ശനി, ഞായര്‍ ദിവസങ്ങളിലെ കര്‍ശന നിയന്ത്രണം: ഈ വ്യവസായ മേഖലകള്‍ക്ക് ഇളവ്

വ്യവസായ ശാലകളെല്ലാം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്

Update:2021-04-24 11:07 IST

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളില്‍നിന്ന് ചില വ്യവസായ മേഖകള്‍ക്ക് ഇളവ്. മരുന്ന്, ഫാര്‍മസ്യൂട്ടിക്കല്‍, സാനിറ്റൈസര്‍ ഉല്‍പ്പാദനം, ഓക്‌സിജന്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മെഡിക്കല്‍ ടെക്‌സ്റ്റൈല്‍സ്, ഇവയ്ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന സ്ഥാപനങ്ങളെയാണ് നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയത്.

ഭക്ഷ്യോല്‍പ്പാദനം, സംസ്‌കരണ മേഖലയിലെ വ്യവസായം, കോഴിത്തീറ്റ, വളര്‍ത്തുമൃഗങ്ങളുടെ തീറ്റ എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാവുന്നതാണ്.
കാര്‍ഷിക ഉല്‍പ്പന്നം, വളം, കാര്‍ഷിക ഉപകരണങ്ങള്‍, അനുബന്ധ സാധനങ്ങള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍, കയറ്റുമതി യൂണിറ്റുകള്‍, കാര്‍ഷിക, പ്രതിരോധ, ആരോഗ്യ മേഖലയ്ക്കാവശ്യമായ ഓട്ടോമോബൈല്‍, അനുബന്ധ ഘടകങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍, മേല്‍ പറഞ്ഞ മേഖലകള്‍ക്കായി പാക്കജിംഗ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്രങ്ങള്‍ എന്നിവയ്‌ക്കെല്ലാം പ്രവര്‍ത്തനാനുമതിയുണ്ട്.
തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ടി വരുന്ന സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. റിഫൈനറികള്‍, വലിയ സ്റ്റീല്‍ പ്ലാന്റുകള്‍, വലിയ സിമന്റ് പ്ലാന്റുകള്‍, കെമിക്കല്‍ വ്യവസായ കേന്ദ്രങ്ങള്‍, പഞ്ചസാര മില്ലുകള്‍, വളം ഫാക്ടറികള്‍, ഫ്‌ളോട്ട് ഗ്ലാസ് പ്ലാന്റുകള്‍, വലിയ ഫൗണ്ട്രികള്‍, ടയര്‍ ഉല്‍പ്പാദന കേന്ദ്രങ്ങള്‍, പേപ്പര്‍ മില്ലുകള്‍, ഇലക്‌ട്രോണിക് വ്യവസായങ്ങള്‍, ഓട്ടോമൊബൈല്‍ നിര്‍മാണ യൂണിറ്റുകള്‍, വലിയ ടെക്‌സ്‌റ്റൈല്‍ യൂണിറ്റുകള്‍, ഗോഡൗണുകള്‍, വെയര്‍ഹൗസുകള്‍ എന്നിവയ്ക്കും ഇളവ് നല്‍കിയിട്ടുണ്ട്.
വ്യവസായ ശാലകളെല്ലാം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്.




Tags:    

Similar News