ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിലെ മാനദണ്ഡങ്ങളില്‍ രാജ്യവ്യാപകമായി ഇളവ് വന്നു തുടങ്ങിയതോടെ ഗതാഗതം വര്‍ദ്ധിച്ചുവരുന്നതായും വിതരണ ശൃംഖലകള്‍ കൂടുതല്‍ സജീവമാവുന്നതായും നിരീക്ഷണം. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) ഏപ്രില്‍ 20 ന് ദേശീയപാതകളില്‍ ടോള്‍ പിരിവ് പുനരാരംഭിച്ചത് ക്രമേണ ഗതാഗതം വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയോടെയായിരുന്നെങ്കിലും ദിവസങ്ങളോളം വരുമാനം നാമമാത്രമായിരുന്നു. പക്ഷേ, ഇപ്പോള്‍ സ്ഥതി മാറുന്നതായി അധികൃതര്‍ പറഞ്ഞു.
ആദ്യ സെറ്റ് ഇളവുകള്‍ പ്രഖ്യാപിച്ച ഏപ്രില്‍ 20 മുതല്‍ റോഡുകളില്‍ 25 ശതമാനം ഗതാഗതം തിരികെ വരുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ ചരക്കുകളുമായി ബന്ധപ്പെട്ട വിവിധ സപ്ലൈ ചെയിന്‍ തകരാറുകള്‍ കാരണം ഗതാഗതം 10-15 ശതമാനമേ ഉണ്ടായുള്ളൂ. ഫാക്ടറികള്‍ തുറന്നെങ്കിലും ഷോറൂമുകള്‍ തുറന്നില്ല. അതിനാല്‍, നിര്‍മ്മാണ യൂണിറ്റുകളില്‍ നിന്ന് സാധനങ്ങള്‍ കടത്താന്‍ ഡീലര്‍മാര്‍ താല്‍പര്യം കാണിച്ചില്ല. കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും അവസ്ഥയും ഇതായിരുന്നെന്ന് ഇന്ത്യന്‍ ഫൗണ്ടേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് സീനിയര്‍ ഫെലോയും കോര്‍ഡിനേറ്ററുമായ എസ് പി സിംഗ് പറഞ്ഞു.
അതേസമയം, ദേശീയപാതകളില്‍ ഗതാഗതം ക്രമേണ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇളവുകള്‍ക്കൊപ്പം ഇത് ഇനിയും വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷയെന്നും എന്‍എച്ച്എഐ ചെയര്‍മാന്‍ സുഖ്ബീര്‍ സിംഗ് സന്ധു പറഞ്ഞു.നിലവില്‍ 30-50 ശതമാനം വരെയാണ് പ്രധാന റോഡുകളിലൂടെയുള്ള ഗതാഗതം. എന്നാല്‍, എല്ലാ സംസ്ഥാനങ്ങളിലും ഇത് ഒരുപോലെയല്ല. ഉദാഹരണത്തിന്, പഞ്ചാബില്‍ കാര്‍ഷിക സംബന്ധിയായി ധാരാളം ഗതാഗതം പെട്ടെന്നു തന്നെ പുനര്‍ജീവിച്ചു. പിന്നീട് വ്യാവസായിക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടും ഗതാഗതം കൂടിവരുന്നുണ്ട്.
ലോക്ക്ഡൗണിനിടയില്‍ അവശ്യവസ്തുക്കള്‍ മാത്രം കടത്തിവിടാന്‍ അനുവദിച്ചതിനാല്‍ ദേശീയാടിസ്ഥാനത്തില്‍ മാര്‍ച്ച് അവസാന വാരം മുതല്‍ ഏപ്രില്‍ പകുതി വരെയുള്ള ഗതാഗതം 5 ശതമാനമായിരുന്നുവെന്ന് ഓള്‍ ഇന്ത്യന്‍ മൊബൈല്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ നവീന്‍ കുമാര്‍ ഗുപ്ത പറഞ്ഞു. പക്ഷേ, ഇത് ഇപ്പോള്‍ 20 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്. പക്ഷേ ഡ്രൈവര്‍മാരുടെയും തൊഴിലാളികളുടെയും കുറവ് വലിയ പ്രശ്‌നം തന്നെയാണിപ്പോഴും.
പണം വന്‍തോതില്‍ ആവശ്യമായി വരുന്നതാണ് ഗതാഗത ബിസിനസ്. ചെറുകിടക്കാരുടേതാണ് മൊത്തം ട്രക്കുകളില്‍ 85 ശതമാനവും. പണമില്ലാതെ ഇവര്‍ക്കു പ്രവര്‍ത്തിക്കാനാവില്ലെന്നും നവീന്‍ കുമാര്‍ ഗുപ്ത പറഞ്ഞു. അതേസമയം, ഈ രംഗത്തെ വലിയ നിക്ഷേപകര്‍ക്ക് ക്രെഡിറ്റ് നേടാന്‍ കഴിയും. പക്ഷേ ബിസിനസ്സില്‍ അവരുടെ പങ്ക് ഗണ്യവുമല്ല. കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് അടിയന്തര സേവനങ്ങള്‍ സുഗമമാക്കുന്നതിനായി മാര്‍ച്ച് 25 ദേശീയപാതകളില്‍ ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവച്ചെങ്കിലും ഏപ്രില്‍ 20 ന് ഇത് പുനരാരംഭിച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline