കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഡെക്സാമെതാസോണ്‍ എന്ന മരുന്ന് ഏറെ ഫലപ്രദമെന്ന് ബ്രിട്ടനില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇക്കാര്യം അപഗ്രഥിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ ലോകാരോഗ്യ സംഘടന തയ്യാറെടുപ്പാരംഭിച്ചു.വാക്‌സിന്‍ കണ്ടെത്തല്‍ അനിശ്ചിതത്വത്തിലായിരിക്കേ ഗുരുതരരോഗികള്‍ക്ക് ചികില്‍സ നല്‍കി ജീവന്‍ രക്ഷിക്കുന്ന ശാസ്ത്രീയ മുന്നേറ്റമെന്നാണ് കണ്ടുപിടിത്തത്തെ ഡബ്ല്യുഎച്ച്ഒ വിശേഷിപ്പിച്ചത്.
ഓക്സിജനോ വെന്റിലേറ്ററോ ആവശ്യമുള്ള കൊവിഡ് രോഗികളില്‍ മരണനിരക്ക് കുറയ്ക്കുന്നതിനുള്ള ആദ്യത്തെ ചികില്‍സാമാര്‍ഗമാണിത്. ആദ്യഘട്ട പഠനങ്ങളും പരിശോധനാ റിപോര്‍ട്ടുകളുമാണ് പുറത്തുവന്നിട്ടുള്ളത്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഗുരുതര രോഗികളില്‍ മാത്രമാണ് മരുന്നിന്റെ ഫലമുണ്ടായത്. അല്ലാത്ത രോഗികളില്‍ മരുന്ന് ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടില്ല.
കോവിഡ് രോഗികളില്‍ എപ്പോള്‍, എങ്ങനെ മരുന്ന് ഉപയോഗിക്കാം എന്നത് സംബന്ധിച്ച് ഉടന്‍ വിശദമായ ക്ലിനിക്കല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുമെന്ന് ലോകാരോഗ്യസംഘടന തലവന്‍ ടെഡ്രോസ് അഥാനം ഗബ്രിയേസിസ് വ്യക്തമാക്കി. ഡെക്സാമെതാസോണ്‍ എന്ന മരുന്നിന് കൊവിഡിനെ ചെറുക്കാനാവുമെന്ന കണ്ടെത്തലിനെ അഭിനന്ദിക്കുന്നുവെന്നും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് സര്‍ക്കാരും ഓക്സ്ഫഡ് സര്‍വകലാശാലയും നിരവധി ആശുപത്രികളും അടക്കം ആരോഗ്യരംഗത്തെ സുപ്രധാന കാല്‍വയ്പുകളിലൊന്നായ ഈ കണ്ടെത്തലില്‍ പങ്കുചേര്‍ന്ന എല്ലാവരും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. മരുന്ന് പരീക്ഷണത്തിന്റെ പ്രാഥമിക സ്ഥിതിവിവരക്കണക്കുകള്‍ ലോകാരോഗ്യസംഘടനയുമായി ഗവേഷകര്‍ പങ്കുവച്ചിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന സെക്രട്ടറി ജനറല്‍ ചൂണ്ടിക്കാട്ടി.
കോവിഡിനെതിരായ മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ മരുന്ന് പരീക്ഷിച്ചത്. ജീവന്‍രക്ഷാ മരുന്നായി ഡെക്സാമെതാസോണ്‍ ഉപയോഗിക്കാമെന്ന കണ്ടെത്തല്‍ കൊവിഡിനെതിരായ പോരാട്ടത്തിലെ സുപ്രധാന വഴിത്തിരിവാണെന്ന് യുകെയിലെ ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വെന്റിലേറ്ററുകളിലെ രോഗികളുടെ മരണസാധ്യത ഈ മരുന്ന് മൂന്നിലൊന്നായി കുറച്ചു. ഓക്സിജന്‍ സിലണ്ടറിന്റെ സഹായത്താല്‍ ചികില്‍സയിലുള്ള രോഗികളുടെ മരണസാധ്യത അഞ്ചിലൊന്നായി കുറയ്ക്കുകയും ചെയ്തുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ആസത്മ, അലര്‍ജി എന്നിവയ്ക്കും ചിലതരം വാതരോഗങ്ങള്‍ക്കും ഇപ്പോള്‍ നല്‍കിവരുന്ന സ്റ്റിറോയ്ഡ് വിഭാഗ്തതില്‍ വരുന്ന മരുന്നാണിത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline