പ്രതിസന്ധി മറികടക്കാന്‍ വേണ്ടതെന്ത്? മുന്‍ സാമ്പത്തിക ഉപദേഷ്ടാവിന്റെ നിര്‍ദ്ദേശമിതാണ്

Update: 2020-04-29 11:32 GMT

കൊറോണ വൈറസ് തീര്‍ത്ത പ്രതിസന്ധിയെ തുടര്‍ന്ന് ലോക്ക് ഡൗണിലായ രാജ്യം ഈ സാമ്പത്തിക വര്‍ഷം നെഗറ്റീവ് സാമ്പത്തിക വളര്‍ച്ചയിലേക്കാണ് നീങ്ങുന്നതെന്നും അത് മുന്നില്‍ കണ്ട് പത്തു ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവും സാമ്പത്തിക വിദഗ്ധനുമായ അരവിന്ദ് സുബ്രഹ്മണ്യന്‍.

പ്രമുഖ ദേശീയ ദിനപത്രം ഓണ്‍ലൈനായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണവും ഭക്ഷണവും വിതരണം ചെയ്യുക എന്നതാണ് ഈ പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ചെയ്യേണ്ടത്. യുഎസിലെ ഹാര്‍വാര്‍ഡ് യുണിവേഴ്‌സിറ്റിക്കു കീഴിലുള്ള കെന്നഡി സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റില്‍ പബ്ലിക് പോളിസിയില്‍ വിസിറ്റിംഗ് പ്രൊഫസറും പീറ്റേഴ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക്‌സില്‍ സീനിയല്‍ ഫെല്ലോയുമാണ് അരവിന്ദ് സുബ്രഹ്്മണ്യന്‍.

മുമ്പു തന്നെ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയെ മറ്റേതൊരു രാജ്യത്തേക്കാളും ലോക്ക് ഡൗണ്‍ മൂലമുള്ള പ്രതിസന്ധി ബാധിക്കും. ആന്താരാഷ്ട്ര നാണ്യനിധിയുടെ പ്രവചനങ്ങള്‍ക്ക് വിരുദ്ധമായി ഇന്ത്യ നെഗറ്റീവ് വളര്‍ച്ചയിലേക്കാവും പോകുകയെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നാണ്യനിധി ഇന്ത്യയുടെ വളര്‍ച്ച 1.9 ശതമാനമായിരിക്കുമെന്നാണ് പ്രവചിച്ചിരുന്നത്. ജനുവരിയില്‍ 5.8 ശതമാനം വളര്‍ച്ചാ പ്രവചിച്ചിരുന്നു.

സോളിഡാരിറ്റി ടാക്‌സ്, പണം കൂടുതലായി അച്ചടിക്കല്‍, കൂടുതല്‍ ബോണ്ടുകള്‍ പുറത്തിറക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതും രാജ്യത്തിന് പ്രതിസന്ധി മറികടക്കാന്‍ നല്ലതാണെന്നും അരവിന്ദ് സുബ്രഹ്്മണ്യന്‍ അഭിപ്രായപ്പെടുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News