കൂടുതല്‍ പണം ഇന്ത്യയ്ക്ക്; ഐ.സി.സിയുടെ വരുമാന വീതംവയ്പ്പില്‍ പാകിസ്ഥാന് അതൃപ്തി
ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് ഐ.സി.സിയുടെ ധനകാര്യസമിതി മേധാവി
ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി) 2024-27 സീസണിലെ വരുമാന വീതംവയ്പ്പ് രീതിക്കെതിരെ പ്രതിഷേധവുമായി പാകിസ്ഥാന്‍. ഐ.സി.സിയുടെ പുതിയനീക്ക പ്രകാരം മൊത്തം വരുമാനത്തിന്റെ 38.5 ശതമാനം ഇന്ത്യയുടെ ക്രിക്കറ്റ് ബോര്‍ഡായ ബി.സി.സി.ഐയ്ക്ക് ലഭിക്കും. ഇംഗ്ലണ്ടിന് 6.89 ശതമാനവും ഓസ്‌ട്രേലിയ്ക്ക് 6.25 ശതമാനവും വരുമാനമാണ് വിലയിരുത്തുന്നത്. പാകിസ്ഥാന് ലഭിക്കുക 5.75 ശതമാനം.
ടെസ്റ്റ് ടീമുകള്‍ക്ക് 88 ശതമാനം
ഐ.സി.ഐയിലെ 12 ടെസ്റ്റ്-പദവിയുള്ള രാജ്യങ്ങള്‍ക്കും കൂടി ലഭിക്കുക മൊത്തം വരുമാനത്തിന്റെ 88.81 ശതമാനമാണ്. ബാക്കി 96 അസോസിയേറ്റ് രാജ്യങ്ങള്‍ക്കും വീതിച്ച് നല്‍കും. ബി.സി.സി.ഐ സെക്രട്ടറിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷായാണ് ഐ.സി.സിയുടെ ഫൈനാന്‍സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ അഫയേഴ്‌സ് കമ്മിറ്റി മേധാവി. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് വരുമാന വീതംവയ്പ്പ് ഫോര്‍മുല തയ്യാറാക്കുന്നത്.
വരുമാന വിതരണം സംബന്ധിച്ച് ജൂണില്‍ ചേരുന്ന ഐ.സി.സി യോഗമേ തീരുമാനിക്കൂ എങ്കിലും ക്രിക്ക്ഇന്‍ഫോയാണ് വിതരണ ഫോര്‍മുല സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഐ.സി.സിയുടെ മൊത്തം വരുമാനത്തില്‍ 80 ശതമാനവും ലഭിക്കുന്നത് ഇന്ത്യയിലെ മത്സരങ്ങളില്‍ നിന്നാണ്. ഈ പശ്ചാത്തലത്തിലാണ് മൊത്തം വരുമാനത്തിന്റെ മുന്തിയപങ്ക് ബി.സി.സി.ഐയ്ക്ക് നല്‍കുന്നതും. 2024-27 സീസണില്‍ ഇന്ത്യയിലെ മത്സരങ്ങളുടെ സംപ്രേക്ഷണാവകാശത്തിനായി (മീഡിയ റൈറ്റ്‌സ്) ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറുമായി 300 കോടി ഡോളറിന്റെ (ഏകദേശം 24,000 കോടി രൂപ) ധാരണയില്‍ ഐ.സി.സി എത്തിയിട്ടുണ്ട്.
താത്പര്യം ഇന്ത്യയോട്
ഇന്ത്യയ്ക്ക് അനുകൂലമായാണ് മത്സരങ്ങളും വരുമാനവും തീരുമാനിക്കപ്പെടുന്നതെന്നും ഇതിനോടാണ് എതിര്‍പ്പുമെന്നുമാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) വ്യക്തമാക്കുന്നത്. ഈ വര്‍ഷം സെപ്തംബറില്‍ പാകിസ്ഥാനില്‍ നടക്കുന്ന ഏഷ്യ കപ്പില്‍ പങ്കെടുക്കാന്‍ ടീമിനെ അയക്കില്ലെന്ന് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഈ വര്‍ഷാവസാനം ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാനും വെല്ലുവിളിച്ചിട്ടുണ്ട്. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്ഥാന് പകരം ദുബായില്‍ നടത്താമെന്ന് പി.സി.ബി പറഞ്ഞെങ്കിലും ബി.സി.സി.ഐ പ്രതികരിച്ചിട്ടില്ല.