ഇന്നുമുതല്‍ ലോക്ക്ഡൗണിനോട് പറയാം 'ഗുഡ് ബൈ'; ബദല്‍ മാര്‍ഗങ്ങളുണ്ട്

കോവിഡ് വ്യാപനം തടയാന്‍ ലോക്ക്ഡൗണിനേക്കാള്‍ മികച്ച രീതികളുണ്ട്

Update:2021-06-15 12:44 IST

കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനത്ത് തുടരുന്ന ലോക്ക്ഡൗണ്‍ എല്ലാ രംഗത്തും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സംസ്ഥാന വ്യാപക ലോക്ക്ഡൗണ്‍ മാറുമെന്നും പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ വരുമെന്നുമാണ് സൂചന. എന്നിരുന്നാലും കോവിഡ് പ്രതിരോധത്തിന് നിലവില്‍ സ്വീകരിക്കുന്ന തന്ത്രങ്ങള്‍ സമൂഹത്തിലെ ലക്ഷക്കണക്കിന് ആളുകളെ അനുദിനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടുകൊണ്ടിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ ജനജീവിതത്തെ കാര്യമായി ബാധിക്കാതെ തന്നെ കോവിഡ് വ്യാപനം തടയാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുകയാണ് കോഴിക്കോട് ആസ്ഥാനമായുള്ള മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ചീഫ് കണ്‍സള്‍ട്ടന്റ് ആസിഫ് തെയ്യമ്പാട്ടില്‍.

സാമൂഹ്യമാധ്യമങ്ങളിലൂടെയും നേരിട്ടും വിവിധ രംഗങ്ങളിലെ പ്രഗത്ഭരുമായി സംസാരിച്ച് തയ്യാറാക്കിയ നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ആസിഫ്.

''ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയാന്‍ വേണ്ടി ഇപ്പോള്‍ പൊലീസും ഭരണകൂടങ്ങളും അധികാരികളും സ്വീകരിച്ചിരിക്കുന്ന സന്നാഹമത്രയും കോവിഡ് വ്യാപനം തടയാന്‍ വേണ്ടി ജനങ്ങള്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍, അതായത് ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുക, കൃത്യമായ സാമൂഹ്യ അകലം പാലിക്കുക, കൈകള്‍ വൃത്തിയാക്കുക എന്നീ കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ വേണ്ടി വിനിയോഗിച്ചാല്‍ നമുക്കും അടച്ചിടല്‍ ഒഴിവാക്കാം. ജനങ്ങളെ പുറത്തിറക്കാതെയിരിക്കുകയല്ല വേണ്ടത് കൃത്യമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കലാണ്. അതിന് ഇപ്പോഴത്തെ അതേ സന്നാഹങ്ങള്‍ മതി. കാഴ്ചപ്പാട് മാറണം. ശൈലി മാറണം,'' ആസിഫ് തെയ്യമ്പാട്ടില്‍ പറയുന്നു.
ഇനിയും അടച്ചിടല്‍ പരിഹാരമല്ല
വാരാന്ത്യങ്ങളിലെ കര്‍ശന നിയന്ത്രണങ്ങള്‍ മൂലം ജനങ്ങള്‍ അതിന് തൊട്ടുമുമ്പുള്ള ദിവസം ഒരു നിയന്ത്രണവുമില്ലാതെയാണ് പുറത്തിറങ്ങുന്നത്. ഇനിയും ഇത്തരം നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചാല്‍ കുറച്ച് സമയത്തിനുള്ളില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കേണ്ടതിനാല്‍ ജനങ്ങള്‍ തിരക്ക് കൂട്ടാന്‍ ഇടയുണ്ട്. അതുകൊണ്ട് ഇന്നു മുതല്‍ കോവിഡ് വ്യാപനം തടയാനുള്ള കാര്യങ്ങളില്‍ വരുത്തേണ്ട ചില നിര്‍ദേശങ്ങളും മുന്നോട്ട് വെയ്ക്കുന്നുണ്ട്.

$ കച്ചവട സ്ഥാപനങ്ങള്‍, യാത്രകള്‍, പൊതു - സ്വകാര്യ ചടങ്ങുകള്‍ എന്നിവയ്ക്ക് അനുവദിച്ച സമയം ചുരുങ്ങിയത് 50 ശതമാനമെങ്കിലും കൂട്ടുക. സമയം കൂട്ടി നല്‍കുമ്പോള്‍ ജനങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാം നടത്തിയെടുക്കാന്‍ വേണ്ടി തിരക്കുകൂട്ടി ഇറങ്ങില്ല.

$ കച്ചവട സ്ഥാപനങ്ങള്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുക. വിശേഷ ദിവസങ്ങളിലെ ഓഫറുകള്‍ ആള്‍ക്കൂട്ടത്തിന് ഇടയാക്കും

$ വ്യവസായ - വാണിജ്യ സ്ഥാപനങ്ങളിലെ കാര്‍പ്പറ്റ് ഏരിയക്ക് അനുസൃതമായി അവിടേക്കുള്ള പ്രവേശനം നിജപ്പെടുത്തുക. ഓരോ സ്ഥാപനത്തിലും കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഒരു ജീവനക്കാരനെ തന്നെ ചുമതലപ്പെടുത്തുക. കൃത്യമായ രീതിയില്‍ ഓരോ ദിവസത്തെയും കാര്യങ്ങള്‍ രേഖപ്പെടുത്തുക. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നുവെന്നത് കണ്ടാല്‍ കനത്ത പിഴ ഈടാക്കുക.

$ വാഹനത്തില്‍ നിന്ന് ഇറങ്ങാതെയുള്ള ഷോപ്പിംഗ് പ്രോത്സാഹിപ്പിക്കുക. നേരത്തെ ഓര്‍ഡര്‍ നല്‍കിയ സാധനങ്ങള്‍ ഉപഭോക്താക്കള്‍ വരുമ്പോള്‍ കടയിലെ ജീവനക്കാര്‍ കൈമാറുന്ന വിധത്തിലേക്കുള്ള കച്ചവട രീതി കൂടുതല്‍ പ്രോത്സാഹിപ്പിക്കുക. കടയില്‍ നേരിട്ടെത്തുന്നവര്‍ക്ക് കടയില്‍ തുടരാന്‍ നിശ്ചിത സമയം മാത്രം അനുവദിക്കുക. അതിനുള്ളില്‍ ഷോപ്പിംഗ് തീര്‍ന്നില്ലെങ്കില്‍ വീണ്ടും അവരെ ടേണ്‍ അടിസ്ഥാനത്തില്‍ മാത്രം കടകളിലേക്ക് കയറ്റുക.

$ ഓണ്‍ലൈന്‍ രീതികളിലേക്ക് മാറാന്‍ ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് വേണ്ട പിന്തുണ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഉറപ്പാക്കുക.

$ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഷോപ്പിംഗ് കാര്‍ട്ടുകള്‍ തമ്മില്‍ നിശ്ചിത അകലം ഉറപ്പാക്കാന്‍ സഹായിക്കുന്ന ഇലക്ട്രോണിക് സംവിധാനം നിര്‍ബന്ധമാക്കുക.

$ വാഹനത്തില്‍ നിന്നിറങ്ങാതെയുള്ള ഡൈനിംഗ് രീതികള്‍ പ്രോത്സാഹിപ്പിക്കുക.

നിര്‍ദേശങ്ങളുടെ പൂര്‍ണ രൂപം https://www.atbc.co/portfolio/report-on-alternatives-to-lockdown എന്ന വിലാസത്തില്‍ ലഭിക്കും.


Tags:    

Similar News