ചൈനീസ് എഫ്.പി.ഐ നിയന്ത്രിക്കാന്‍ പുതിയ നടപടി ക്രമം വരുന്നു

Update: 2020-05-29 15:36 GMT

ചൈനയില്‍ നിന്നും ഹോങ്കോങ്ങില്‍ നിന്നുമുള്ള വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ക്ക് (എഫ്പിഐ) ഇന്ത്യയില്‍  കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം പാലിക്കുന്നതിന് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യെ പ്രാപ്തമാക്കാനുതകുന്ന ഔദ്യോഗിക രേഖ സാമ്പത്തിക കാര്യവകുപ്പ് തയ്യാറാക്കിയതായി സൂചന. 'ഉയര്‍ന്ന അപകടസാധ്യതയുള്ള' നിക്ഷേപം തിരിച്ചറിഞ്ഞു നടപടിയെടുക്കാന്‍ റെഗുലേറ്റര്‍ക്ക് ഇതിലൂടെ സാധ്യമാകണമെന്നതാണു ലക്ഷ്യം.

സാമ്പത്തിക കാര്യവകുപ്പ് തയ്യാറാക്കിയ പുതിയ രേഖ പ്രകാരം, ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് നിര്‍ദ്ദേശിച്ചിട്ടുള്ള ചട്ടങ്ങള്‍ക്ക് അനുസൃതമല്ലാത്ത ഫണ്ടുകള്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപത്തിനുപയോഗിക്കുന്നത് 'ഉയര്‍ന്ന അപകടസാധ്യത'യുള്ളതായി കണക്കാക്കപ്പെടും.നിലവില്‍ ചൈനയില്‍ നിന്ന് 16 രജിസ്റ്റര്‍ ചെയ്ത എഫ്പിഐകള്‍ മാത്രമേ ഉള്ളൂവെങ്കിലും ഹോങ്കോങ്ങില്‍ 111 രജിസ്റ്റര്‍ ചെയ്ത എഫ്പിഐകള്‍ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കുന്നു.

കൊറോണ വൈറസ് ബാധയ്ക്കും തുടര്‍ന്നുള്ള അതിര്‍ത്തി സംഘര്‍ഷത്തിനും ശേഷമാണ് ചൈനീസ് നിക്ഷേപങ്ങളുടെ കാര്യത്തില്‍ ഇന്ത്യ കൂടുതല്‍ ജാഗ്രതയെടുക്കാന്‍ തുടങ്ങിയത്. ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഓഹരികള്‍ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന (പിബിഒസി) മാര്‍ച്ച് പാദത്തില്‍ 0.8 ശതമാനത്തില്‍ നിന്ന് 1.01 ശതമാനമായി ഉയര്‍ത്തിയത് ഇതിനിടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.

ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നു നേരിട്ടുള്ള നിക്ഷേപം (എഫ്ഡിഐ) സര്‍ക്കാര്‍ ഇതിനകം തന്നെ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റ് (ഫെമ) പ്രകാരം ഏപ്രില്‍ 22 ലെ വിജ്ഞാപനത്തിലൂടെ നിയന്ത്രിച്ചിട്ടുണ്ട്.ഹോങ്കോങ്ങ് ഉള്‍പ്പെടെ ഈ രാജ്യങ്ങളില്‍ നിന്ന് വരുന്ന ഏതൊരു എഫ്ഡിഐയ്ക്കും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.പക്ഷേ എഫ്പിഐ റൂട്ട് ഇപ്പോഴും തുറന്നിരിക്കുന്നു.
ലിസ്റ്റു ചെയ്ത കമ്പനിയുടെ പണമടച്ച മൂലധനത്തിന്റെ 10 % ത്തില്‍ കൂടുതല്‍ ഒരൊറ്റ എഫ്പിഐക്ക് കൈവശം വയ്ക്കാനാവില്ലെന്നതാണ് നിലവിലുള്ള എഫ്പിഐ 'നിയന്ത്രണം'.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News