രാജ്യത്തെ മൂന്നില്‍ രണ്ടു പേരും പ്രതിരോധ ശേഷി നേടിയെന്ന് സര്‍വേ
40 കോടി ജനങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണിയിലാണെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി (ഐസിഎംആര്‍)ന്റെ നാലാമത് സെറോസര്‍വേ വ്യക്തമാക്കുന്നു
രാജ്യത്തെ ആറ് വയസ്സിന് മേല്‍ പ്രായമുള്ളവരില്‍ മൂന്നില്‍ രണ്ടു പേരിലും കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി രൂപപ്പെട്ടുവെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി (ഐസിഎംആര്‍)ന്റെ നാലാമത് സെറോസര്‍വേ. എന്നിരുന്നാലും ഏകദേശം 40 കോടിയോളം ആളുകള്‍ ഇപ്പോഴും ഭീഷണി നേരിടുന്നുണ്ട്.
ജൂണ്‍-ജൂലൈ മാസങ്ങളിലായാണ് സര്‍വേ നടന്നത്. 67.6 ശതമാനം പേരിലും കോവിഡിനെതിരായ ആന്റിബോഡി രൂപപ്പെട്ടിട്ടുണ്ടെന്നാണ് പരിശോധനകളില്‍ വ്യക്തമായത്. ആരോഗ്യപ്രവര്‍ത്തകരില്‍ 85 ശതമാനം പേരിലും കോവിഡിന് കാരണമായ സാര്‍സ്-കോവ്-2 വൈറസിനെതിരായ ആന്റിബോഡി ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. 7252 ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ 28875 പേരെയാണ് ഐസിഎംആര്‍ പഠനവിധേയമാക്കിയത്. രാജ്യത്തെ 70 ജില്ലകളില്‍ നിന്നുള്ളവരാണിവര്‍.
പഠനപ്രകാരം 45-60 പ്രായമായവരിലാണ് കോവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ കണ്ടത്. 77.6 ശതമാനം. 60 ന് മേല്‍ പ്രായമുള്ള 76.7 ശതമാനം പേരെ ബാധിച്ചപ്പോള്‍ 18-44 പ്രായമുള്ള 66.7 പേരിലാണ് രോഗം കണ്ടെത്തിയത്.