നടുവൊടിഞ്ഞെന്ന് ജനം; ചര്‍ച്ചയായി ലോക്ഡൗണ്‍ കാലത്തെ പെട്രോള്‍ ഡീസല്‍ വില വര്‍ധന

ഈ മാസം ഇത് എട്ടാം തവണയാണ് രാജ്യത്ത് ഇന്ധന വില വര്‍ധിക്കുന്നത്.

Update:2021-05-14 15:22 IST

ഇന്നും പെട്രോള്‍, ഡീസല്‍ വില വര്‍ധനവ്. പുതിയ റെക്കോര്‍ഡ് ഉയരത്തിലാണ് ഇന്ധനവില എത്തിയിട്ടുള്ളത്. പെട്രോളിന് ലിറ്ററിന് 29 പൈസയും ഡീസലിന് 34 പൈസയുമാണ് വര്‍ധിച്ചിട്ടുള്ളത്. ഈ മാസം ഇത് എട്ടാം തവണയാണ് രാജ്യത്ത് ഇന്ധന വില വര്‍ധിക്കുന്നത്. കഴിഞ്ഞ ആഴ്ച തുടര്‍ച്ചയായ നാലു ദിവസം പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചിരുന്നു. ഈ മാസം രാജ്യതലസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 1.94 രൂപയും ഡീസലിന് 2.22 രൂപയുമാണ് കൂടിയത്. ഇന്നത്തെ കൂടി വില വര്‍ധനവായപ്പോള്‍ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 92.34 രൂപയും ഡീസലിന് 82.95 രൂപയുമാണ്.

മുംബൈയില്‍ പെട്രോള്‍ വില 98.65 രൂപയാണ്. ഡീസല്‍ വില മുംബൈയില്‍ 90 കടന്നു. 90.11 രൂപയാണ് മുംബൈയില്‍ ഇന്ന് ഒരു ലിറ്റര്‍ ഡീസലിന്. ജനുവരിയിലും ഫെബ്രുവരിയിലും ഇന്ധന വില വര്‍ധിച്ചിരുന്നു. ഫെബ്രുവരി 27ന് ഇന്ധന വില റെക്കോര്‍ഡിലെത്തി. 24 ദിവസം വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നശേഷം മാര്‍ച്ച് 24, 25 തീയതികളിലും മാര്‍ച്ച് 30നും എണ്ണ കമ്പനികള്‍ വിലയില്‍ നേരിയ കുറവുവരുത്തി. തുടര്‍ന്ന് 15 ദിവസം വില മാറ്റമില്ലാതെ തുടര്‍ന്നശേഷം ഏപ്രില്‍ 15നും വില കുറച്ചു. പിന്നീട് 18 ദിവസം വില മാറ്റമില്ലാതെ തുടര്‍ന്നശേഷം മെയ് നാലിനായിരുന്നു വീണ്ടും വില വര്‍ധിപ്പിച്ചു തുടങ്ങിയത്.
അതേസമയം, രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറഞ്ഞു. പ്രധാന എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയിലെ പല സംസ്ഥാനങ്ങള്‍ കോവിഡ് ലോക്ക്ഡൗണിലേക്ക് പോയത് ആവശ്യകത കുറച്ചിട്ടുണ്ട്. ബ്രെന്റ് ക്രൂഡോയില്‍ വില 10 സെന്റ് താഴ്ന്ന് ബാരലിന് 66.95 ഡോളറിനാണ് ഇന്ന് വ്യാപാരം നടക്കുന്നത്. യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡോയില്‍ വില മൂന്ന് സെന്റ് താഴ്ന്ന് ബാരലിന് 63.79 ഡോളറിനാണ് വ്യാപാരം നടക്കുന്നത്.
സംസ്ഥാനത്തെ നിരക്കുകള്‍ പരിശോധിച്ചാല്‍ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 94.32 രൂപയായി ഉയര്‍ന്നു. ഡീസലിന് 89.18 രൂപയാണ്.കൊച്ചിയില്‍ പെട്രോളിന് 92.52 രൂപയും ഡീസലിന് 87.52 രൂപയുമാണ്. കോവിഡ് ലോക്്ഡൗണ്‍ കാലത്തും വില വര്‍ധനവ് തുടരുന്നതിനെക്കുറിച്ച് കടുത്ത വിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോള്‍ ഡീസല്‍ വില (ലിറ്ററിന്)
തിരുവനന്തപുരം- 94.32/ 89.18
എറണാകുളം- 92.47 / 87.45
തൃശ്ശൂര്‍- 93.30/ 88.22
ആലപ്പുഴ - 93.34 / 88.27
കോഴിക്കോട്- 92.80 / 87.78
ഇടുക്കി - 92.81/ 87.77
കണ്ണൂര്‍- 92.76 / 87.74
കാസര്‍ഗോഡ് - 93.14/ 88.10
കൊല്ലം - 93.79/ 88.69
കോട്ടയം- 93.01/ 87.96
മലപ്പുറം- 93.51 / 88.45
പാലക്കാട്- 94.18/ 89.07
പത്തനംതിട്ട- 93.67/ 88.57
വയനാട് - 93.81 / 88.67


Tags:    

Similar News