ഷണത്തിന് ഒ.എന്‍.ജി.സി വരുന്നു
നേരത്തെയും പര്യവേക്ഷണങ്ങള്‍ നടത്തിയെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല
കേരളത്തിന്റെ ആഴക്കടലില്‍ ക്രൂഡോയില്‍, വാതക സാന്നിധ്യമുണ്ടെന്ന് കരുതുന്ന മേഖലകളില്‍ വീണ്ടും പര്യവേക്ഷണത്തിന് കളമൊരുങ്ങുന്നു. കൊച്ചിയിലും കൊല്ലത്തും ഉള്‍പ്പെടെ 19 ബ്ലോക്കുകളിലാണ് ക്രൂഡോയില്‍, വാതക സാന്നിധ്യം സംശയിക്കുന്നത്.
നേരത്തെയും ഈ ബ്ലോക്കുകളില്‍ പര്യവേക്ഷണം നടന്നിരുന്നെങ്കിലും കൃത്യമായ ഫലം ലഭിച്ചിരുന്നില്ല. അടുത്തിടെ പൊതുമേഖലാ എണ്ണക്കമ്പനിയായ ഓയില്‍ ഇന്ത്യ കൊല്ലത്തെ എണ്ണക്കിണറിലും പര്യവേക്ഷണം നടത്തിയിരുന്നു; ഇതും പൂര്‍ണമായിട്ടില്ല. കൊല്ലം മേഖലയില്‍ പര്യവേക്ഷണത്തിനുള്ള ടെന്‍ഡര്‍ നേടിയത് ഓയില്‍ ഇന്ത്യയാണ്.
കൊടുങ്ങല്ലൂരിന് സമീപവും അസംസ്‌കൃത എണ്ണയുടെ സാന്നിധ്യം സംശയിച്ചിരുന്നെങ്കിലും സ്ഥിരീകരിക്കുന്ന തെളിവുകള്‍ ലഭിക്കാത്തതിനാല്‍ പൊതുമേഖലാ എണ്ണക്കമ്പനിയായ ഒ.എന്‍.ജി.സി ഇവിടെ നേരത്തേ നടത്തിയിരുന്ന പര്യവേക്ഷണം അവസാനിപ്പിച്ചു.
കേരള-കൊങ്കണ്‍ ബേസിന്‍
കേരള-കൊങ്കണ്‍ മേഖലയില്‍ ക്രൂഡോയില്‍, വാതക പര്യവേക്ഷണത്തിനുള്ള അടുത്ത ലേലത്തില്‍ സംബന്ധിക്കുമെന്ന് ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒ.എന്‍.ജി.സി) വ്യക്തമാക്കിയിട്ടുണ്ട്.
പര്യവേക്ഷണ നടപടികള്‍ തുടങ്ങാന്‍ രണ്ടുമുതല്‍ മൂന്നുവര്‍ഷം വരെ വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. 20,000 വരെ മീറ്റര്‍ വരെ ആഴത്തിലാണ് പര്യവേക്ഷണം. ആഴക്കടലില്‍ പ്രത്യേക പ്ലാറ്റ്‌ഫോമുകള്‍ സ്ഥാപിച്ചായിരിക്കും പര്യവേക്ഷണ നടപടികള്‍.
ക്രൂഡോയില്‍, വാതക സാന്നിധ്യം ഉറപ്പിക്കാനാകുമോ എന്നത് സംബന്ധിച്ച പര്യവേക്ഷണ നടപടികളാണ് ആദ്യഘട്ടത്തില്‍ നടത്തുക. സാന്നിധ്യം ഉറപ്പിക്കാവുന്ന തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. കന്യാകുമാരി മേഖലയിലും ഗള്‍ഫ് ഓഫ് മാന്നാറിലും ഒ.എന്‍.ജി.സിയുടെ പര്യവേക്ഷണം വൈകാതെ ആരംഭിക്കും.
എന്താണ് നേട്ടം?
നിലവില്‍ ഉപഭോഗത്തിനുള്ള ക്രൂഡോയിലിന്റെ 85-90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. 10-15 ശതമാനം ക്രൂഡോയില്‍ മാത്രമാണ് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത്. കേരളമടക്കം ദക്ഷിണേന്ത്യയുടെ ആഴക്കടലില്‍ എണ്ണശേഖരം കണ്ടെത്തിയാല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് അത് വലിയ സാമ്പത്തിക നേട്ടമാകും സമ്മാനിക്കുക.