പലിശ ഭാരം വര്‍ധിക്കും, റീപോ നിരക്ക് 0.5 ശതമാനം ഉയര്‍ത്തി ആര്‍ബിഐ

റീപോ നിരക്ക് 5.9 ശതമാനത്തിലെത്തി. രാജ്യം 7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് ആര്‍ബിഐ

Update: 2022-09-30 05:09 GMT

റീപോ നിരക്ക് (Repo Rate) 0.5 ശതമാനം ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) മോണിറ്ററി പോളിസി കമ്മിറ്റി (MPC). പണപ്പെരുപ്പം (Inflation) നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടെ റീപോ നിരക്ക് 5.9 ശതമാനത്തിലെത്തി.

ഈ സാമ്പത്തിക വര്‍ഷത്തെ നാലാമത്തെ നിരക്ക് വര്‍ധനവാണിത്. കഴിഞ്ഞ മെയില്‍ 0.4 ശതമാനവും ജൂണ്‍, ഓഗസ്റ്റ് മാസങ്ങളില്‍ 0.5 ശതമാനം വീതം വര്‍ധനവുമാണ് റീപോ നിരക്കില്‍ ഉണ്ടായത്.

രാജ്യത്തെ ബാങ്കുകള്‍ക്ക് ആര്‍ബിഐ വായ്പ നല്‍കുന്ന പലിശ നിരക്കാണ് റീപോ റേറ്റ്. ഇന്നത്തെ വര്‍ധനവോടെ റീപോ നിരക്ക് മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. സ്റ്റാന്‍ഡിംഗ് ഡിപോസിറ്റ് ഫെസിലിറ്റി (SDF)- 5.65 ശതമാനം, മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി (MSF) നിരക്ക്, ബാങ്ക് നിരക്ക് എന്നിവ 6.15 ശതമാനം എന്നിങ്ങനെയാണ്.

ആഗോള സാഹചര്യങ്ങള്‍ പരിഗണിച്ച് പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികള്‍ തുടരുമെന്ന് ആര്‍ബിഐ അറിയിച്ചിട്ടുണ്ട്. പണപ്പെരുപ്പത്തിന്റെ തോത് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണെന്നാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞത്. വാര്‍ഷിക വിലക്കയറ്റ  അനുമാനം 6.7 ശതമാനത്തിൽ നിലനിര്‍ത്തി. രണ്ടാം പകുതിയില്‍ പ്രതീക്ഷിക്കുന്ന വിലക്കയറ്റം ഏഴു ശതമാനമാണ്. രണ്ടാം പാദത്തില്‍ 7.1%, മൂന്നാം പാദത്തില്‍ 6.5 %, നാലാംപാദത്തില്‍ 5.8% എന്നിങ്ങനെയാണു ചില്ലറ വിലക്കയറ്റം പ്രതീക്ഷിക്കുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ അനുമാനവും ആര്‍ബിഐ പുതുക്കി. നേരത്തെ പ്രവചിച്ച 7.2 ശതമാനത്തിന് പകരം സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച 7 ശതമാനം ആയിരിക്കുമെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍. 2022-23 കാലയളവില്‍ രണ്ടാം പാദത്തില്‍ 6.3 ശതമാനവും മൂന്നും നാലും പാദത്തങ്ങളിൽ 4.6 ശതമാനം വീതം വളര്‍ച്ചയും കൈവരിക്കുമെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News