എന്താണ് ട്രഷറി ബില്ലുകള്‍? ട്രഷറി ബില്ലുകൾ എങ്ങനെ വാങ്ങാം?

ഏറ്റവും കുറഞ്ഞ നിക്ഷേപവും, വിവിധ കാലയളവിലെ നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന നേട്ടവും അറിയാം..

Update: 2024-04-13 10:30 GMT

canva

നിരവധി നിക്ഷേപ മാര്‍ഗങ്ങള്‍ ലഭ്യമാണെങ്കിലും പലര്‍ക്കും ഇപ്പോഴും പ്രിയം സ്ഥിര നിക്ഷേപങ്ങളും സേവിംഗ്‌സ് നിക്ഷേപങ്ങളുമാണ്. വളരെ കുറഞ്ഞ നേട്ടമാണ് ലഭിക്കുന്നതെന്ന് അറിയാമെങ്കിലും നിക്ഷേപിക്കാനുള്ള എളുപ്പമാണ് പലരും ഇവ തെരഞ്ഞെടുക്കാന്‍ കാരണം.

എന്താണ് ട്രഷറി ബില്ലുകള്‍?

കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി പണം കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന ഒരു മാര്‍ഗമാണ് ട്രഷറി ബില്‍. സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് എടുക്കുന്ന ഹ്രസ്വ കാലവായ്പകളെന്ന് പറയാം. ധനകമ്മി പരിഹരിക്കാനും കറന്‍സി സര്‍ക്കുലേഷന്‍ നിയന്ത്രിക്കാനും കേന്ദ്ര സര്‍ക്കാര്‍ ട്രഷറി ബില്ലുകള്‍ പുറത്തിറക്കാറുണ്ട്. 25,000 രൂപയാണ് കുറഞ്ഞ നിക്ഷേപം. 25,000 രൂപയുടെ ഗുണിതങ്ങളായി അധിക നിക്ഷേപം നടത്താം. 91 ദിവസം, 182 ദിവസം, 364 ദിവസം എന്നിങ്ങനെ ഒരു വര്‍ഷത്തില്‍ താഴെയാണ് ട്രഷറി ബില്ലുകളുടെ കാലാവധി. കേന്ദ്ര സര്‍ക്കാരുമായുള്ള നേരിട്ടുള്ള പണമിടപാടായതിനാല്‍ 100 ശതമാനം സുരക്ഷിതമാണ്.

ചെറുകിട നിക്ഷേപകര്‍ക്ക് ആര്‍.ബി.ഐയില്‍ അക്കൗണ്ട് തുറന്ന് നേരിട്ട് ട്രഷറി ബില്ലിലും ബോണ്ടുകളിലും നിക്ഷേപിക്കാം. കൂടാതെ ബാങ്കുകള്‍ വഴിയും അംഗീകൃത ബ്രോക്കര്‍മാര്‍ വഴിയും നിക്ഷേപിക്കാവുന്നതാണ്.

വിവിധ കാലയളവുകളിലെ നേട്ടം

91 ദിവസ കാലാവധിയുള്ള ട്രഷറി ബില്ലിന് 6.77 ശതമാനമാണ് പലിശ. എച്ച് ഡി എഫ് സി ബാങ്ക്, എസ്.ബി.ഐ, ഐ.സി.ഐ.സി. ഐ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നീ ബാങ്കുകളില്‍ നിക്ഷേപിച്ചാല്‍ ലഭിക്കുന്നത് പരമാവധി 4.50 ശതമാനം പലിശയാണ്. ആക്‌സിസ് ബാങ്കിലാണെങ്കില്‍ 4.75 ശതമാനം പലിശയും.

182 ദിവസത്തെ ടി-ബില്ലിന് 6.90 ശതമാനം പലിശ ലഭിക്കും. എച്ച്.ഡി.എഫ്.സിയില്‍ ഇത് 5.75 ശതമാനവും എസ്.ബി.ഐയില്‍ 5.25 ശതമാനവും ഐ.സി.ഐ.സി.ഐ ബാങ്കില്‍ 4.75 ശതമാനവും ആക്‌സിസ് ബാങ്കില്‍ 5.75 ശതമാനവും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 5.50 ശതമാനമാണ് ഇക്കാലയളവിലെ പലിശ.

364 ദിവസ കാലാവധിയില്‍ 6.89 ശതമാനമാണ് ട്രഷറി ബില്ലുകള്‍ക്ക് പലിശ. എച്ച്.ഡി.എഫ്.സി ബാങ്ക് 6 ശതമാനം പലിശ നൽകുമ്പോൾ എസ്.ബി.ഐയില്‍ 5.75 ശതമാനവും ഐ.സി.ഐ.സി.ഐ ബാങ്കില്‍ 6.70 ശതമാനവുമാണ് ഇക്കാലയളവിൽ പലിശ. ആക്‌സിസ് ബാങ്കിലും പഞ്ചാബ് നാഷണല്‍ ബാങ്കിലും ലഭിക്കുന്നത് 6.75 ശതമാനവും. എല്ലാ കാലയളവുകളും പരിശോധിച്ചാലും ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാള്‍ ഉയർന്ന നേട്ടമാണ് നിലവിൽ ട്രഷറി ബില്‍ നല്‍കുന്നത്.

Tags:    

Similar News