തീരുമാനം വെള്ളിയാഴ്ച, ഇത്തവണ പലിശ നിരക്ക് എത്ര ശതമാനം ഉയരും ?

ഈ മാസം 28 മുതല്‍ 30വരെയാണ് ആര്‍ബിഐ മോണിറ്ററി പോളിസി കമ്മിറ്റിയുടെ (MPC) യോഗം നടക്കുന്നത്.

Update:2022-09-26 19:30 IST

പണപ്പെരുപ്പത്തെ പിടിച്ചു നിര്‍ത്താന്‍ ലോകരാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളെല്ലാം പലിശ നിരക്ക് വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ മെയ് മുതല്‍ മൂന്ന് ഘട്ടങ്ങളിലായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) റീപോ നിരക്ക് (Repo Rate) 1.4 ശതമാനം ആണ് വര്‍ധിപ്പിച്ചത്. നിരക്ക് വര്‍ധനവ് സംബന്ധിച്ച തീരുമാനം എടുക്കുന്ന ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി (MPC) യോഗം ഈ മാസം 28 മുതല്‍ 30 വരെയാണ്.

രാജ്യത്തെ ബാങ്കുകള്‍ക്ക് ആര്‍ബിഐ വായ്പ നല്‍കുന്ന പലിശ നിരക്ക് (റീപോ റേറ്റ്) വീണ്ടും ഉയര്‍ത്തിയേക്കും. സെപ്റ്റംബര്‍ 30ന് ആണ് എംപിസി പുതിയ പലിശ നിരക്ക് പ്രഖ്യാപിക്കുന്നത്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് കഴിഞ്ഞ ബുധനാഴ്ച പലിശ നിരക്ക് 0.75 ശതമാനം വര്‍ധിപ്പിച്ചിരുന്നു. എസ്ബിഐ. ഗോള്‍ഡ്മാന്‍ സാച്ച്, ബാര്‍ക്ലെയ്‌സ്, യുഎസ്ബി, ബാങ്ക് ഓഫ് ബറോഡ ഉള്‍പ്പടെയുള്ളവയിലെ സാമ്പത്തിക വിദഗ്ധര്‍, റീപോ നിരക്കില്‍ 0.50 ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ ഈ വര്‍ധനവ് അനിവാര്യമാണെന്നാണ് എസ്ബിഐ ഗ്രൂപ്പ് ചീഫ് ഇക്കണോമിസ്റ്റ് സൗമ്യ കാന്തി ഘോഷ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞത്. ഡിസംബറോടെ റീപോ നിരക്ക് 6.25 ശതമാനത്തില്‍ എത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കണോമിക് ടൈംസ് പോളില്‍ പങ്കെടുത്ത മേഖലയിലെ  സ്ഥാപനങ്ങള്‍  0.35-0.60 ശതമാനം വരെ നിരക്ക് വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. വായ്പ ആവശ്യം വര്‍ധിച്ചതോടെ രാജ്യത്തെ ബാങ്കിംഗ് മേഖലയിലെ പണ ലഭ്യത ഈ മാസം കമ്മിയില്‍ എത്തിയിരുന്നു.

അതായത് ബാങ്കുകളിലേക്ക് എത്തുന്ന പണത്തെക്കാള്‍ കൂടുതലാണ് വായ്പാ ആവശ്യം. 40 മാസത്തിനിടെ ആദ്യമായാണ് ഇത്തരമൊരു സാഹചര്യം നേരിടുന്നത്. കൂടാതെ യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയതോടെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ രണ്ട് സാഹചര്യങ്ങളും എംപിസി മീറ്റിംഗില്‍ ചര്‍ച്ചയാവും. ക്യാഷ് റിസര്‍വ് റേഷ്യോ (CRR), ഓപ്പണ്‍ മാര്‍ക്കറ്റ് ഓപറേഷന്‍സ് (OMO) എന്നിവയിലും മാറ്റം കൊണ്ടുവന്നേക്കും. ബാര്‍ക്ലെയ്‌സ് ഇന്ത്യയുടെ ചീഫ് ഇക്കണോമിസ്റ്റ് രാഹുല്‍ ബജോറ പറയുന്നത് 2023 ഏപ്രില്‍ മാസം റീപോ റേറ്റ് 6.75 ശതമാനത്തില്‍ എത്തിയേക്കും എന്നാണ്.

അനുമാനങ്ങള്‍ പോലെ 0.50 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായാല്‍ റീപോ റേറ്റ് മുന്ന വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായായ 5.90 ശതമാനത്തിലെത്തും. ജൂലൈയിലെ 6.71ല്‍ നിന്ന് ഓഗസ്റ്റ് മാസം 7 ശതമാനം ആയി രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ഉയര്‍ന്നിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷം ഏപ്രില്‍ -ജൂണ്‍ പാദത്തില്‍ പണപ്പെരുപ്പം അഞ്ച് ശതമാനമായി കുറയുമെന്ന് ആര്‍ബിഐ ചെയര്‍മാന്‍ ശക്തികാന്ത ദാസിന്റെ വിലയിരുത്തല്‍.

Tags:    

Similar News