രത്തന്‍ ടാറ്റ പറയുന്നു, സമ്പദ് രംഗത്തെ തിരിച്ചുകൊണ്ടുവരാന്‍ ചെയ്യണം ഈ മൂന്ന് കാര്യങ്ങള്‍!

Update:2020-04-28 13:17 IST

'ആരോഗ്യ സംരക്ഷണ മേഖലയുടെ പുന:സംഘടന, വ്യവസായിക രംഗത്തിന്റെ വീണ്ടെടുക്കല്‍, വളര്‍ച്ചാ പുനര്‍നിര്‍മാണം' -കോവിഡ് പ്രതിസന്ധി അവസാനിച്ചു കഴിഞ്ഞാല്‍ സമ്പദ്വ്യവസ്ഥയെ സാധാരണ നിലയിലേക്ക് കൊണ്ടു വരാന്‍ ഈ മൂന്ന് പ്രധാന മേഖലകളിലാക്കാണ് താന്‍ നോക്കേണ്ടതെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എമിരിറ്റസ് രത്തന്‍ ടാറ്റ പറയുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ബിസിനസ് ന്യൂസ് പോര്‍ട്ടലായ ലൈവ് മിന്റിന് നല്‍കിയ അഭിമുഖത്തിലാണ് രത്തന്‍ ടാറ്റ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

ആരോഗ്യ മേഖലയുടെ പുന:സംഘടന:

വൈറസ് വ്യാപനത്തിന്റെ പ്രത്യാഘാതം, ചികിത്സ, രാജ്യത്തെ തുടര്‍ച്ചയായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, പ്രശ്‌നങ്ങളെ മറികടക്കുന്ന വിധം ഇവയൊക്കെയാണ് ആദ്യം വരുന്നത്. ഒപ്പം കോവിഡ് മൂലമുണ്ടായിട്ടുള്ള സമ്പദ്വ്യവസ്ഥയിലെ സമ്മര്‍ദ്ദത്തെ എങ്ങനെ നേരിടാമെന്നതും പ്രധാനമാണ്.

വ്യവസായിക വീണ്ടെടുക്കല്‍:

രണ്ടാമത്തേത് ഇക്കണോമിയിലെ ഡിമാന്‍ഡ് സൈഡ് പുനര്‍നിര്‍മിക്കുകയാണ്. ഡിമാന്‍ഡില്‍ വര്‍ധനയുണ്ടായില്ലെങ്കില്‍ വിതരണ ശൃംഖലയും തൊഴില്‍ ശക്തിയും തിരികെ കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല. ധനലഭ്യത, ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്നതിനുള്ള എളുപ്പം എന്നിവയ്‌ക്കൊപ്പം രാജ്യത്തിന്റെ സാമ്പത്തിക കാലാവസ്ഥയെ ലഘൂകരിക്കലും ആവശ്യമാണ്.

റോഡ് കണക്റ്റിവിറ്റി, കാര്‍ഷിക വികസനം തുടങ്ങിയ അടിസ്ഥാന സൗ കര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനെക്കുറിച്ചും നാം നോക്കേണ്ടതുണ്ട്. ചില മേഖലകളില്‍ വൈദ്യുതിയുടെ മിച്ചമുണ്ടെന്ന് തോന്നുന്നു. മൂലധന-ചെലവ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാള്‍, ശരിയായ സമയത്ത് ചെയ്യേണ്ട ശരിയായ കാര്യങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ വിശാലമായി ചിന്തിക്കേണ്ടത്. ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ഇനി വലിയ ഡിമാന്‍ഡുണ്ടാകില്ല, മതിയായ മാര്‍ജിനുകള്‍ ലക്ഷ്യമിട്ടിരിക്കുന്ന വലിയ ശേഖരമുണ്ടു താനും.

അതിനാല്‍ കുറഞ്ഞ വിലയില്‍ കടലിലോ കരയിലോ കരുതല്‍ ശേഖരം സൂക്ഷിക്കുകയും പിന്‍വലിക്കാന്‍ ഉചിതമായ സമയത്തിനായി കാത്തിരിക്കുകയും ചെയ്യാം. കാലാവസ്ഥാ വ്യതിയാനം, ഫോസില്‍ ഇന്ധനങ്ങള്‍, മൊബിലിറ്റി എന്നിവയെക്കുറിച്ചുള്ള മുഴുവന്‍ കാഴ്ചപ്പാടും ഇത് മാറ്റിയേക്കാം. ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള തീവ്രമായ പദ്ധതികളിലും മാറ്റമുണ്ടായേക്കാം.

വളര്‍ച്ചാ പുനര്‍നിര്‍മ്മാണം:

കൂടുതല്‍ ആളുകളും ശ്രദ്ധ കൊടുക്കുന്ന ഒരു മേഖലയാണിത്. വ്യവസായങ്ങളുടെ പൊതുവായ വളര്‍ച്ച, ബിസിനസ്-ടു-ബിസിനസ്, ബിസിനസ്-ടു-കണ്‍സ്യൂമര്‍ ഇതാണ് ഇതില്‍ വരുന്നത്.് ലാഭം നേടാനും വളര്‍ച്ച കൈവരിക്കാനുമുള്ള കമ്പനികളുടെ കഴിവിനെ ആശ്രയിച്ചിരിക്കുമിത്. വലിയ തോതിലുള്ള മൂലധനവും അന്താരാഷ്ട്ര വ്യാപാരവുമൊക്കെ ഇത് ആവശ്യപ്പെടും. എന്നാല്‍ പുതിയ സാഹചര്യത്തില്‍ തങ്ങളുടെ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി എളുപ്പത്തിലുള്ള ലോക വ്യാപാരത്തെ പ്രതിരോധിക്കുന്ന ചില ആഗോള വിപണികളുണ്ടാകും. കരുത്തുറ്റ സ്ഥാപനങ്ങള്‍ വിവിധ രാജ്യങ്ങളില്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള ഇത്തരം താരിഫ് ഇതര തടസങ്ങളെ മറികടക്കാന്‍ സാധിക്കുമെന്ന് ഉറപ്പു വരുത്തണം.

എന്റെ കാഴ്ചപ്പാടില്‍, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്, മലിനീകരണത്തിന്റെ കാര്യത്തില്‍ സ്വീകാര്യമായ അളവിലുള്ള ചില ഇളവുകള്‍, നിശ്ചയിച്ചിട്ടുള്ള ചില ലക്ഷ്യങ്ങളിലുള്ള ഇളവുകള്‍ എന്നിവയൊക്കെ നല്‍കേണ്ടതുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News