നിക്ഷേപകര്‍ക്കും പ്രൊഫഷണലുകള്‍ക്കും പൗരത്വവുമായി യുഎഇ
ഇതോടെ യുഎഇയിലെ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം പുതിയ പൗരന്മാര്‍ക്കും ലഭ്യമാകും
വിദേശത്തു നിന്നുള്ള ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, നിക്ഷേപകര്‍ അവരുടെ കുടുംബം തുടങ്ങിയവര്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള ഭേദഗതികളുമായി യുഎഇ ഭരണകൂടം. ഓരോ വിഭാഗത്തിലുമുള്ളവര്‍ക്ക്, യുഎഇ കാബിനറ്റ്, ലോക്കല്‍ എമിരിറ്റി കോര്‍ട്ട്, എക്‌സിക്യൂട്ടിവ് കൗണ്‍സിലുകള്‍ എന്നിവയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാകും പൗരത്വം അനുവദിക്കുകയെന്ന് യുഎഇ ഭരണാധികാരിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിജ് അല്‍ മഖ്തൂം ട്വിറ്ററിലൂടെ അറിയിച്ചു.
ജന്മനാട്ടിലെ പൗരത്വം നിലനിര്‍ത്തിക്കൊണ്ടു തന്നെ യുഎഇ പാസ്‌പോര്‍ട്ടിന് ഈ നിയമം അനുമതി നല്‍കും. പാസ്‌പോര്‍ട്ട് ലഭിക്കുന്നതോടെ യുഎഇ പൗരന്മാര്‍ക്ക് ലഭ്യമായ സൗജന്യ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഭവന വായ്പ, ഗ്രാന്റുകള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കും അര്‍ഹരായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട് നല്‍കുന്ന ഹ്രസ്വകാല വിസയെടുത്താണ് വിദേശികള്‍ ഇപ്പോള്‍ യുഎഇയില്‍ ജോലി ചെയ്യുന്നതും ബിസിനസ് നടത്തുന്നതും. അടുത്തിടെ പ്രൊഫഷണല്‍സ്, നിക്ഷേപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്ക് ദീര്‍ഘകാലത്തേക്ക് ലഭ്യമാക്കുന്ന തരത്തില്‍ വിസാ നിയമങ്ങളില്‍ ഇളവ് വരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം പത്തു വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ സമ്പ്രദായം ഏര്‍പ്പെടുത്തുകയും ചെയ്തു.
അതേസമയം, കൊറോണ വൈറസ് വ്യാപനവും എണ്ണവിലയിലെ കുറവും അടക്കമുള്ള പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഏറെ ബാധിക്കുകയും ആയിരക്കണക്കിന് വിദേശീയര്‍ രാജ്യം വിട്ട് പോകുകകയും ചെയ്തിരുന്നു.