സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കല്‍ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷ; തോമസ് ജോണ്‍ മുത്തൂറ്റ്

മുത്തൂറ്റ് ഫിന്‍കോര്‍പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ തോമസ് ജോണ്‍ മുത്തൂറ്റ് പറയുന്നു, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങളില്‍ കേരളത്തിന് പ്രാധാന്യം നല്‍കിയത് കേന്ദ്ര സര്‍ക്കാരിന്റെ കാലികമായ ഇടപെടല്‍.

Update:2021-02-01 17:25 IST

എല്ലാ നിര്‍ണായക മേഖലകളെയും ഉള്‍ക്കൊള്ളുന്ന ധീരമായ നടപടികള്‍ സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുക്കല്‍ പ്രക്രിയയെ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് ചെയര്‍മാന്‍& മാനേജിംഗ് ഡയറക്റ്റര്‍, സിഐഐ കേരള ചെയര്‍മാനും തോമസ് ജോണ്‍ മുത്തൂറ്റ്. കേരളത്തിന് യൂണിയന്‍ ബജറ്റില്‍ ഒരു സുപ്രധാന സ്ഥാനം ലഭിച്ചുവെന്നത് കേന്ദ്ര സര്‍ക്കാരിന്റെ കാലികമായ ഇടപെടലാണെന്നും ഇത് ഏറെ സന്തോഷകരമെന്നും അദ്ദേഹം പറഞ്ഞു.

''ദേശീയപാത വികസനത്തിനായി 55,000 കോടി രൂപ അനുവദിച്ചത് മികച്ച പ്രഖ്യാപനം തന്നെ. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കേരളത്തിലെ ദേശീയപാതകള്‍ വലിയൊരുരു ഊര്‍ജമാകും' -അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 65,000 കോടി രൂപയുടെ 1,100 കിലോമീറ്റര്‍ റോഡുകള്‍,വ്യാവസായിക ഇടനാഴികള്‍ എന്നിവയും കൊച്ചി മെട്രോയുടെ വിപുലീകരണ പദ്ധതിയും അദ്ദേഹം എടുത്തു പറഞ്ഞു. മാന്ദ്യത്തിലൂടെ മുന്നോട്ട് പോകാന്‍ പ്രയാസപ്പെടുന്ന വിവിധ മേഖകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ബജറ്റാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനം പകരുന്നതാണ് ഇത്തവണത്തെ നിര്‍മല സീതാരാമന്‍ ബജറ്റെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വര്‍ണത്തിന്റെ വില കുറയാന്‍ വഴിയൊരുക്കുന്ന കസ്റ്റംസ് തീരുവ കുറയ്ക്കാനുള്ള പുതിയ തീരുമാനം സാധാരണക്കാര്‍ക്കും സ്വര്‍ണ സമ്പാദ്യം കൂട്ടാനുള്ള വഴിയൊരുക്കും. കുറഞ്ഞ വിലയില്‍ സ്വര്‍ണവും വെള്ളിയും വാങ്ങാനാകുമെന്നതിനാല്‍ ഈ രംഗത്തെ വ്യാവസായിക മാന്ദ്യത്തിനും ഒരു പരിധി വരെ കുറവുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ അസറ്റ് ധന സമ്പാദന പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത് ഒരു മികച്ച സംരംഭമാണെന്നും അദ്ദേഹം പറഞ്ഞു.
ചൈന കഴിഞ്ഞാല്‍ സ്വര്‍ണം ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യയില്‍ 12.5 ശതമാനമാണു നിലവിലെ ഇറക്കുമതി തീരുവ. കോവിഡും ലോക്ഡൗണും ഒപ്പം വിലയിലുണ്ടായ കുതിപ്പും കാരണം കഴിഞ്ഞവര്‍ഷം ആഭ്യന്തര സ്വര്‍ണം വാങ്ങല്‍ കുറഞ്ഞിരുന്നു. എന്നാല്‍ തീരുവ കുറയുന്നതോടെ വാങ്ങല്‍ വിപണിക്ക് ഉത്തേജനമാകും.
രാജ്യത്തിന്റെ ജിഡിപിയുടെ 7.5 ശതമാനം സംഭാവന ചെയ്യുന്ന ആഭരണ വിപണിക്ക് ഇത് വലിയ കരുത്താകും. ഇത് ഈ മേഖലയിലെ മറ്റ് അസ്വഭാവിക പ്രവണതകളെയും ഇല്ലാതാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സിഐഐ സംഘടിപ്പിച്ച ബജറ്റ് അവലോകന സമ്മേളനത്തില്‍ വിര്‍ച്വല്‍ ആയി തത്സമയം സംസാരിക്കുകയായിരുന്നു അദ്ദേഹം.


Tags:    

Similar News