2050 ആകുമ്പോള്‍ ഇന്നത്തെ ₹ 1 കോടിയുടെ മൂല്യം 17.41 ലക്ഷം, പണപ്പെരുപ്പം വാങ്ങല്‍ ശേഷിയെ ബാധിക്കുന്നത് എങ്ങനെ?

1950 ൽ 10 ഗ്രാമിന് 99 രൂപ മാത്രമായിരുന്നു സ്വർണത്തിന്റെ വില

Update:2024-10-07 15:52 IST

Image Courtesy: Canva 

ഇന്നത്തെ സാഹചര്യത്തിൽ ഒരാളുടെ കൈവശം ഒരു കോടിയുണ്ടെങ്കില്‍ ജീവിതം ചെലവുകള്‍ സാമാന്യം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന, പ്രധാന മെഡിക്കൽ ചെലവുകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന, വിവിധ സാമ്പത്തിക പദ്ധതികളിൽ ആവശ്യത്തിന് നിക്ഷേപം നടത്താന്‍ കഴിയുന്ന തുകയായി പരിഗണിക്കാവുന്നതാണ്. എന്നാല്‍ ഭാവിയിൽ ഈ ആവശ്യങ്ങളും ചെലവുകളും നിറവേറ്റാൻ ഇന്നത്തെ ഒരു കോടി കൊണ്ട് സാധിക്കുമോയെന്ന് ചിന്തിച്ചാല്‍ ഉത്തരം അനുകൂലമായിരിക്കണമെന്നില്ല.
വര്‍ഷങ്ങള്‍ കഴിയുന്തോറും രൂപയുടെ മൂല്യം അതേപടി നിലനിൽക്കാത്തതാണ് ഇതിന് കാരണം. 2050 ഓടെ അതായത് ഏകദേശം 25 വർഷത്തിനുശേഷം ഒരു കോടി രൂപയുടെ മൂല്യം എന്തായിരിക്കുമെന്ന് പരിശോധിക്കുകയാണ് ഇവിടെ.

എന്താണ് പണപ്പെരുപ്പം?

കാലക്രമേണ പണത്തിന്റെ മൂല്യം കുറയുന്നതിനെയാണ് പണപ്പെരുപ്പം എന്നു പറയുന്നത്. ഇതിന്റെ ഫലമായി ചരക്കുകളും സേവനങ്ങളും കൂടുതൽ ചെലവേറിയതാക്കുന്നു. ഉദാഹരണത്തിന്, ഇരുപത് വർഷം മുമ്പ് നിങ്ങൾക്ക് 100 രൂപയ്ക്ക് വാങ്ങാൻ കഴിയുമായിരുന്ന ഒരു സാധനത്തിന് ഇപ്പോൾ വില വളരെ കൂടുതലാണ് എന്നു കാണാന്‍ സാധിക്കും.
കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിലെ ശരാശരി വാർഷിക പണപ്പെരുപ്പ നിരക്ക് ഏകദേശം 5 മുതല്‍ 6 ശതമാനം വരെയാണ്. ഈ പ്രവണത തുടർന്നാൽ, വരും ദശകങ്ങളിൽ പണത്തിന്റെ വാങ്ങൽ ശേഷിയില്‍ സാരമായ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.
6 ശതമാനം പണപ്പെരുപ്പ നിരക്ക് പരിഗണിക്കുകയാണെങ്കില്‍ 10 വർഷത്തിനുള്ളിൽ ഒരു കോടി രൂപയുടെ മൂല്യം ഏകദേശം 55.84 ലക്ഷം രൂപയായിരിക്കുമെന്നാണ് കണക്കാക്കുന്നത്. 20 വർഷത്തിനുള്ളിൽ അതിന്റെ മൂല്യം ഏകദേശം 31.18 ലക്ഷം രൂപയായി കുറയുന്നതാണ്. 2050 ആകുമ്പോഴേക്കും ഇത് 17.41 ലക്ഷം രൂപയായി കുറയുമെന്നും കണക്കാക്കുന്നു.

വാങ്ങല്‍ ശേഷിയെ പണപ്പെരുപ്പം ബാധിക്കുന്നത് എങ്ങനെ?

വാങ്ങൽ ശേഷിയിൽ പണപ്പെരുപ്പത്തിന്റെ സ്വാധീനം കൂടുതല്‍ വ്യക്തമായി മനസിലാക്കാന്‍ സാധിക്കും. ഉദാഹരണത്തിന്, 1950 ൽ 10 ഗ്രാമിന് 99 രൂപ മാത്രമായിരുന്നു സ്വർണത്തിന്റെ വില. ഇന്ന് അത് 10 ഗ്രാമിന് 78,000 രൂപയായി കുതിച്ചുയർന്നതായി കാണാം. അതായത് 1950 ൽ പ്രതിമാസം 200 രൂപ സമ്പാദിക്കുന്ന ഒരാളുടെ വാങ്ങൽ ശേഷി അതേപടി നിലനിർത്താൻ ഇന്ന് പ്രതിമാസം 1.5 ലക്ഷം രൂപയിലധികം വരുമാനം ആവശ്യമാണ് എന്നു കണക്കാക്കാം.
പണപ്പെരുപ്പം അനുസരിച്ച് കണക്കാക്കിയാല്‍ 20 വർഷം മുമ്പ് (2004) ഇന്നത്തെ ഒരു കോടി രൂപയുടെ ഏകദേശ മൂല്യം 38 ലക്ഷം രൂപയ്ക്ക് തുല്യമാണ്.
പണപ്പെരുപ്പം മൂലം ഭാവിയില്‍ സമ്പത്തിലുണ്ടാകുന്ന അനിവാര്യമായ ആഘാതം കണക്കിലെടുത്ത് ആളുകള്‍ മികച്ച നിക്ഷേപ തന്ത്രങ്ങൾ സ്വീകരിക്കേണ്ടത് വളരെ പ്രധാനമാണ്. തങ്ങളുടെ സമ്പാദ്യത്തിന്റെ ഇന്നത്തെ നാമമാത്രമായ മൂല്യത്തിൽ മാത്രം ശ്രദ്ധ നല്‍കാതെ ഭാവിയിൽ അവയുടെ യഥാർത്ഥ വാങ്ങൽ ശേഷിയെ പണപ്പെരുപ്പം എങ്ങനെ ബാധിക്കുമെന്ന് കൂടി പരിഗണിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
Tags:    

Similar News