ഇതുവരെ കണക്കാക്കിയതിനേക്കാള്‍ ഗുരുതരമായ പ്രതിസന്ധിയാണ് ആഗോള തലത്തില്‍ സമ്പദ് വ്യവസ്ഥകള്‍ അഭിമുഖീകരിക്കുന്നതെന്നും വീണ്ടെടുക്കലിന്റെ പാത അഗാധമായ അനിശ്ചിതത്വത്തിലാണെന്നും ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ്. കൊറോണ വൈറസ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി തികച്ചും ആഗോളമാണെന്നും മുന്‍കാല പ്രതിസന്ധികളേക്കാള്‍ വ്യത്യസ്തമായാണ് അത് പ്രവര്‍ത്തിക്കുന്നതെന്നും ബ്ലോഗിലെ കുറിപ്പില്‍ അവര്‍ ചൂണ്ടിക്കാട്ടി.
ഉല്‍പാദന മേഖലകളേക്കാള്‍ സേവന മേഖലയെയാണ് പ്രതിസന്ധി കൂടുതല്‍ ബാധിക്കുന്നതെന്ന് ഗീതാ ഗോപിനാഥ് പറഞ്ഞു. യഥാര്‍ത്ഥ സമ്പദ്വ്യവസ്ഥയില്‍ നിന്ന് ധനവിപണി വ്യതിചലിക്കുന്ന പ്രവണതയാണുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇത് ധന വിപണികളില്‍ കൂടുതല്‍ ചാഞ്ചാട്ടത്തിനും മൂര്‍ച്ചയുള്ള തിരുത്തലുകള്‍ക്കും കാരണമാകും.പല രാജ്യങ്ങളിലും സമ്പദ്വ്യവസ്ഥ വീണ്ടും തുറക്കുന്നതിന്റെ സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും പുതിയ വൈറസ് ബാധാ തരംഗങ്ങളും ലോക്ക്ഡൗണ്‍ നടപടികളും മൂലം കാര്യങ്ങള്‍ വീണ്ടും അപകടത്തിലായി.
സാമൂഹിക ഇടപെടല്‍ കുറയ്ക്കുന്നതില്‍ ഉപയോക്താക്കള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരാനാണു സാധ്യത.ഇതു മൂലം ഡിമാന്‍ഡ് താഴുമെന്ന ഭീഷണി നിലനില്‍ക്കുന്നു.ലോക്ക്ഡൗണില്‍ നിന്ന് നേരത്തേ പുറത്തുകടന്ന ചൈനയില്‍, സേവന മേഖലയുടെ വീണ്ടെടുക്കല്‍ പിന്നിലാണ്. ഹോസ്പിറ്റാലിറ്റി, യാത്രാ മേഖലകളിലും തിരിച്ചുവരവ് മന്ദഗതിയിലാണ്.
ടൂറിസത്തെ ആശ്രയിക്കുന്ന സമ്പദ്വ്യവസ്ഥകളിലെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മാന്ദ്യം ഒരു പ്രത്യേക ആശങ്കയാണ്. തൊഴിലവസരം ചുരുങ്ങുന്ന മേഖലകളില്‍ നിന്ന് മെച്ചപ്പെട്ട മേഖലകളിലേക്ക് തൊഴിലാളികളെ പുനര്‍വിന്യസിക്കുന്നതിനുള്ള നയങ്ങള്‍ സര്‍ക്കാരുകള്‍ പിന്തുടരണമെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.
ഐഎംഎഫ് ലോക സാമ്പത്തിക വീക്ഷണങ്ങള്‍ ജൂണ്‍ 24 ന് പുതുക്കും. 2020 ല്‍ ആഗോള മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ 3 ശതമാനം സങ്കോചമുണ്ടാകുമെന്ന മുന്‍ പ്രവചനം ഇതിലൂടെ താഴേക്ക് പരിഷ്‌കരിക്കാന്‍ സാധ്യതയുണ്ടെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലിന ജോര്‍ജിവ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline