കേരളമില്ല, ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിശീർഷ വരുമാനമുളള സംസ്ഥാനങ്ങള്‍ ഇവയാണ്

പ്രതിശീർഷ വരുമാനം സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും മൊത്തത്തിലുള്ള വളർച്ചയെയും കാണിക്കുന്നു

Update:2024-09-27 17:20 IST

Image Courtesy: Canva

ഒരു സംസ്ഥാനത്തിന്റെ പ്രതിശീർഷ വരുമാനം അതിന്റെ സമ്പദ്‌വ്യവസ്ഥയെയും മൊത്തത്തിലുള്ള വളർച്ചയെയും കാണിക്കുന്നതിൽ ഒരു പ്രധാന ഘടകം വഹിക്കുന്നു. സംസ്ഥാനത്തെ പൗരന്മാരുടെ ശരാശരി വരുമാനം അനുസരിച്ചാണ് പ്രതിശീർഷ വരുമാനവും ഉയരുന്നത്.
ഭരണ നിര്‍വഹണം, വിഭവ സമാഹരണം, പ്രാദേശിക വ്യവസായങ്ങൾ എന്നിവയുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും എടുത്തു കാണിക്കുന്നതാണ് ഈ സൂചിക. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ റിപ്പോർട്ട് അനുസരിച്ചാണ് പ്രതിശീർഷ വരുമാനമുളള സംസ്ഥാനങ്ങളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. ദേശീയ ശരാശരിയുടെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളുടെ പ്രതിശീർഷ വരുമാനം കണക്കാക്കിയിരിക്കുന്നത്.

ഏറ്റവും ഉയര്‍ന്ന പ്രതിശീർഷ വരുമാനമുളള ആദ്യ 5 സംസ്ഥാനങ്ങളില്‍ കേരളമില്ല എന്നത് ശ്രദ്ധേയമാണ്. 100.32 ശതമാനമാണ് കേരളത്തിന്റെ പ്രതിശീർഷ വരുമാനം.

തെലങ്കാന

176.8 ശതമാനം പ്രതിശീർഷ വരുമാനവുമായി തെലങ്കാനയാണ് ഒന്നാം സ്ഥാനത്തുളളത്. 2014 ൽ രൂപീകൃതമായത് മുതൽ ഈ സംസ്ഥാനം ഒരു പ്രധാന സാമ്പത്തിക ശക്തിയായി അതിവേഗം വളരുകയാണ്. കൃഷി, വിവരസാങ്കേതികവിദ്യ, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ സുപ്രധാന മേഖലകളിൽ തെലങ്കാന വലിയതോതിൽ വളരുകയാണ്. ഗണ്യമായ നിക്ഷേപങ്ങള്‍ ഒഴുകുന്ന തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദ് രാജ്യത്തെ ഒരു പ്രധാന ടെക് ഹബ്ബാണ്.

ഹരിയാന

ഹരിയാനയുടെയും പ്രതീശീര്‍ഷ വരുമാനം 176.8 ശതമാനമാണ്. വിവരസാങ്കേതികവിദ്യ, ഓട്ടോമൊബൈൽ, നിർമ്മാണം എന്നിവയുൾപ്പെടെയുള്ള മേഖലകളില്‍ നിന്നുള്ള ഗണ്യമായ സംഭാവനകൾക്കൊപ്പം ഈ സംസ്ഥാനത്തിന് ശക്തമായ ഒരു വ്യാവസായിക അടിത്തറയുമുണ്ട്. ഹരിയാന അതിന്റെ മികച്ച കാർഷിക ഉൽപ്പാദനക്ഷമതയ്ക്കും പേരുകേട്ടതാണ്.

 ഡൽഹി

167.5 ശതമാനം ആളോഹരി വരുമാനവുമായി ദേശീയ തലസ്ഥാനമായ ഡൽഹി മൂന്നാം സ്ഥാനത്താണ്. ടെക്‌നോളജി, ഫിനാൻസ്, ഹോസ്പിറ്റാലിറ്റി, സേവന രംഗം തുടങ്ങിയ മേഖലകളിൽ ഡല്‍ഹി തഴച്ചുവളരുകയാണ്. കൂടാതെ ഡല്‍ഹിയിലെ ശക്തമായ തൊഴിൽ വിപണി ഗണ്യമായ വൈവിധ്യമാർന്ന തൊഴിൽ ശക്തിയെയും ആകർഷിക്കുന്നു.

മഹാരാഷ്ട്ര

വിനോദം, നിർമ്മാണം, ധനകാര്യം തുടങ്ങിയ പ്രധാന മേഖലകളില്‍ വേരുകളുള്ള മഹാരാഷ്ട്രയില്‍ 150.7 ശതമാനം പ്രതിശീർഷ വരുമാനവുമായി നാലാം സ്ഥാനത്താണ്. സംസ്ഥാനത്തെ പുണെ, മുംബൈ തുടങ്ങിയ സുപ്രധാന നഗരങ്ങൾ ശ്രദ്ധേയമായ സാമ്പത്തിക വളർച്ചയ്ക്ക് പ്രധാന സംഭാവന നൽകുന്നു.

ഉത്തരാഖണ്ഡ്

ഈ സംസ്ഥാനത്തിന്റെ ആകർഷണീയമായ പ്രകൃതി സൗന്ദര്യം എല്ലാ വർഷവും ധാരാളം വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. 145.5 ശതമാനമാണ് ഉത്തരാഖണ്ഡിന്റെ പ്രതിശീർഷ വരുമാനം. ടൂറിസത്തിലെ വലിയ അവസരങ്ങള്‍ ഉത്തരാഖണ്ഡിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പ്രധാനമായും സംഭാവന ചെയ്യുന്നു. പുനരുപയോഗ ഊർജം, ഫാർമസ്യൂട്ടിക്കൽ മേഖലകളിലേക്ക് കൂടി ഉത്തരാഖണ്ഡ് അടുത്തിടെ പ്രവേശിച്ചിരിക്കുകയാണ്. കൂടാതെ കൃഷിയും സംസ്ഥാനത്തിന്റെ സമ്പദ് വളര്‍ച്ചയ്ക്ക് ശക്തി പകരുന്ന ഘടകമാണ്.
Tags:    

Similar News