കടത്തില്‍ മുങ്ങിയ പാകിസ്ഥാനെ കൃത്രിമ മഴയില്‍ മുക്കി യു.എ.ഇ

നടപ്പുസാമ്പത്തിക വര്‍ഷം പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ ചുരുങ്ങുമെന്ന് കണക്കാക്കപ്പെടുന്ന സാഹചര്യത്തിലാണ് യു.എ.ഇയുടെ ഇടപെടല്‍

Update: 2023-12-18 07:27 GMT

Image courtesy: canva

അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തില്‍ കുപ്രസിദ്ധമാണ് പാകിസ്ഥാന്‍ നഗരങ്ങള്‍. മലിനീകരണത്തെ ചെറുക്കുന്നതിനായി പാകിസ്ഥാനില്‍ ആദ്യമായി കൃത്രിമ മഴ (blueskying) പെയ്യിച്ചിരിക്കുകയാണ് യു.എ.ഇ. ക്ലൗഡ് സീഡിംഗ് ഉപകരണങ്ങള്‍ ഘടിപ്പിച്ച യു.എ.ഇയില്‍ നിന്നുള്ള വിമാനങ്ങള്‍ ലാഹോറിന് മുകളിലൂടെ പറന്നതോടെ ലാഹോറിലെ 10 പ്രദേശങ്ങളിലെങ്കിലായി 15 കിലോമീറ്റര്‍ ചുറ്റളവില്‍ ചാറ്റല്‍ മഴ പെയ്തു.

വായു മലിനീകരണം വഷളായി

വ്യാവസായിക മേഖലകളില്‍ നിന്നും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉള്‍പ്പെടെ പുറംന്തള്ളുന്നത്, ഇഷ്ടിക ചൂളകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നുമുള്ള പുക, വിളകളുടെ അവശിഷ്ടങ്ങളും പൊതുമാലിന്യങ്ങളും കത്തിക്കുന്നത് എന്നിവ പാകിസ്ഥാനിലെ മധ്യ പഞ്ചാബ് പ്രവിശ്യയില്‍ വായു മലിനീകരണത്തിനും പുകമഞ്ഞും ഉണ്ടാക്കുന്നതിന് കാരണമാകുന്നതായി വിദഗ്ധര്‍ പറയുന്നു. ശീതകാലത്ത് നഗരത്തിലെ 1.1 കോടിയിലധികം നിവാസികളെ ബാധിക്കുന്ന വിഷ പുകമഞ്ഞ് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ലാഹോറാണ്.

യു.എ.ഇയുടെ ഇടപെടല്‍

കഴിഞ്ഞ കുറച്ച് നാളുകളായി ലാഹോറിൽ വായുവിന്റെ ഗുണനിലവാരം വളരെ മോശമായി തുടരുന്നത് വ്യാപാരം ഉള്‍പ്പെടെ നിത്യജീവിതത്തെ പ്രതികൂലമായി ബാധിച്ചു. ഇതോടെയാണ് കൃത്രിമ മഴ പെയ്യിക്കാന്‍ യു.എ.ഇയില്‍ നിന്ന് സംഘമെത്തിയത്. പാകിസ്ഥാനില്‍ നിലവിലുള്ള മലിനീകരണം കണക്കിലെടുത്താല്‍ ചെറിയ മഴ പോലും മലിനീകരണം കുറയ്ക്കുന്നതിന് ഫലപ്രദമാണെന്ന് വിദഗ്ധര്‍ പറയുന്നു. ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ ചുരുങ്ങുമെന്ന് കണക്കാക്കപ്പെടുന്ന സാഹചര്യത്തിലാണ് യു.എ.ഇയുടെ ഇടപെടല്‍. 



Tags:    

Similar News