ആർബിഐ പലിശ നിരക്ക് കുറച്ചു. നാണയപ്പെരുപ്പം തീരെ കുറഞ്ഞ സാഹചര്യത്തിലാണ് മൊണേറ്ററി പോളിസി കമ്മിറ്റി (എംപിസി) മുൻപത്തെ നിലപാട് മാറ്റി പലിശനിരക്ക് കുറക്കാൻ തീരുമാനിച്ചത്.
റിസർവ് ബാങ്ക് ഗവർണറായതിന് ശേഷമുള്ള ശക്തികാന്ത ദാസിന്റെ ആദ്യ വായ്പാ നയ പ്രഖ്യാപനമാണിത്. റിപ്പോ റേറ്റ് 25 ബേസിസ് പോയ്ന്റ് കുറച്ച് 6.25 ശതമാനമാക്കി. റിവേഴ്‌സ് റിപ്പോ 6 ശതമാനത്തിലേക്ക് താഴ്ത്തി.
സാമ്പത്തിക വളർച്ചയിലെ കുറവും പലിശ നിരക്ക് കുറക്കാൻ ഒരു കാരണമായി. എംപിസി അംഗങ്ങൾ 4:2 വോട്ടിനാണ് പലിശനിരക്ക് കുറക്കാൻ തീരുമാനിച്ചത്. നയം 'ന്യൂട്രൽ' നിലയിലേക്ക് കൊണ്ടുവരികയും ചെയ്തു.
2017 ഓഗസ്റ്റിന് ശേഷം ആദ്യമായാണ് നിരക്ക് വെട്ടിക്കുറക്കുന്നത്. കഴിഞ്ഞ വർഷം മൊത്തം 50 ബേസിസ് പോയ്ന്റ് നിരക്ക് വർധനയാണ് ഉണ്ടായത്.