ഉത്തരവുകള്‍ പാലിച്ചില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് സര്‍ക്കാര്‍! ട്വിറ്ററില്‍ പുകയുന്ന രോഷം ഇങ്ങനെ

കര്‍ഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട ആക്ഷേപകരമായ ഹാഷ്ടാഗുമായി ബന്ധപ്പെടുത്തിയുള്ള പ്രശ്‌നത്തിലാണ് സര്‍ക്കാരിന്റെ പുതിയ പ്രതികരണം. പ്രശ്‌നം രൂക്ഷമാകുമ്പോള്‍ കര്‍ഷക സമരവുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ നടത്തിയ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ട്വിറ്റര്‍ വീണ്ടും മരവിപ്പിച്ചു.

Update:2021-02-04 15:12 IST

സര്‍ക്കാരിന്റെ ഉത്തരവുകള്‍ പാലിക്കുന്നില്ലെങ്കില്‍ ട്വിറ്റര്‍ കടുത്ത നടപടിയെ അഭിമുഖീകരിച്ചേക്കാമെന്ന് കേന്ദ്രം. കര്‍ഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട ആക്ഷേപകരമായ ഹാഷ്ടാഗുമായി ബന്ധപ്പെടുത്തിയുള്ള പ്രശ്‌നത്തിലാണ് സര്‍ക്കാരിന്റെ പുതിയ പ്രതികരണം. പ്രശ്‌നം രൂക്ഷമായപ്പോള്‍ കര്‍ഷക സമരവുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ നടത്തിയ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ട്വിറ്റര്‍ വീണ്ടും മരവിപ്പിച്ചു.. വംശഹത്യയുമായി ബന്ധപ്പെട്ട ഹാഷ് ടാഗുകളോടെ ട്വീറ്റ് ചെയ്ത അക്കൗണ്ടുകളാണ് ട്വിറ്റര്‍ മരവിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയായിരുന്നു ട്വിറ്ററിന്റെ നടപടി.

കര്‍ഷകരുടെ വംശഹത്യയ്ക്ക് മോദി തയ്യാറെടുക്കുന്നവെന്ന തരത്തില്‍ ഹാഷ് ടാഗ് പ്രചരിപ്പിച്ച 250 ഓളം ട്വിറ്റര്‍ അക്കൗണ്ടുകളാണ് ഈ സോഷ്യല്‍മീഡിയ ഭീമന്‍ മരവിപ്പിച്ചിരിക്കുന്നത്. നേരത്തെ മരവിപ്പിച്ചിരുന്ന അക്കൗണ്ടുകള്‍ പിന്നീട് ട്വിറ്റര്‍ തുറന്നുകൊടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കേന്ദ്ര ഇലക്ട്രോണിക് മന്ത്രാലയം ട്വിറ്ററിന് ശക്തമായ മുന്നറിയിപ്പ് നല്‍കിയത്. പുതിയ മുന്നറിയിപ്പ് വന്നതോടെ വീണ്ടും ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയായിരുന്നു.
അടിസ്ഥാനരഹിതമായ കാരണങ്ങളാല്‍ സമൂഹത്തില്‍ ദുരുപയോഗം ചെയ്യാനും പ്രശ്‌നം രൂക്ഷമാക്കാനും പിരിമുറുക്കം സൃഷ്ടിക്കാനും പ്രേരിപ്പിച്ച പ്രചാരണത്തിന്റെ ഭാഗമാണ് ഹാഷ്ടാഗ് ഉപയോഗം. വംശഹത്യയ്ക്ക് പ്രേരിപ്പിക്കുന്നത് സംസാര സ്വാതന്ത്ര്യമല്ല; ഇത് ക്രമസമാധാനത്തിന് ഭീഷണിയാണ്, ''സര്‍ക്കാര്‍ വ്യക്തമാക്കി. ഹാഷ്ടാഗ് ക്യാമ്പെയിനിലൂടെ ജനങ്ങളില്‍ തെറ്റായി ഭീതി ഉണ്ടാക്കുകയാണെന്നും സംഘര്‍ഷമുണ്ടാക്കാനും സമാധാനം തകര്‍ക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
റിപ്പബ്ലിക് ദിനത്തില്‍ തുടങ്ങി ഡല്‍ഹി പൊലീസും കര്‍ഷകരും തമ്മിലുള്ള ഏറ്റുമുട്ടലിന് ഒരാഴ്ചയോളം നീണ്ടുനിന്ന ആക്രമണമാണ് നഗരത്തിലെ അഭൂതപൂര്‍വമായ കുഴപ്പങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരം 257 യുആര്‍എല്ലുകളും 1 ഹാഷ്ടാഗും അടിയന്തിരമായി തടയാന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ ചുമതല ഏറ്റെടുക്കാനും ന്യായീകരിക്കാനും സോഷ്യല്‍ മീഡിയ ഭീമന് കഴിയില്ലെന്നും കേന്ദ്രം പറഞ്ഞു. 'ട്വിറ്റര്‍ ഒരു ഇടനിലക്കാരനായതിനാല്‍ തൃപ്തികരമായ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്നാണ് സര്‍ക്കാര്‍ നിലപാട്.
കര്‍ഷക സമരത്തിന് അന്താരാഷ്ട്ര തലത്തില്‍ പിന്തുണയേറിയ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടക്കമിട്ട 'ഇന്ത്യ ഒറ്റക്കെട്ട്' പ്രചാരണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചലച്ചിത്ര, കായിക രംഗത്തു നിന്നുള്ള നിരവധി സെലിബ്രിറ്റികള്‍ രംഗത്ത് വന്നിരുന്നു. ബോളിവുഡില്‍നിന്നു അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, കരണ്‍ ജോഹര്‍, സുനില്‍ ഷെട്ടി എന്നിവരും കായിക മേഖലയില്‍ നിന്ന് സച്ചിന്‍, വിരാട് കോലി, കുംബ്ലെ തുടങ്ങിയവരും ട്വിറ്റര്‍ പ്രചാരണത്തിന്റെ ഭാഗമായി.
അതേസമയം തപഡ് അടക്കമുള്ള സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങളില്‍ നായികയായ തപ്‌സി ഈ സെലിബ്രിറ്റികള്‍ക്കെതിരെ ശബ്ദമുയര്‍ത്തി രംഗത്തുണ്ട്. ' ഒരു ട്വീറ്റില്‍ നമ്മുടെ അഖണ്ഡത തകരുകയാണെങ്കില്‍, ഒരു തമാശയില്‍ നമ്മുടെ വിശ്വാസം തകരുകയാണെങ്കില്‍ അതിനെതിരെ പ്രചാരണത്തിന് ആളെ ഇറക്കുകയല്ല മറിച്ച് നമ്മുടെ മൂല്യവ്യവസ്ഥ ശക്തിപ്പെടുത്തുകയാണ് വേണ്ടത്'' തപ്‌സി പ്രതികരിച്ചു.




Tags:    

Similar News