സ്മാര്‍ട്ട് മീറ്റര്‍: കേരളത്തിന് വീണ്ടുവിചാരം; സാവകാശം തേടി കേന്ദ്രത്തിന് കത്ത്
21,000 കോടിയുടെ കേന്ദ്രസഹായം വേണ്ടെന്ന് വയ്ക്കുന്നത് പ്രതികൂലമായേക്കുമെന്ന് വിലയിരുത്തല്‍; നിലവിലെ ടെന്‍ഡര്‍ നടപടി റദ്ദാക്കി
ഇടത് സംഘടനകളുടെയും സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെയും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് വേണ്ടെന്നുവച്ച സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കാന്‍ മൂന്ന് മാസത്തെ സാവകാശം തേടി കേന്ദ്രത്തിന് കേരളം കത്തയച്ചു. കേന്ദ്ര ഊര്‍ജ സെക്രട്ടറിക്ക് വൈദ്യുതി വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലാണ് കത്തയച്ചത്.
രണ്ട് ഘട്ടങ്ങളിലായി ആകെ 21,000 കോടി രൂപയോളം കേന്ദ്രസഹായം ലഭിക്കുന്നതാണ് വൈദ്യുതി വിതരണ മേഖലയുടെ നവീകരണത്തിന്റെ ഭാഗമായുള്ള സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി. ആദ്യഘട്ടത്തില്‍ 10,475 കോടി രൂപ ലഭിക്കേണ്ട പദ്ധതിയാണിത്. ഇതില്‍ 8,206 കോടി രൂപ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിക്കും 2,269 കോടി രൂപ വൈദ്യുതി വിതരണ നഷ്ടം കുറയ്ക്കാനുമാണ്. പുറമേ തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത 2,000 കോടി രൂപയുടെ ഗ്രാന്റും ലഭിക്കും. രണ്ടാംഘട്ടത്തിൽ ലഭിക്കേണ്ട 6,600 കോടി രൂപയുടെ ഗ്രാന്റും നഷ്ടപ്പെടും.
21,000 കോടി രൂപയുടെ കേന്ദ്രസഹായം ഉപേക്ഷിക്കുന്നത് കേന്ദ്രത്തില്‍ നിന്നുള്ള മറ്റ് സഹായ പദ്ധതികളെയും വായ്പാ പരിധിയെയും ബാധിക്കുമെന്ന് വിലയിരുത്തിയാണ് ഇപ്പോള്‍ സാവകാശം തേടിയിരിക്കുന്നത്. നിലവില്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയോട് മുഖംതിരിച്ചിട്ടുള്ള ഏക സംസ്ഥാനമാണ് കേരളം.
ടോട്ടക്‌സ് മാതൃകയും എതിര്‍പ്പും
വൈദ്യുതി മേഖലയെ നവീകരിക്കുക, വിതരണനഷ്ടം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കേന്ദ്ര സര്‍ക്കാര്‍ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ആവിഷ്‌കരിച്ചത്. രാജ്യമാകെയായി മൊത്തം 3.05 ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് റീവാംപ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്‌കീം (ആര്‍.ഡി.എസ്.എസ്) പ്രകാരം നടപ്പാക്കുന്നത്.
'ടോട്ടക്‌സ്' (Total Expenditure) മാതൃകയിലാണ് പദ്ധതി നടപ്പാക്കേണ്ടതെന്ന് ഊര്‍ജ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിനോടാണ് കേരളത്തിലെ ഇടത് ട്രേഡ് യൂണിയന്‍ സംഘടനകള്‍ക്കും സി.പി.എം കേന്ദ്ര നേതൃത്വത്തിനും എതിര്‍പ്പ്. ഇത്തരത്തില്‍ പദ്ധതി നടപ്പാക്കുന്നത് വൈദ്യുതി ബോര്‍ഡിനും (കെ.എസ്.ഇ.ബി) ഉപയോക്താക്കള്‍ക്കും കടുത്ത സാമ്പത്തിക ബാദ്ധ്യതയാകുമെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല, സ്വകാര്യ ഏജന്‍സികള്‍ വഴിയാണ് ടോട്ടക്‌സ് മാതൃകയില്‍ പദ്ധതി നടപ്പാക്കേണ്ടത് എന്നതിനാല്‍, ഇത് സ്വകാര്യവത്കരണത്തിലേക്ക് നയിച്ചേക്കുമെന്ന ആശങ്കയും ഉയര്‍ത്തി കാട്ടിയാണ് എതിര്‍പ്പ്. ഇത് അംഗീകരിച്ച മുഖ്യമന്ത്രിയും ഈ രീതിയില്‍ പദ്ധതി നടപ്പാക്കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു.
എന്തിന് ടെന്‍ഡര്‍ റദ്ദാക്കി?
നിലവിലെ ടെന്‍ഡറില്‍ പങ്കെടുത്ത കമ്പനികളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തത് 9,300 രൂപയാണ്. ഇതാകട്ടെ കെ.എസ്.ഇ.ബി പ്രതീക്ഷിച്ചതിന്റെ ഇരട്ടിയോളമാണ്. ഇതിന്റെ 15 ശതമാനം മാത്രമേ കേന്ദ്രത്തില്‍ നിന്ന് സഹായമായി കിട്ടൂ. ബാക്കി ബാദ്ധ്യത ജനങ്ങളും കെ.എസ്.ഇ.ബിയും വഹിക്കേണ്ടി വരും. 100 മീറ്ററില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്ന ഉപയോക്താവിന്റെ ബില്ലില്‍ പ്രതിമാസം കുറഞ്ഞത് 80 രൂപയുടെ വര്‍ദ്ധന ഇതുവഴി വരും.
ഈ സാഹചര്യത്തിലാണ് നിലവിലെ ടെന്‍ഡര്‍ നടപടികള്‍ റദ്ദാക്കിയത്. അധിക സാമ്പത്തിക ബാദ്ധ്യത ഇല്ലാത്തവിധം ബദല്‍ മാര്‍ഗങ്ങള്‍ നടപ്പാക്കാനുള്ള സാവകാശമാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.
സ്മാര്‍ട്ട് മീറ്റര്‍ വന്നാല്‍
വൈദ്യുതി വിതരണത്തിലെ നഷ്ടം കുറയ്ക്കാം. ഉപയോഗത്തിന് അനുസരിച്ച് മാത്രം നിരക്ക്. ഉപയോഗം നിയന്ത്രിക്കാനും കഴിയും. ജീവനക്കാര്‍ക്ക് ഓഫീസിലിരുന്ന് തന്നെ ഉപയോഗ വിവരങ്ങള്‍ അറിയാം. പുറത്ത് നിന്ന് അധിക നിരക്കില്‍ വൈദ്യുതി വാങ്ങുന്നതും കുറയ്ക്കാം.
എന്തുകൊണ്ട് സാവകാശം തേടുന്നു?
മുന്‍ പദ്ധതികളിലെ പ്രവര്‍ത്തന മികവ് കൂടി വിലയിരുത്തിയാണ് കേന്ദ്രം കൂടുതല്‍ സഹായങ്ങളും ഗ്രാന്റുകളും അനുവദിക്കാറുള്ളത്. പദ്ധതി നടപ്പാക്കുന്നതില്‍ പാളിച്ച വന്നാല്‍ ഭാവിയില്‍ സഹായങ്ങള്‍ കിട്ടില്ല. മാത്രമല്ല, സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറയ്ക്കാനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് സാവകാശം തേടുന്നത്.