കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; ഒറ്റത്തവണ 'രക്ഷാപ്പാക്കേജ്' നല്‍കാന്‍ കേന്ദ്രത്തോട് സുപ്രീം കോടതി
കടുത്ത നിബന്ധനകളോടെ രക്ഷാപ്പാക്കേജ് അനുവദിക്കാന്‍ കോടതി നിര്‍ദേശം
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിന് ഒറ്റത്തവണ 'രക്ഷാപ്പാക്കേജ്' അനുവദിക്കുന്നത് ഉടന്‍ പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. കേരളത്തിന് പ്രത്യേക പരിഗണന നല്‍കിയാല്‍ മറ്റ് സംസ്ഥാനങ്ങളും ഇതേ ആവശ്യമുന്നയിക്കുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടിയപ്പോള്‍ കേരളത്തിന് കടുത്ത നിബന്ധനകളോടെ പാക്കേജ് അനുവദിക്കുന്നത് പരിഗണിക്കാന്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
ഏപ്രില്‍ ഒന്നിന് കേരളത്തിന് 5,000 കോടി രൂപ അനുവദിക്കാമെന്ന് ഇതിനിടെ കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കടരമണി, അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍. വെങ്കടരമണന്‍ എന്നിവര്‍ പറഞ്ഞു. കേരളത്തിന് സഹായം വേണ്ടത് ഇപ്പോഴാണെന്നും 10 ദിവസത്തിനകം എന്ത് സഹായം കേരളത്തിന് നല്‍കാനാകുമെന്ന് കേന്ദ്രം ആലോചിക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. ഇതിന്മേല്‍ കേന്ദ്രം നാളെ മറുപടി നല്‍കിയേക്കും.
കേന്ദ്രം കേരളത്തോട് അല്‍പംകൂടി വിശാലമനസ്സ് കാട്ടണമെന്നും കടുത്ത നിബന്ധനകള്‍ അടുത്ത സാമ്പത്തിക വര്‍ഷം മാത്രം നടപ്പാക്കിയാല്‍ മതിയെന്നും ബെഞ്ച് പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കേരളത്തിന് വേണ്ടി ഹാജരായത്. സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31നകം കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കാനാണ് ബെഞ്ച് നിര്‍ദേശിച്ചിട്ടുള്ളത്.
കേസിന്റെ പശ്ചാത്തലം
കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെന്ന് കാട്ടി കേരളം സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ തുടര്‍വാദം കേള്‍ക്കുകയായിരുന്നു കോടതി. 26,000 കോടി രൂപ വായ്പ എടുക്കാന്‍ അനുവദിക്കണമെന്നും കേരളം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. 13,608 കോടി രൂപ വായ്പ എടുക്കാന്‍ തത്കാലം അനുവദിക്കാമെന്നും ബാക്കിത്തുകയ്ക്കായി കേന്ദ്രവുമായി ചര്‍ച്ച ചെയ്യാനുമാണ് സുപ്രീം കോടതി നേരത്തേ നിര്‍ദേശിച്ചത്.
ഇതുപ്രകാരം ആദ്യഘട്ടമായി 8,742 കോടി രൂപ വായ്പ എടുക്കാന്‍ കേരളത്തെ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഇന്ന് കേരളം 5,000 കോടി രൂപ വായ്പ എടുക്കുകയും ചെയ്യും (Click here to read more). മൊത്തം 19,370 കോടി രൂപ വായ്പ എടുക്കാന്‍ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം തള്ളിയ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കോടതിയെ സമീപിച്ചത്.