വേദാന്തയുടെ ഡീലിസ്റ്റിംഗിന് ഓഹരി ഉടമകളുടെ അനുമതി

Update: 2020-06-26 11:27 GMT

വേദാന്ത ലിമിറ്റഡിന്റെ പൊതു ഓഹരികള്‍ ഡീലിസ്റ്റ് ചെയ്യുന്നതിന് ഓഹരി ഉടമകളുടെ അനുമതിയായി. ഡീലിസ്റ്റിംഗ് നിര്‍ദ്ദേശത്തിന് തപാല്‍ ബാലറ്റിലൂടെയാണ് അനില്‍ അഗര്‍വാളിന്റെ നിയന്ത്രണത്തിലുള്ള വേദാന്ത ഓഹരി ഉടമകളുടെ അനുമതി തേടിയത്. വോട്ടെടുപ്പ് ജൂണ്‍ 24 ന് അവസാനിച്ചതായി കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അറിയിച്ചു.

കോവിഡ് -19 മഹാമാരി പടര്‍ന്നതോടെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് ഒഴിവാക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച ആദ്യത്തെ ലിസ്റ്റു ചെയ്ത കമ്പനിയാണ് വേദാന്ത ലിമിറ്റഡ്.അനില്‍ അഗര്‍വാളിന്റെയും കുടുംബത്തിന്റെയും പൂര്‍ണ്ണ ഉടമസ്ഥതയിലേക്കു കമ്പനി മാറാനാണ് ഇതോടെ വഴി തെളിയുന്നത്.അദാനി പവര്‍ ലിമിറ്റഡ്,ഐടി സേവന സ്ഥാപനമായ ഹെക്‌സാവെയര്‍ ടെക്‌നോളജീസ് തുടങ്ങി കൂടുതല്‍ കമ്പനികള്‍ ഇപ്പോള്‍ ഡീലിസ്റ്റ് ചെയ്യുന്നതിന് പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വോട്ട് രേഖപ്പെടുത്തിയ വേദാന്ത ലിമിറ്റഡിന്റെ പൊതു ഓഹരി ഉടമകളില്‍ 84.2% പേരും ഡീലിസ്റ്റിംഗിനെ അനുകൂലിക്കുന്നതായി പോസ്റ്റല്‍ ബാലറ്റ് ഫലങ്ങള്‍ കാണിക്കുന്നു. ഡീലിസ്റ്റിംഗ് പ്രക്രിയയ്ക്ക് ഭൂരിപക്ഷം പൊതു ഷെയര്‍ ഹോള്‍ഡര്‍മാരും പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്യേണ്ടതുണ്ട്. വേദാന്ത ലിമിറ്റഡിലെ പൊതു ഓഹരി പങ്കാളിത്തം 49.48 ശതമാനമാണ്.ബാക്കി അഗര്‍വാളും കുടുംബവുമാണ് കയ്യില്‍ വച്ചിട്ടുള്ളത്.

പ്രൊമോട്ടര്‍മാരായ അഗര്‍വാളും കുടുംബവും പബ്ലിക് ഷെയര്‍ ഹോള്‍ഡര്‍മാരുടെ കൈവശമുള്ള വേദാന്ത ലിമിറ്റഡിന്റെ ഓഹരികള്‍ വാങ്ങുന്നതിന് ഒരു ഓഹരിക്ക് 87.5 രൂപയാണ് വാഗ്ദാനം ചെയ്തത്. പലരും ഈ വിലയില്‍ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതേസമയം, ഡീലിസ്റ്റിംഗിനായുള്ള അന്തിമ വില 'റിവേഴ്‌സ് ബുക്ക്-ബില്‍ഡിംഗ് പ്രക്രിയ'യിലൂടെ നിര്‍ണ്ണയിക്കപ്പെടുമ്പോള്‍ കുറേക്കൂടി ഉയര്‍ന്ന ലഭിക്കുമെന്നാണ് പൊതുവേയുള്ള അനുമാനം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News