കര്‍ഷകര്‍ക്ക് കോളടിച്ചേക്കും; പി.എം കിസാന്‍ ആനുകൂല്യത്തുക കൂട്ടാന്‍ കേന്ദ്രം
നിലവില്‍ 6,000 രൂപ വീതമാണ് വരുമാന സഹായം നല്‍കുന്നത്
ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക് വരുമാന പിന്തുണ ഉറപ്പാക്കാനായി ആവിഷ്‌കരിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പി.എം കിസാന്‍ യോജന) പദ്ധതിയിലെ സഹായത്തുക കേന്ദ്രസര്‍ക്കാര്‍ വലിയതോതില്‍ കൂട്ടിയേക്കും. നിലവില്‍ മൂന്ന് ഗഡുക്കളായി പ്രതിവര്‍ഷം ആകെ 6,000 രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്.
ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ഇത് 8,000 രൂപയോ 9,000 രൂപയോ ആയി ഉയര്‍ത്തിയേക്കുമെന്നാണ് സൂചനകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഉടന്‍ നടക്കുമെന്നതിനാല്‍ ഇടക്കാല ബജറ്റായിരിക്കും നിര്‍മ്മല അവതരിപ്പിക്കുക.
എന്നാല്‍, വോട്ട് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടാവുമെന്നാണ് വിലയിരുത്തലുകള്‍. നേരത്തേ, കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമിട്ടെന്നോണം കൊണ്ടുവന്ന മൂന്ന് ബില്ലുകള്‍ കേന്ദ്രത്തിന് തന്നെ തിരിച്ചടിയായിരുന്നു. ബില്ലിനെതിരെ കര്‍ഷകക്ഷോഭം കത്തിയതോടെ ബില്ലുകള്‍ കേന്ദ്രത്തിന് പിന്‍വലിക്കേണ്ടിയും വന്നു. കര്‍ഷകരെ ഒപ്പംനിറുത്താനുള്ള നീക്കങ്ങളുടെ ഭാഗമായിക്കൂടിയാകും പി.എം കിസാന്‍ യോജനയുടെ ആനുകൂല്യം കേന്ദ്രം കൂട്ടുക.
ആര്‍ക്കാണ് നേട്ടം?
ഏകദേശം 15 കോടി കര്‍ഷകര്‍ ഇന്ത്യയിലുണ്ടെന്നാണ് കണക്കുകള്‍. നടപ്പുവര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കണക്കുപ്രകാരം 8.56 കോടി ചെറുകിട, ഇടത്തരം കര്‍ഷകരാണ് പി.എം കിസാന്‍ യോജനയുടെ ആനുകൂല്യം നേടുന്നത്.
2,000 രൂപയുടെ മൂന്ന് ഗഡുക്കളായി ആകെ 6,000 രൂപ നിലവില്‍ ഓരോ സാമ്പത്തിക വര്‍ഷവും ഇവര്‍ക്ക് ലഭിക്കുന്നു. ഇതാണ്, ഇക്കുറി ബജറ്റില്‍ 8,000-9,000 രൂപയായി ഉയര്‍ത്തിയേക്കുക.
കേരളത്തില്‍ 20ലക്ഷത്തിലധികം പേര്‍
പി.എം കിസാന്‍ സമ്മാന്‍ നിധിയുടെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 23.40 ലക്ഷം കര്‍ഷകരുണ്ട്. രണ്ട് ഹെക്ടര്‍ വരെ ഭൂമിയുള്ള ചെറുകിട, ഇടത്തരം കര്‍ഷകരാണ് സഹായം ലഭിക്കാന്‍ യോഗ്യര്‍.
പല സംസ്ഥാനങ്ങളിലും അനര്‍ഹര്‍ പട്ടികയില്‍ ഇടംനേടിയെന്നും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പണംതട്ടിയെന്നും കേന്ദ്രം കണ്ടെത്തിയിരുന്നു. തുടര്‍ന്ന്, അനര്‍ഹരോട് ഇതിനകം കൈപ്പറ്റിയ ആനുകൂല്യം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേരളത്തില്‍ അര്‍ഹതയില്ലാതെ ആനുകൂല്യം കൈപ്പറ്റിയത് 30,416 പേരായിരുന്നു. 31.05 കോടി രൂപയാണ് ഇവര്‍ അനര്‍ഹമായി നേടിയത്.