രൂപയുടെ മൂല്യത്തില്‍ ഇടിവ് ഉണ്ടായേക്കാം, എന്തുകൊണ്ട്?
യു എസ് ഡോളര്‍ - രൂപ വിനിമയ നിരക്ക് 77 ലേക്ക് താഴാന്‍ സാധ്യത;
രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായേക്കാം. ക്രൂഡ് ഓയില്‍ വിലവര്‍ധനവ്, എണ്ണ, സ്വര്‍ണം ഒഴികെ ഉള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതി വര്‍ധനവ്, കറന്റ് അകൗണ്ട് കമ്മിയും രൂപയുടെ മൂല്യ തകര്‍ച്ചയ്്ക്ക് കാരണമായേക്കാമെന്നാണ് റിപ്പോര്‍ട്ട്. 2021-22 ല്‍ ശരാശരി യു എസ് ഡോളര്‍-രൂപ വിനിമയ നിരക്ക് 75 ല്‍ നിന്ന് 2022-23 ല്‍ 77 ലേക്ക് പോകാന്‍ സാധ്യത ഉണ്ടെന്നാണ് നിര്‍മല്‍ ബാംഗ് റിസേര്‍ച്ച് വിലയിരുത്തുന്നത്.
കേന്ദ്ര ബാങ്കുകള്‍ ബോണ്ടുകള്‍ വാങ്ങുന്ന നടപടികള്‍ നിര്‍ത്തിവെക്കുന്നതും രൂപയുടെ വിലയിടിവിന് കാരണമാകും. ധന കമ്മിയും പണപ്പെരുപ്പവും ഒരുപരിധി വരെ രൂപയുടെ മൂല്യത്തെ ബാധിക്കാമെന്ന് ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ വിപണിയില്‍ സജീവമല്ലാത്തത് പ്രതികൂലസാഹചര്ത്തിന്റെ ആക്കം കുറച്ചേക്കാം.
ക്രൂഡ് ഓയില്‍ ലഭിക്കാന്‍ ഇതര സ്രോതസ്സുകള്‍ കണ്ടെത്തുന്നതും, ശക്തമായ സേവന മേഖലയുടെ കയറ്റുമതിയും, ഉയര്‍ന്ന വിദേശ നാണയ ശേഖരവും, വിപണിയിലെ ചാഞ്ചാട്ടം തടയാന്‍ യു എസ് ഡോളര്‍ വില്‍ക്കാന്‍ റിസേര്‍വ് ബാങ്ക് തയ്യാറാവുന്നതും ഒരു പരിധി വരെ രൂപയുടെ മൂല്യ തകര്‍ച്ച ഒഴിവാക്കാന്‍ സഹായകരമാകും.
യു എസ് പലിശ നിരക്കുകള്‍ വര്‍ധിക്കുമെന്ന സാധ്യത മുന്നില്‍ കണ്ട് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റ് പോയത് രൂപയുടെ മൂല്യത്തെ ബാധിച്ചിട്ടുണ്ട്. ഇതുവരെ 18.4 ശതകോടി ഡോളറാണ് വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ ഓഹരികളില്‍ നിന്ന് പിന്‍വലിച്ചത്. ക്രൂഡ് ഓയില്‍ വില ബാരലിന് ശരാശരി 80 ഡോളര്‍ 2022 -23 നില നിന്നാല്‍ കറന്റ് അകൗണ്ട് കമ്മി 2 ശതമാനമാകും. 120 ഡോളറിലേക്ക് ഉയര്‍ന്നാല്‍ കമ്മി 3.5 ശതമാനമാകും. അത്തരം സാഹചര്യത്തില്‍ രൂപയുടെ മൂല്യം ഇടിയാനുള്ള സാധ്യത വര്‍ധിക്കാനും ഇടയുണ്ട്.