പണമില്ലാതെ ചെക്ക് മടങ്ങുന്നപക്ഷം അക്കൗണ്ട് ഉടമയെ ക്രിമിനല്‍ കേസില്‍ പെടുത്തി ജയില്‍ ശിക്ഷ നല്‍കുന്നതുള്‍പ്പെടെയുള്ള ഏതാനും നിയമങ്ങള്‍ പരിഷ്‌കരിച്ച് സിവില്‍ കുറ്റങ്ങളുടെ ഗണത്തിലേക്കു പുനര്‍വിന്യസിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ബിസിനസ് നടത്തിപ്പ് കൂടുതല്‍ സുഗമമാക്കുകയെന്നതാണ് ജയില്‍ ശിക്ഷ ഒഴിവാക്കി ധനപരമായ പിഴയാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
ബാങ്കിംഗ് റെഗുലേഷന്‍ ആക്റ്റ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്റ്റ്, ഇന്‍ഷുറന്‍സ് ആക്റ്റ്, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്റ്റ് എന്നിവയുള്‍പ്പെടെ 19 നിയമങ്ങളിലെ 39 സെക്ഷനുകളെ ഈ ലക്ഷ്യത്തോടെ കാലാനുസൃതമായി പരിഷ്‌കരിക്കുന്നതിന് ധനകാര്യ സേവന വകുപ്പ് പൊതുജനങ്ങളുടെ അഭിപ്രായം തേടിയിട്ടുണ്ട്.
നടപടിക്രമത്തിലെ വീഴ്ചകളും ചെറിയ പൊരുത്തക്കേടുകളും മൂലം ബിസിനസുകാര്‍ കുറ്റവാളികളായി ശിക്ഷ ഏറ്റുവാങ്ങുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ടെന്ന് ഡിഎഫ്എസ് പ്രസ്താവനയില്‍ പറഞ്ഞു.ബിസിനസുകളില്‍ ഭാരം വര്‍ദ്ധിപ്പിക്കുന്നു ഇത്തരം നടപടികള്‍. ദേശീയ സുരക്ഷയെയോ പൊതുതാല്‍പര്യത്തെയോ വലിയ തോതില്‍ ബാധിക്കാത്ത കാര്യങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് പുനര്‍ചിന്ത അത്യാവശ്യമാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.നിലവില്‍, ചെക്ക് ബൗണ്‍സ് ചെയ്താല്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്റ്റ് പ്രകാരം രണ്ട് വര്‍ഷം വരെ തടവും ചെക്കിന്റെ മൂല്യത്തിന്റെ ഇരട്ടി വരെ പിഴയും ലഭിക്കാം.
അനംഗീകൃത നിക്ഷേപ പദ്ധതികളിലൂടെ ധനസമാഹരണം നടത്തുന്നതു നിരോധിക്കുന്ന റിസര്‍വ് ബാങ്ക് നിയമത്തിലെ ചില വകുപ്പുകള്‍ വിവേചനവത്കരിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നു. ഇത്തരം സംഭവങ്ങളില്‍ നിയമ പ്രക്രിയകളിലെ അനിശ്ചിതത്വവും കോടതികളില്‍ തീര്‍പ്പാകാന്‍ എടുക്കുന്ന കാലദൈര്‍ഘ്യവും ബിസിനസ്സ് ചെയ്യുന്നത് കഠിനമാക്കുന്നതായി സര്‍ക്കാര്‍ സമ്മതിക്കുന്നു. ചെറിയ കുറ്റങ്ങള്‍ക്ക് ജയില്‍വാസം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ ശിക്ഷകള്‍ ചുമത്തുന്നതാകട്ടെ ബിസിനസ് വികാരത്തെ ബാധിക്കുന്നതിനാല്‍ ആഭ്യന്തര, വിദേശ നിക്ഷേപകരില്‍ നിന്നുള്ള നിക്ഷേപത്തിനു തടസ്സമായി മാറുന്നുമുണ്ട്.
കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ബിസിനസ് മെച്ചപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ക്കു വിഘാതമാകുന്നുണ്ട് ഇക്കാര്യങ്ങള്‍. ഫെബ്രുവരിയിലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നിരവധി നിയമങ്ങള്‍ ലഘൂകരിക്കാനുള്ള സര്‍ക്കാരിന്റെ ഉദ്ദേശ്യം അറിയിച്ചിരുന്നു. ഏതാനും കുറ്റകൃത്യങ്ങളെ സിവില്‍ ആയി തരം തിരിക്കാനുള്ള നടപടികള്‍ക്കു തുടക്കം കുറിച്ചത് അതിനു ശേഷമാണ്.
ബിസിനസ് നടത്തിപ്പിന്റെ ഭാരം കുറയ്ക്കുക, സാമ്പത്തിക വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, നിക്ഷേപകരില്‍ ആത്മവിശ്വാസം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ പൊതു താല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ചും ദേശീയ സുരക്ഷ സംരക്ഷിച്ചുമായിരിക്കണം ഈ നിയമ പരിഷ്‌കരണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ജൂണ്‍ 23 നകം അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാനാണ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline