പ്രവചനങ്ങളെ കടത്തിവെട്ടി യു.എ.ഇ; സാമ്പത്തിക രംഗത്ത് 3.8% വളര്‍ച്ച

എണ്ണ ഇതര മേഖലയിലെ വളര്‍ച്ച 4.5%, നേട്ടമായത് സാമ്പത്തിക പരിഷ്‌കാരങ്ങളെന്ന് മന്ത്രി

Update: 2023-08-02 09:34 GMT

Image : Canva

പ്രവാസി മലയാളികളുടെ പറുദീസയെന്ന വിശേഷണമുള്ള യു.എ.ഇയുടെ സമ്പദ്‌വ്യവസ്ഥ പ്രവചനങ്ങളെയും മറികടന്ന് കുതിക്കുന്നു. 2023ന്റെ ആദ്യപാദത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി/GDP) 3.8 ശതമാനം വളര്‍ന്നുവെന്ന് യു.എ.ഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുള്ള ബിന്‍ തൗക്ക് അല്‍ മാറി പറഞ്ഞു.

യു.എ.ഇയുടെ കേന്ദ്ര ബാങ്ക് പ്രവചിച്ച വാര്‍ഷിക വളര്‍ച്ചയായ 3.3 ശതമാനത്തേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചയാണ് ആദ്യപാദത്തിലുണ്ടായത്. ലോകബാങ്ക് (2.8%), ഐ.എം.എഫ് (3.5%) എന്നിവര്‍ പ്രതീക്ഷിച്ച വളര്‍ച്ചാ അനുമാനത്തെ മറികടക്കാനും യു.എ.ഇക്ക് കഴിഞ്ഞു.
41,830 കോടി ദിര്‍ഹം
ആദ്യപാദ കണക്കുപ്രകാരം 1,500 കോടി ദിര്‍ഹം (33,722 കോടി രൂപ) ഉയര്‍ന്ന് 41,830 കോടി ദിര്‍ഹമാണ് (9.40 ലക്ഷം കോടി രൂപ) യു.എ.ഇയുടെ ജി.ഡി.പി മൂല്യം.
എണ്ണ-ഇതര ജി.ഡി.പി മൂല്യം 1,350 കോടി ദിര്‍ഹം (30,349 രൂപ) വര്‍ദ്ധിച്ച് 31,200 കോടി ദിര്‍ഹമായി (7.01 ലക്ഷം കോടി രൂപ); വളര്‍ച്ച 4.5 ശതമാനം. ഭാവിയെ മുന്നില്‍ക്കണ്ടുള്ള സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളാണ് മികച്ച വളര്‍ച്ച സാദ്ധ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു.
ഗതാഗത, സംഭരണ മേഖലയാണ് 10.9 ശതമാനം വളര്‍ച്ചയുമായി മികച്ച പിന്തുണ നല്‍കിയത്. നിര്‍മ്മാണ മേഖല 9.2 ശതമാനവും താമസ, ഭക്ഷ്യസേവന മേഖല 7.8 ശതമാനവും ധനകാര്യ, ഇന്‍ഷുറന്‍സ് മേഖല 7.7 ശതമാനവും വളര്‍ന്നു. മൊത്ത, ചില്ലറ വില്‍പന മേഖലയുടെ വളര്‍ച്ച 5.4 ശതമാനമാണ്.
Tags:    

Similar News