വീട്ടിലിരുന്ന് ജോലി ചെയ്യുകയാണോ? സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കൂ

Update:2020-04-16 17:28 IST

ലോക്ഡൗണ്‍ സാഹചര്യത്തില്‍ കൂടുതല്‍ക്കൂടുതല്‍ കമ്പനികള്‍ തങ്ങളുടെ ജീവനക്കാരോട് വീട്ടിലിരുന്നുകൊണ്ട് ജോലി ചെയ്യാന്‍ ആവശ്യപ്പെടുകയാണ്. യാത്രാവിലക്ക് നീങ്ങിയാലും തൊഴില്‍ സാഹചര്യങ്ങള്‍ സാധാരണഗതിയിലാകാന്‍ ഇനിയും ഏറെ സമയമെടുക്കും എന്ന് തന്നെയാണ് സൂചനകള്‍. കൂടുതല്‍പ്പേര്‍ വര്‍ക് ഫ്രം ഹോം അഥവാ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി സ്വീകരിച്ചതോടെ സൈബര്‍ ആക്രമണങ്ങള്‍ നല്ല രീതിയില്‍ കൂടിയിട്ടുണ്ട്.

ഈ അവസ്ഥയില്‍ വര്‍ക് ഫ്രം ഹോം അഥവാ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ സൈബര്‍ സെക്യൂരിറ്റിയുടെ കാര്യത്തില്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്നാണ് ആഭ്യന്തരമന്ത്രാലയം ശുപാര്‍ശ ചെയ്യുന്നത്. ഇതിനായി ആഭ്യന്തരമന്ത്രാലയം സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററുമായി ചേര്‍ന്ന് തരുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍.

1. നേരത്തെ കിട്ടിയ ഡീഫോള്‍ട്ട് പാസ് വേര്‍ഡുകള്‍ തന്നെ ഉപയോഗിക്കുന്നവര്‍ അത് മാറ്റി ഊഹിച്ചെടുക്കാന്‍ പറ്റാത്ത ശക്തമായ പാസ് വേര്‍ഡുകള്‍ ഇടുക. ഇ-മെയ്‌ലിന് മാത്രമല്ല എല്ലാ ഡിവൈസുകളുടെയും ഓണ്‍ലൈന്‍ എക്കൗണ്ടുകളുടെയും പാസ് വേര്‍ഡുകള്‍ മാറ്റുക.

2. നിങ്ങളുടെ പെഴ്‌സണല്‍ ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുന്നതിന് പകരം കമ്പനി തന്നിരിക്കുന്ന കംപ്യൂട്ടറോ ലാപ്‌ടോപ്പോ മാത്രം ഉപയോഗിക്കുക.

3. ജോലിക്കായി ഉപയോഗിക്കുന്ന ഡിവൈസുകള്‍ മറ്റ് സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുത്.

4. മീറ്റിംഗ് ലിങ്കുകള്‍ പരസ്യമായോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയോ ഷെയര്‍ ചെയ്യരുത്. അതിന് സ്ഥാപനത്തിന്റെ ഇ-മെയ്ല്‍ ഉപയോഗിക്കാം.

5. നിങ്ങളുടെ കമ്പനിയുടെ അനുമതിയുള്ള, വിശ്വസനീയ ആപ്പുകള്‍ മാത്രമേ വീഡിയോ, കോള്‍ കോണ്‍ഫറന്‍സിംഗിന് ഉപയോഗിക്കാന്‍ പാടുള്ളു. അതുപോലെ തന്നെ ജോലി ചെയ്യുന്നത് കമ്പനി അംഗീകരിച്ച ഓപ്പറേറ്റിംഗ് സോഫ്റ്റ് വെയറുകള്‍ മാത്രം ഉപയോഗിക്കുക.

6. ആന്റിവൈറസ് ഉണ്ടെന്ന് ഉറപ്പുവരുത്തുക. എല്ലാ ആപ്പുകളും അപ്‌ഡേറ്റഡ് ആയിരിക്കണം.

7. ആവശ്യമില്ലെങ്കില്‍ 'റിമോട്ട് ആക്‌സസ്' സൗകര്യം ഡിസേബിള്‍ ചെയ്തുവെക്കുക. ഈ സൗകര്യം ഉപയോഗിക്കുന്നുണ്ടെങ്കില്‍ കൃത്യമായ സുരക്ഷിതത്വം ഉണ്ടെന്ന് ഉറപ്പുവരുത്തുക.

8. ഓഫീസ് സിസ്റ്റത്തിലേക്ക് ആക്‌സസ് ചെയ്യുന്നതിന് സുരക്ഷിതമായ നെറ്റ്‌വര്‍ക് മാത്രം ഉപയോഗിക്കുക.

9. ഫിഷിംഗ് ഇമെയ്‌ലുകള്‍ക്ക് അതീവ ശ്രദ്ധ കൊടുക്കുക. എല്ലാ ലിങ്കുകളും തുറക്കുന്നതിന് മുമ്പ് കൃത്യമായി പരിശോധിക്കുക.

10. ഓപ്പണ്‍ ആയതും സൗജന്യമായതുമായ വൈ-ഫൈ നെറ്റ്‌വര്‍ക്കുകള്‍ ഒഴിവാക്കുക. നിങ്ങളുടെ വീട്ടിലെ വൈ-ഫൈ പാസ്‌വേര്‍ഡ് മാറ്റി പുതിയത് ഇടുക. അതുപോലെ അഡ്മിന്‍ പാസ്‌വേര്‍ഡുകളും മാറ്റുക.

11. നിങ്ങളുടെ തൊഴില്‍ദാതാവ് പറഞ്ഞിരിക്കുന്ന സെക്യൂരിറ്റി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച് മുന്നോട്ടുപോകുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News