G10 രാജ്യങ്ങള്‍ക്കെതിരെ രൂപയ്ക്ക് നേട്ടം, മൂല്യം ഇടിയല്‍ അടുത്തെങ്ങാനും അവസാനിക്കുമോ ?

പൗണ്ടിനെതിരെ 5.86 ശതമാനവും യൂറോയ്‌ക്കെതിരെ 4.74 ശതമാനവും നേട്ടമാണ് ഇന്ത്യന്‍ രൂപയ്ക്ക് ഉണ്ടായത്

Update: 2022-07-18 07:12 GMT

2022 തുടങ്ങിയ ശേഷം യുഎസ് ഡോളറിനെതിരെ (US Dollar) രൂപയുടെ മൂല്യം (Value of Indian Rupee) ഇടിഞ്ഞത് 8 ശതമാനം ആണ്. എന്നാല്‍ വരും മാസങ്ങളില്‍ രൂപയുടെ മൂല്യം ഇടിയുന്നത് അവസാനിച്ചേക്കും എന്നാണ് പ്രമുഖ വിദഗ്ധര്‍ പറയുന്നത്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് നടത്തിയ പോളില്‍ പങ്കെടുത്ത ബാര്‍ക്ലെയ്‌സ് പറയുന്നത് സെപ്റ്റംബര്‍ അവസാനത്തോടെ രൂപയുടെ മൂല്യം ഡോളറിനെതിരെ 79 രൂപയായി വര്‍ധിക്കുമെന്നാണ്. ഈ വര്‍ഷം പകുതിയോടെ യുഎസ് ഫെഡ് റിസര്‍വ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന പ്രതീക്ഷയിലാണ് ഈ വിലയിരുത്തല്‍.

ജൂലൈ അവസാനത്തോടെ ഒരു ഡോളറിന്റെ വില 80.5-81 രൂപയില്‍ എത്തുമെന്നും സെപ്റ്റംബറോടെ അത് 79.5-80.5 രൂപയായി കുറയുമെന്നും ആണ് എച്ച്ഡിഎഫ്‌സിയുടെ വിലയിരുത്തല്‍. പോളില്‍ പങ്കെടുത്ത 10ല്‍ 7 സ്ഥാപനങ്ങളും പറയുന്നത് സെപ്റ്റംബറില്‍ രൂപയുടെ മൂല്യം 80.5നും 82നും ആയിരിക്കുമെന്നാണ്. ബാര്‍ക്ലെയ്‌സിനെ കൂടാതെ ഐഎഫ്എ ഗ്ലോബല്‍ (75 രൂപ) കൊടാക് സെക്യൂരിറ്റീസ് ( 79.5 രൂപ) എന്നിവരാണ് രൂപയുടെ മൂല്യം ഉയരുമെന്ന് വിലയിരുത്തുന്നത്.

അതേ സമയം ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 6 പൈസ ഉയര്‍ന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 79.76ല്‍ എത്തി. ലോകത്തെ പ്രമുഖ കറന്‍സികളില്‍ ബ്രസീല്‍ റിയാല്‍ (3.11 %), റഷ്യന്‍ റൂബ്ള്‍ (31.88 %) എന്നിവ മാത്രമാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നേട്ടമുണ്ടാക്കിയത്. ഡോളറിനെതിനെ ഇടിഞ്ഞപ്പോഴും ജി10 രാജ്യങ്ങളിലെ കറന്‍സികള്‍ക്കെതിരെ രൂപ നേട്ടമുണ്ടാക്കുകയാണ്. സ്വിസ് ഫ്രാങ്ക്, സ്വീഡിഷ് ക്രോണ, ഡാനിഷ് ക്രോണ, നോര്‍വീജിയന്‍ ക്രോണെ, കനേഡിയന്‍ ഡോളര്‍, ഓസ്‌ട്രേലിയന്‍ ഡോളര്‍, ന്യൂസിലാന്‍ഡ് ഡോളര്‍, ജാപ്പനീസ് യെന്‍, പൗണ്ട് സ്റ്റെര്‍ലിംഗ്, യൂറോ എന്നിവയാണ് ജി10 കറന്‍സികള്‍.

ജി10 കറന്‍സികള്‍ (G10 Currencies) ഡോളറിനെതിരെ രൂപയെക്കാള്‍ കൂടുതല്‍ തകര്‍ച്ച നേരിട്ടത് ഇന്ത്യയ്ക്ക് ഗുണമായി. 2022ല്‍ യെന്നിനെതിരെ 10.76 ശതമാനവും പൗണ്ടിനെതിരെ 5.86 ശതമാനവും യൂറോയ്‌ക്കെതിരെ 4.74 ശതമാനവും നേട്ടമാണ് ഇന്ത്യന്‍ രൂപയ്ക്ക് ഉണ്ടായത്.

Tags:    

Similar News