യുകെയില്‍ ഭക്ഷ്യവില ഉയരുന്നു, പണപ്പെരുപ്പം 40 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

വിലവര്‍ധനവ് യുകെയിലെ മലയാളി വിദ്യാര്‍ത്ഥികളുടെ ചെലവ് ഉയര്‍ത്തും

Update:2022-10-20 10:52 IST

ഭക്ഷ്യ-ഊര്‍ജ്ജ വില വര്‍ധനവ് തുടര്‍ന്നതോടെ യുകെയിലെ (UK) പണപ്പെരുപ്പം (Inflation) സെപ്റ്റംബറില്‍ 10.1 ശതമാനത്തിലെത്തി. കഴിഞ്ഞ 40 വര്‍ഷത്തിനിടയിലെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഓഗസ്റ്റില്‍ 9.9 ശതമാനം ആയിരുന്നു പണപ്പെരുപ്പം. 14.6 ശതമാനം നിരക്കിലാണ് രാജ്യത്ത് ഭക്ഷ്യവില ഉയരുന്നത്. വിലവര്‍ധനവ് യുകെയിലെ മലയാളി വിദ്യാര്‍ത്ഥികളുടെ ചെലവ് ഉയര്‍ത്തും.

വര്‍ഷങ്ങള്‍ക്ക് ശേഷം പണപ്പെരുപ്പം രണ്ടക്കത്തില്‍ എത്തിയത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഇടപെടല്‍ ശക്തമാവാന്‍ കാരണമാവും. നവംബര്‍ മൂന്നിന് ചേരുന്ന യോഗത്തിലാണ് പലിശനിരക്ക് സംബന്ധിച്ച തീരുമാനം ബാങ്ക് ഓഫ് ഇംഗ്ലണ്ട് എടുക്കുക. 2023 ഏപ്രിലില്‍ രാജ്യത്തെ പണപ്പെരുപ്പം 11.9 ശതമാനത്തില്‍ എത്തുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്ചിന്റെ വിലയിരുത്തല്‍. 2023ല്‍ ഉടനീളം നിരക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുമെന്നും ഗോള്‍ഡ് മാന്‍ പറയുന്നു.

വിലക്കയറ്റം തുടരുന്നതിനൊപ്പം ശമ്പള വളര്‍ച്ച (Wage Growth) ഇടിയുന്നതും പൗണ്ടിനെതിരെ ഡോളര്‍ കരുത്താര്‍ജിക്കുന്നതും യുകെയിലെ ജനങ്ങളെ ബാധിക്കുന്നുണ്ട്. രാജ്യത്തെ ശരാശരി ശമ്പള വളര്‍ച്ച 2.9 ശതമാനം ആണ്. മിനി ബജറ്റില്‍ പ്രഖ്യാപിച്ച നികുതി ഇളവുകള്‍ പ്രധാനമന്ത്രി ലിസ് ട്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. നികുതി വര്‍ധിപ്പിച്ചും ചെലവ് ചുരുക്കിയും മുന്നോട്ട് പോവാനാവും സര്‍ക്കാര്‍ ശ്രമിക്കുക. അതേ സമയം മിനി ബജറ്റിലെ തീരുമാനങ്ങള്‍ ഉണ്ടാക്കിയ സാമ്പത്തിക തിരിച്ചടികള്‍ക്ക് മാപ്പ് പറഞ്ഞ പ്രധാനമന്ത്രിയുടെ ജനപ്രീതി വലിയതോതില്‍ ഇടിഞ്ഞിട്ടുണ്ട്. രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതും യുകെയ്ക്ക് തിരിച്ചടിയാണ്.

Tags:    

Similar News