റിപ്പോ നിരക്ക് ഇനിയുമുയരും, ആറ് ശതമാനമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍
ഈ വര്‍ഷം രണ്ട് തവണ നിരക്ക് വര്‍ധനവ് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്
2022 വര്‍ഷാവസാനത്തോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ആറ് ശതമാനമാക്കി ഉയര്‍ത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍. ബ്ലൂംബെര്‍ഗിന്റെ പുതിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മെയ് മുതലുള്ള മൂന്ന് നീക്കങ്ങളിലായി നടത്തിയ 140 ബേസിസ് പോയ്ന്റ് വര്‍ധനവിന് ശേഷം മോണിറ്ററി പോളിസി കമ്മിറ്റി സെപ്റ്റംബറില്‍ 35 ബേസിസ് പോയ്ന്റും ഡിസംബറില്‍ 25 ബേസിസ് പോയ്ന്റും ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2023 ജൂണ്‍ അവസാനത്തോടെ റിപ്പോ നിരക്ക് 6 ശതമാനത്തിലെത്തുമെന്ന് നേരത്തെ നടത്തിയ സര്‍വേ കണക്കാക്കിയിരുന്നു.
വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലൂടെ പണപ്പെരുപ്പത്തില്‍ മിതത്വം ഉണ്ടാകുമെന്ന് പ്രവചിച്ചിരുന്നെങ്കിലും സാമ്പത്തിക വിദഗ്ധര്‍ നിരക്ക് വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ട്. നിലവില്‍ 2023 സാമ്പത്തിക വര്‍ഷത്തിലെ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 6.76 ശതമാനത്തില്‍നിന്ന് 6.6 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും സെന്‍ട്രല്‍ ബാങ്കിന്റെ 2-6 ശതമാനം ടാര്‍ഗെറ്റ് പരിധിക്ക് മുകളിലാണിത്.