ചൈനീസ് കമ്പനിയെ നീക്കാന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ ടെന്‍ഡര്‍ റെയില്‍വെ റദ്ദാക്കി

Update: 2020-08-22 06:08 GMT

ടെന്‍ഡറിനു പിന്നില്‍ ചൈനീസ് കമ്പനിയുടെ സാന്നിധ്യം; 44 സെമി ഹൈസ്പീഡ് 'വന്ദേ ഭാരത്' ട്രെയിനുകള്‍ നിര്‍മിക്കാനുളള ടെന്‍ഡര്‍ നടപടികള്‍ റെയില്‍വെ റദ്ദാക്കി. മെയ്ക്ക് ഇന്‍ ഇന്ത്യക്ക് മുന്‍ഗണന നല്‍കി ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ ടെന്‍ഡര്‍ വിളിക്കും.കോവിഡ് 19 നിരീക്ഷണത്തിന് വേണ്ടിയുളള തെര്‍മല്‍ ക്യാമറകളുടെ ടെണ്ടറും ഇതിനകം റെയില്‍വേ റദ്ദാക്കിയിരുന്നു.

ആഭ്യന്തര കമ്പനികളാണ് ടെണ്ടര്‍ എടുത്തിരിക്കുന്നതെന്ന് ഉറപ്പാക്കുന്നതില്‍ അതീവശ്രദ്ധ പുലര്‍ത്തിയിരുന്ന റെയില്‍വേ പദ്ധതിക്കായി ചൈനീസ് സംയുക്ത സംരംഭവും ഉണ്ടെന്ന് ബോധ്യപ്പെട്ടതോടെ  ടെണ്ടര്‍ റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്, ഭാരത് ഇന്‍ഡസ്ട്രീസ്, സന്‍ഗ്രുര്‍, ഇലക്ട്രോവേവ്‌സ് ഇലക്ട്രോണിക്‌സ് പ്രൈവറ്റ് ലിമിററഡ്, പവര്‍ണെറ്റിക്‌സ് എക്യുപ്‌മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിററഡ് എന്നിവയാണ് മറ്റുളള അഞ്ചുകമ്പനികള്‍.

ആറ് കമ്പനികളാണ് 44 സെമി ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ സമര്‍പ്പിച്ചത്. ഇതില്‍ ഒന്ന് ചൈനീസ് കമ്പനിയുമായി ചേര്‍ന്നുള്ള സിആര്‍ആര്‍സി പയനിയര്‍ ഇലക്ട്രിക് പ്രൈവറ്റ് ലിമിറ്റഡിന്റേതായിരുന്നു. ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിആര്‍ആര്‍സി യോങ്ജി ഇലക്ട്രിക് കമ്പനി ലിമിറ്റഡും ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫില്‍-മെഡ് പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ 2015-ലാണ് സംയുക്ത സംരംഭം രൂപീകരിച്ചത്.

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം ചൈനയ്‌ക്കെതിരെ കടുത്ത നിയന്ത്രണങ്ങള്‍ ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്നു.ചൈനീസ് ആപ്പുകളും നിരോധിച്ചു. സോളാര്‍ ഉപകരണങ്ങള്‍ പോലുളള ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി മിക്കവാറും ഇല്ലാതായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News