സിഗററ്റ് ഉള്‍പ്പെടെ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ പ്രത്യേക കോവിഡ് സെസ് ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരിന്റെ ഉത്തേജക പാക്കേജിലേക്കു സ്രോതസ് ആക്കണമെന്ന നിര്‍ദ്ദേശം ഉന്നയിക്കുന്നു പൊതുജനാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങള്‍. ഈ 'പാപ നികുതി' വഴി അര ലക്ഷം കോടിയോളം രൂപയുടെ അധിക വരുമാനം കണ്ടെത്താനാവുമെന്നാണ് വിലയിരുത്തല്‍. പൊതുജനാരോഗ്യ ഗ്രൂപ്പുകളും ഡോക്ടര്‍മാരും സാമ്പത്തിക വിദഗ്ധരും ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ജിഎസ്ടി കൗണ്‍സിലിനു മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഓരോ ബീഡിക്കും സിഗററ്റിനും മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ഒരു രൂപ വീതം കോവിഡ് സെസ് ഏര്‍പ്പെടുത്തിയാല്‍ തന്നെ നേട്ടമുണ്ടാക്കാനാവുമെന്നാണ് വിലയിരുത്തല്‍. പുകയില ഉല്‍പ്പന്നത്തിന്റെ വിലയുടെ 75 ശതമാനം വരെ നികുതി ചുമത്താമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്. ഇന്ത്യയില്‍ സിഗററ്റിന്റെ വിലയില്‍ 49.5 ശതമാനമാണ് നിലവില്‍ നികുതി. ബീഡിക്ക് 22 ശതമാനവും. പുക ഇല്ലാത്ത പുകയില ഉല്‍പ്പന്നങ്ങളുടെ മേലുള്ള നികുതി 63.7 ശതമാനവുമാണ്. രാജ്യത്ത് സിഗറ്റ് വലിക്കുന്നവരുടെ രണ്ട് മടങ്ങോളമാണ് ബീഡി വലിക്കുന്നവരുടെ എണ്ണം.
സെസ് ഏര്‍പ്പെടുത്തുന്നതോടെ പുകയില ഉല്‍പന്നങ്ങള്‍ക്ക് വില കൂടുമ്പോള്‍ അവ ഉപേക്ഷിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.ഇതിലൂടെ പ്രത്യേകിച്ച് ദുര്‍ബലരായ ജനങ്ങള്‍ക്കിടയില്‍ വൈറസ് ഗുരുതരമാകുന്നത് തടയാനുമാകും. കോവിഡുമായി താരതമ്യം ചെയ്യുമ്പോള്‍ പുകവലി കൂടുതല്‍ സാരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. പുകയില ഉപഭോഗം കുറയ്ക്കുന്നതിന് നികുതി ഏറ്റവും ഫലപ്രദാകുമെന്ന് അവര്‍ പറയുന്നു.
പുകയില മൂലമുണ്ടാകുന്ന കൊമോര്‍ബിഡിറ്റികള്‍ (സാംക്രമികേതര രോഗങ്ങള്‍) ഉള്ള രോഗികളില്‍ കോവിഡ് വൈറസ്് ഏറ്റവും മാരകമാകുമെന്നതിനാല്‍ ഇത് ഏറ്റവും പ്രസക്തമായ നടപടിയാണ്- ഓങ്കോ സര്‍ജനും കോവിഡ് കണ്‍സള്‍ട്ടേറ്റീവ് അംഗവുമായ ഡോ. വിശാല്‍ റാവു പറഞ്ഞു. സിഗററ്റ്, ബീഡി, പുകയില്ലാത്ത പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് കൊവിഡ് സെസ് ഏര്‍പ്പെടുത്തിയാല്‍ 49,740 കോടി രൂപ വരെ നേടാനാവും.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline