തക്കാളിയുടെ തീ വില നിങ്ങളുടെ വായ്പാഭാരവും കൂട്ടും!

തക്കാളി വിലയുടെ ചുവടുപിടിച്ച് ഭക്ഷ്യവിലപ്പെരുപ്പം കൂടിയാല്‍ റിസര്‍വ് ബാങ്ക് പലിശനിരക്ക് കൂട്ടാന്‍ മടിച്ചേക്കില്ല

Update: 2023-07-08 10:38 GMT

Image : Canva

കഴിഞ്ഞ കുറച്ച്‌ ദിവസമായി അടുക്കള ബജറ്റിന്റെ താളം തെറ്റിച്ച് കുതിക്കുകയാണ് തക്കാളി വില. ഇന്ന് കേരളത്തില്‍ പലയിടത്തും  വില 125 രൂപ മുതൽ 160 രൂപ വരെയാണ് കിലോയ്ക്ക് വില. മുംബൈ, കൊല്‍ക്കത്ത തുടങ്ങിയിടങ്ങളില്‍ 160 രൂപയ്ക്കു മുകളിലും. തക്കാളി വന്‍തോതില്‍ കൃഷി ചെയ്യുന്ന പ്രദേശങ്ങളിലുണ്ടായ മഴയും കൃഷിനാശവുമാണ് വിലയെ ബാധിച്ചത്. ഒരു ലിറ്റർ  പെട്രോളിന്റെ വിലയേക്കാള്‍ കൂടുതലാണ് നിലവില്‍ തക്കാളിക്ക്. തക്കാളി മാത്രമല്ല, ഇഞ്ചി പച്ചമുളക് തുടങ്ങിയവയുടെ വിലയും ഉയരത്തില്‍ തന്നെ. തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറികളുടെ വില കുതിച്ചുയരുന്നത് സാധാരണക്കാരുടെ അടുക്കള ബജറ്റില്‍ മാത്രമല്ല പലിശ ബാധ്യതയിലും വര്‍ധനയുണ്ടാക്കും.

റിസർവ് ബാങ്ക് പലിശ കൂട്ടിയേക്കും
പണപ്പെരുപ്പം വിലയിരുത്തിയാണ് റിസര്‍വ് ബാങ്ക് പലിശ നിരക്ക് നിശ്ചയിക്കുന്നത്. അതിൽത്തന്നെ ഭക്ഷ്യ വിലപ്പെരുപ്പം ഒരു പ്രധാന ഘടകമാണ്. തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലകളാണ് ഇതില്‍ പ്രധാനം. രാജ്യത്തെ ഭക്ഷ്യ വിലക്കയറ്റം ജൂണില്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ നാല് ശതമാനം വര്‍ധിക്കുമെന്നാണ് നിരീക്ഷകര്‍ കണക്കാക്കുന്നത്. കഴിഞ്ഞ മാസത്തില്‍ 3.3 ശതമാനമായിരുന്നു വിലക്കയറ്റം. ഈ സാഹചര്യത്തില്‍ വരും മാസങ്ങളില്‍ പലിശ നിരക്ക് ഉയര്‍ത്തിയാലും ആശ്ചര്യപ്പെടേണ്ടതില്ല. ഇത് ഇ.എം.ഐ ഭാരം വര്‍ധിപ്പിക്കും. എല്‍ നിനോയും മോശം കാലാവസ്ഥയും മൂലം പണപ്പെരുപ്പത്തിനുള്ള സാധ്യതയുണ്ടെന്ന് റിസര്‍വ് ബാങ്ക് നേരത്ത തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. 
ഹോട്ടലുകളിൽ നിന്ന് തക്കാളി ഔട്ട്! ബർഗറിലും തക്കാളി ഇല്ല
സാധാരണ ജനങ്ങളെ മാത്രമല്ല മക്‌ഡോണാള്‍സ് പോലുള്ള ഫാസ്റ്റ് ഫുഡ് ശൃംഖലകളെയും ഉയരുന്ന തക്കാളി വില ബാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ പല മക്‌ഡോണാള്‍സ് ഷോപ്പുകളിലും ബര്‍ഗറുകളിലും റാപ്പുകളിലും താത്കാലികമായി തക്കാളി ഉണ്ടാവില്ലെന്ന്  പ്രഖ്യാപിച്ചു കഴിഞ്ഞു.
കേരളത്തിലെ ഭക്ഷണ ശാലകളിലും ഉയരുന്ന തക്കാളി വില പ്രതിസന്ധിയാകുന്നുണ്ട്. പെട്ടെന്ന് വില വര്‍ധിപ്പിക്കാനാകാത്തതിനാല്‍ തക്കാളിയെ ഒഴിവാക്കി ഭക്ഷണം തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ഹോട്ടലുകള്‍. മിക്ക ഭക്ഷണത്തിലും മുഖ്യ ചേരുവയാണ് തക്കാളിയെന്നതിനാല്‍ പൂര്‍ണമായും തക്കാളിയെ ഒഴിവാക്കാനുമാകില്ല.
Tags:    

Similar News