സംസ്ഥാനങ്ങള്‍ കൂട്ടത്തോടെ നാളെ കടമെടുക്കുന്നത് റെക്കോഡ് ₹50,000 കോടി; കേരളം 3,745 കോടി
ഏറ്റവുമധികം കടംവാങ്ങിക്കൂട്ടുന്നത് ഉത്തര്‍പ്രദേശ്
കേരളം ഉള്‍പ്പെടെയുള്ള 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ചേര്‍ന്ന് കടപ്പത്ര ലേലത്തിലൂടെ നാളെ ഒറ്റ ദിവസം കൊണ്ട് കടമെടുക്കുന്നത് 50,000 കോടി രൂപ. ഒറ്റദിവസത്തില്‍ ഇത്രയും തുക കടപ്പത്രങ്ങള്‍ വഴി കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സമാഹരിക്കുന്നത് ആദ്യമാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ 39,000 കോടി രൂപ കടപ്പത്രങ്ങള്‍ വഴി സമാഹരിച്ചതാണ് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന തുക.
മുന്നില്‍ യു.പി
മാര്‍ച്ച് 19ന് നടക്കുന്ന കടപ്പത്ര ലേലത്തിലൂടെ നിലവില്‍ മൊത്തം സമാഹരിക്കുന്നത് 50,206 കോടി രൂപയാണ്.ഏറ്റവും കൂടുതല്‍ തുക സമാഹരിക്കുക ഉത്തര്‍പ്രദേശാണ്. 8,000 കോടി രൂപ. തൊട്ടു പിന്നില്‍ 6,000 കോടി വീതം കടമെടുക്കുന്ന കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവയാണ്. നൂറു കോടി രൂപ കടമെടുക്കുന്ന ഗോവയാണ് ഏറ്റവും പിന്നില്‍.
ഫെബ്രുവരി 15ന് ശേഷം കേന്ദ്ര സര്‍ക്കാര്‍ വായ്പയെടുക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ വായ്പയെടുക്കാനായത്.