ഡിജിറ്റല്‍ ഗ്രാമങ്ങള്‍ രാജ്യത്തെ മാറ്റുമോ?

Update: 2019-02-01 09:00 GMT

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയുടെ മുന്നേറ്റവും സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയും രാജ്യത്തിന്റെ കുതിപ്പിന് നിര്‍ണ്ണായകമാണെന്ന് ചൂണ്ടിക്കാട്ടുന്ന ബജറ്റാണ് പീയൂഷ് ഗോയല്‍ അവതരിപ്പിച്ചത്.

ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് രാജ്യത്ത് ഒരു ലക്ഷം ഗ്രാമങ്ങളെ ഡിജിറ്റല്‍ ഗ്രാമങ്ങളാക്കി മാറ്റുമെന്ന് അദ്ദേഹം ബജറ്റില്‍ പ്രഖ്യാപിച്ചു. മൊബീല്‍ ഫോണ്‍ കോമണ്‍ സര്‍വീസ് സെന്ററുകള്‍ വഴിയായിരിക്കും ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുക.

അഞ്ചു വര്‍ഷത്തിനിടെ മൊബീല്‍ ഡാറ്റ ഉപയോഗം അമ്പത് ഇരട്ടിയായി വര്‍ധിച്ചു. രാജ്യത്തെ ഡാറ്റ, വോയ്‌സ് കോളുകളുടെ നിരക്കുകള്‍ ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ നിലയിലാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പക്ഷെ ഈ സാഹചര്യത്തിലും രാജ്യത്തെ വിദൂരഗ്രാമങ്ങളിലെ വലിയൊരു ശതമാനം ജനങ്ങള്‍ സാങ്കേതികവിദ്യയില്‍ നിന്ന് ഏറെ അകലെയാണ്. ഈ വിടവ് നികത്താന്‍ ഡിജിറ്റല്‍ ഗ്രാമങ്ങളിലൂടെ എത്രത്തോളം സാധിക്കും എന്നതാണ് പ്രസക്തമായ ചോദ്യം.

മൊബീല്‍, മൊബീല്‍ പാര്‍ട്‌സ് മാനുഫാക്ചറിംഗ് കമ്പനികള്‍ രണ്ടില്‍ നിന്ന് 268 ആയി വര്‍ധിച്ചു. ഇത് വലിയതോതില്‍ തൊഴിലവസരങ്ങള്‍ കൂട്ടി.

കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകളും തൊഴിലവസരങ്ങളും സൃഷ്ടിക്കുക വഴി എല്ലാ പൗരന്മാരിലേക്കും ഗുണഫലങ്ങള്‍ എത്തുന്ന ഡിജിറ്റല്‍ ഇന്ത്യയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ലോകത്തെ സ്റ്റാര്‍ട്ടപ്പുകളുടെ രണ്ടാമത്തെ ഏറ്റവും വലിയ ഹബായി ഇന്ത്യ മാറി.

നാളെയുടെ സാങ്കേതികവിദ്യയായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അഥവാ നിര്‍മിത ബുദ്ധിയെക്കുറിച്ചും ബജറ്റില്‍ പരാമര്‍ശിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയുടെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നാഷണല്‍ പ്രോഗ്രാം ആരംഭിക്കും. നാഷണല്‍ സെന്റര്‍ ഓഫ് എഐ വഴിയായിരിക്കും ഇത് നടത്തുക. കൂടാതെ നാഷണല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോര്‍ട്ടല്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.

Similar News