ലോക്ക് ഡൗണിനെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളടക്കമുള്ള മേഖലയില്‍ പുതിയ സാമ്പത്തിക പാക്കേജ് കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നതായി സൂചന. ഇതുമായി ബന്ധപ്പെട്ട് അവസാന തീരുമാനത്തിനായി ധനമന്ത്രി ഉദ്യോഗസ്ഥരോടൊപ്പം പ്രധാനമന്ത്രിയെ കാണും. ഈ ആഴ്ച തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ മാസം ധനമന്ത്രി പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രധാനമായും സാധാരണക്കാരെ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു. രാജ്യത്തെ 6.3 കോടിയോളം എംഎസ്എംഇ യൂണിറ്റുകള്‍ക്ക് പ്രതീക്ഷയേകുന്ന കാര്യങ്ങള്‍ അതില്‍ കൂടുതലായി ഉണ്ടായില്ലെന്ന് പരാതി ഉയരുകയും ചെയ്തിരുന്നു. 11 കോടിയിലേറെ പേര്‍ ഉപജീവനം തേടുന്ന ഈ മേഖലയുടെ നിലനില്‍പ്പ് രാജ്യത്തിന് ഏറെ പ്രധാനവുമാണ്. രാജ്യത്തിന്റെ 40 ശതമാനം കയറ്റുമതിയും ഈ മേഖലയില്‍ നിന്നാണെന്നതും പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
പ്രധാനമായും സംരംഭങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുന്നതു സംബന്ധിച്ച പ്രഖ്യാപനത്തിനായാണ എംഎസ്എംഇ മേഖല കാത്തിരിക്കുന്നത്. നിലവിലുള്ള വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതിനു പിന്നാലെ പലിശ എഴുതിത്തള്ളാനും നടപടി വേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ദി സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി) സംരംഭങ്ങള്‍ക്ക് അഞ്ചു ശതമാനം പലിശ നിരക്കില്‍ അടിയന്തിര വായ്പാ സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇത് പ്രധാനമായും കൊറോണയെ ചെറുക്കുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്കായാണ് ലഭ്യമാക്കിയിരുന്നത്. എന്നാല്‍ കുറച്ചു കൂടി സമഗ്രമായ രീതിയില്‍ വലിയ തുക വായ്പയായി ലഭിക്കുക എന്നതാണ് സംരംഭങ്ങളെ സംബന്ധിച്ച് ഇപ്പോഴത്തെ ആവശ്യം.
സംരംഭങ്ങള്‍ക്ക് ജിഎസ്ടി പിഴയില്ലാതെ അടക്കാനുള്ള തിയതി ജൂണ്‍ അവസാനം വരെ നീട്ടി നല്‍കിയിരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline