പടിഞ്ഞാറു നിന്നു ഭിന്ന സൂചനകൾ; വളർച്ചയിലും പലിശയിലും ആശങ്ക; ഐ.ടി വമ്പന്മാർക്കു നേട്ടം; ക്രൂഡ് ഓയിൽ വീണ്ടും കയറുന്നു

സ്വർണത്തിന് ഇന്ന് വില കൂടും

Update:2024-04-26 08:02 IST

യു.എസ് വളർച്ച കുറഞ്ഞതും വിലക്കയറ്റം കൂടിയതും യു.എസ് വിപണിയെ ഇടിച്ചു താഴ്ത്തി. എന്നാൽ ഐ.ടി ഭീമന്മാരുടെ ആവേശകരമായ റിസൽട്ട് ഫ്യൂച്ചേഴ്സിൽ സൂചികകളെ കയറ്റി. ഈ പ്രവണതകളുടെ സ്വാധീനം ഇന്നു വിപണിയിൽ ഉണ്ടാകും.

ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 22,680ൽ ക്ലോസ് ചെയ്തു. ഇന്ത്യൻ വിപണി അൽപം താഴ്ന്നു വ്യാപാരം തുടങ്ങും എന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.

വിദേശ വിപണി 

യൂറോപ്യൻ വിപണികൾ വ്യാഴാഴ്ച താഴ്ചയിൽ അവസാനിച്ചു. ഓസ്ട്രേലിയൻ ഖനന ഗ്രൂപ്പ് ബി.എച്ച്.പി മുഖ്യ എതിരാളിയായ ആംഗ്ലാേ അമേരിക്കൻ ഗ്രൂപ്പിനെ ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചു. ഈ വാർത്ത ആംഗ്ലാേ അമേരിക്കൻ ഓഹരികളെ 16 ശതമാനം ഉയർത്തി. പ്രതീക്ഷയിലും മികച്ച റിസൽട്ട് ഡോയിച്ച് ബാങ്കിനെ എട്ടും ബാർക്ലേയ്സിനെ ഏഴും ശതമാനം ഉയർത്തി. തിരിച്ചുവരവിൻ്റെ പാതയിലാണെന്നു റിസൽട്ട് വ്യക്തമാക്കിയെന്ന വിലയിരുത്തലിൽ യൂണിലീവർ ഓഹരി 5.5 ശതമാനം ഉയർന്നു.

ജി.ഡി.പി വളർച്ച പ്രതീക്ഷയിലും കുറവായതും ചില്ലറ വിലക്കയറ്റം ഉയർന്നതും വ്യാഴാഴ്ച യു.എസ് വിപണിയെ താഴ്ത്തി. വ്യാപാരത്തിനു ശേഷം ആൽഫബെറ്റും മൈക്രോസോഫ്റ്റും മികച്ച റിസൽട്ട് അവതരിപ്പിച്ചതു ഫ്യൂച്ചേഴ്സ് വിപണിയെ കുതിപ്പിനു പ്രേരിപ്പിച്ചു. ഇന്നു പതിവു വ്യാപാരത്തിൽ മുഖ്യസൂചികകൾ നേട്ടത്തിലാകും എന്നാണു സൂചന. വളർച്ച കുറയുമെന്നു ബുധനാഴ്ച സൂചിപ്പിച്ച ഫേയ്സ് ബുക്ക് ഉടമ മെറ്റാ പ്ലാറ്റ്ഫോംസ് ഇന്നലെ 10 ശതമാനം ഇടിഞ്ഞു.

ജനുവരി മാർച്ചിലെ ജി.ഡി.പി വളർച്ച 2.4 ശതമാനം ഉണ്ടാകും എന്നാണു വിപണി കണക്കാക്കിയത്. പക്ഷേ കണക്കു വന്നപ്പാേൾ 1.6 ശതമാനം മാത്രം. ഇതേ സമയം പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ (പി.സി.ഇ) എന്ന ചില്ലറ വിലക്കയറ്റം മാർച്ച് പാദത്തിൽ 3.7 ശതമാനമായി എന്നും കണക്കു വന്നു. തലേ പാദത്തിൽ 1.8 ശതമാനമായി കുറഞ്ഞതാണ് പി.സി.ഇ.

രണ്ടു സാമ്പത്തിക സൂചകങ്ങളും വിപരീതമായതു വിപണിയിലെ പ്രതീക്ഷ കുറച്ചു. വളർച്ചയെപ്പറ്റി ഇതുവരെ ആശങ്ക ഇല്ലായിരുന്നു. പക്ഷേ ജി.ഡി.പി കണക്ക് ആ ആശങ്കയും ജനിപ്പിച്ചു. വിലക്കയറ്റം കൂടി നിൽക്കുന്നതിനാൽ പലിശ കുറയ്ക്കില്ല. ഇതും വളർച്ചയെ പിന്നോട്ടു വലിക്കും. ഇതോടെ ഓഹരികൾ ഇടിഞ്ഞു.

ഇന്നലെ ഡൗ ജോൺസ് സൂചിക 375.12 പോയിൻ്റ് (0.98%) താഴ്ന്ന് 38,085.80ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 23.21 പോയിൻ്റ് (0.46%) ഇടിവിൽ 5048.42ൽ വ്യാപാരം അവസാനിപ്പിച്ചു. നാസ്ഡാക് 100.99 പോയിൻ്റ് (0.64%) താഴ്ന്ന് 15,611.80ൽ ക്ലോസ് ചെയ്തു. യു.എസ് ഫ്യൂച്ചേഴ്സ് ഇന്നു കയറ്റത്തിലാണ്. ഡൗ 0.12 ശതമാനവും എസ് ആൻഡ് പി 0.81 ശതമാനവും നാസ്ഡാക് 1.16 ശതമാനവും ഉയർന്നു നിൽക്കുന്നു.

പ്രതീക്ഷയിലും താഴ്ന്ന വരുമാന പ്രതീക്ഷ നൽകിയ ഇൻ്റൽ എട്ടു ശതമാനം ഇടിഞ്ഞു. പ്രതീക്ഷയിലും മികച്ച ലാഭവർധന കാണിച്ച സ്നാപ് ഓഹരി 20 ശതമാനം കുതിച്ചു. വരുമാനവും അറ്റാദായവും പ്രതീക്ഷയേക്കാൾ അധികമായതിൻ്റെ ഫലമായി മൈക്രോസോഫ്റ്റ് ഓഹരി അഞ്ചു ശതമാനം ഉയർന്നു. ക്ലൗഡ് ബിസിനസ് വിപണിയുടെ നിഗമനത്തേക്കാൾ കൂടുതൽ വരുമാനം നൽകി.

ഗൂഗിളിൻ്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ് വരുമാനത്തിലും ലാഭത്തിലും വലിയ മുന്നേറ്റം നടത്തി. ഓഹരി 14 ശതമാനം കയറി. കമ്പനി ആദ്യമായി ലാഭവീതം പ്രഖ്യാപിച്ചു. ഓഹരികൾ തിരിച്ചു വാങ്ങാൻ 7,000 കോടി ഡോളർ നീക്കിവച്ചു. യു.എസ് സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം 4.71 ശതമാനത്തിലേക്കു കയറി. വിലക്കയറ്റം വർധിച്ച സാഹചര്യത്തിലാണിത്.

ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലായി. ഓസ്ട്രേലിയൻ സൂചിക 1.25 ശതമാനം ഇടിഞ്ഞു. ജപ്പാനിലും കൊറിയയിലും ചൈനയിലും സൂചികകൾ കയറി.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി ഇന്നലെ താഴ്ന്നു തുടങ്ങിയ ശേഷം വലിയ കുതിപ്പ് നടത്തി. വരും ദിവസങ്ങളിൽ 22,700- 22,800 മേഖല ലക്ഷ്യമിടാൻ നിഫ്റ്റിക്കു കരുത്താകും എന്നു സൂചിപ്പിക്കുന്നതായി കയറ്റം.

സെൻസെക്സ് 486.50 പോയിന്റ് (0.66%) കയറി 74,339.44ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 167.95 പോയിന്റ് (0.75%) കുതിച്ച് 22,570.35ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 305.95 പോയിന്റ് (0.63%) ഉയർന്ന് 48,494.95ൽ ക്ലോസ് ചെയ്തു.

മിഡ്ക്യാപ് സൂചിക 0.47 ശതമാനം ഉയർന്ന് 50,228.50ൽ ക്ലോസ് ചെയ്തു. സ്മോൾക്യാപ് സൂചിക 0.84 ശതമാനം കുതിച്ച് 16,886.80ൽ വ്യാപാരം അവസാനിപ്പിച്ചു.

റിയൽറ്റിയും കൺസ്യൂമർ ഡ്യൂറബിൾസും ഒഴികെ എല്ലാ മേഖലകളും കയറ്റത്തിലായി. അഞ്ചുശതമാനം ഉയർന്ന എസ്‌.ബി.ഐയുടെ നേതൃത്വത്തിൽ പൊതുമേഖലാ ബാങ്കുകളാണ് ഇന്നലെ ഏറ്റവും നേട്ടമുണ്ടാക്കിയത്. ഹെൽത്ത്കെയർ, ഫാർമ, മെറ്റൽ, ഓട്ടോ മേഖലകളും മികച്ച കുതിപ്പ് നടത്തി.

മികച്ച റിസൽട്ടിൻ്റെ വെളിച്ചത്തിൽ ആക്സിസ് ബാങ്ക് ഓഹരി ആറു ശതമാനം മുന്നേറി. റിസർവ് ബാങ്ക് നടപടി നേരിട്ട കൊട്ടക് മഹീന്ദ്ര ബാങ്ക് 11 ശതമാനം ഇടിഞ്ഞു. ആക്സിസ് ബാങ്ക് വിപണിമൂല്യത്തിൽ കൊട്ടക്കിനെ പിന്നിലാക്കി മൂന്നാമത്തെ വിലയേറിയ സ്വകാര്യ ബാങ്ക് ആകുകയും ചെയ്തു.

18,000 കോടി രൂപയുടെ എഫ്.പി.ഒ നടത്തിയ വോഡഫോൺ ഐഡിയ ആ ഓഹരികൾ ഇന്നലെ ലിസ്റ്റ് ചെയ്തു. ചില്ലറ നിക്ഷേപകർക്കു വലിയ ലാഭം കിട്ടും വിധമായി ലിസ്റ്റിംഗ്. 11 രൂപയ്ക്കു വിറ്റ ഓഹരി ഇന്നലെ ക്ലോസ് ചെയ്തത് 13.85 രൂപയിൽ. 25 ശതമാനം ലാഭം. കമ്പനിക്ക് ഇതു പുനർജന്മമാണെന്ന് ചെയർമാൻ കുമാർ മംഗളം ബിർല പറഞ്ഞു

വ്യോമയാന കമ്പനി ഇൻഡിഗോ എയർബസിൻ്റെ 30 എ350-900 മോഡൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചു. 950 കോടി ഡോളർ ചെലവാകും . 2027 ൽ വിമാനങ്ങൾ കിട്ടും. ഐ.ടി, മീഡിയ, വാഹന, പി.എസ്.യു ബാങ്ക് എന്നിവ താഴ്ചയിലായി. മെറ്റൽ,  ഹെൽത്ത്കെയർ എന്നിവ നേട്ടം ഉണ്ടാക്കി.

വ്യാഴാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 2823.33 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 6167.56 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

വിപണിയിലെ ബുള്ളുകൾ ആവേശത്തിലാണെങ്കിലും യുഎസ് വളർച്ചക്കണക്ക് ആവേശം കെടുത്തുന്നുണ്ട്. നിഫ്റ്റിക്ക് ഇന്ന് 22,380ലും 22,300ലും പിന്തുണ ഉണ്ട്. 22,625ലും 22,820ലും തടസങ്ങൾ പ്രതീക്ഷിക്കുന്നു.

സ്വർണം കയറി

ഇന്നലെ സ്വർണം തിരിച്ചു കയറി. ഔൺസിന് 2,332.70 ഡോളറിൽ എത്തി ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2,331 ഡോളറിലേക്കു താഴ്ന്നു കേരളത്തിൽ ബുധനാഴ്ച സ്വർണം പവന് 280 രൂപ താഴ്ന്ന് 53,000 രൂപയിലായി. ഇന്നു വില കൂടും.

അലൂമിനിയവും നിക്കലും ഒഴികെയുള്ള വ്യാവസായിക ലോഹങ്ങൾ ഇന്നലെ നേട്ടത്തിലായി. ചെമ്പ് 1.41 ശതമാനം ഉയർന്ന് ടണ്ണിന് 9,790.65 ഡോളറായി. അലൂമിനിയം 1.18 ശതമാനം താഴ്ന്നു ടണ്ണിന് 2,569.10 ഡോളറിൽ എത്തി. ടിൻ 1.09ഉം സിങ്ക് 2.34 ഉം ശതമാനം ഉയർന്നു. നിക്കൽ 0.70 ശതമാനം താഴ്ന്നു.

ഡോളർ സൂചിക ബുധനാഴ്ച ഉയർന്നു 105.60-ൽ ക്ലോസ് ചെയ്തു. രൂപ ഇന്നലെ രാവിലെ താഴ്ന്നിട്ടു വെെകുന്നേരം തിരിച്ചു കയറി. ഡോളർ 83.32 രൂപയിൽ തുടരുന്നു.

ക്രൂഡ് ഓയിൽ കയറുന്നു

ക്രൂഡ് ഓയിൽ വീണ്ടും കയറുകയാണ്. യു.എസ് ജി.ഡി.പി വളർച്ച കുറവായത് ഡിമാൻഡ് വർധിക്കില്ല എന്ന് ഉറപ്പാക്കാം, പക്ഷേ പശ്ചിമേഷ്യയിലെ സംഘർഷനിലയുടെ ആശങ്ക എണ്ണവിലയെ 89 ഡോളറിനു മുകളിലാക്കി.

ബ്രെൻ്റ്  ക്രൂഡ് 89.10 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 89.29 ഡോളറിലായി. ഡബ്ള്യു.ടി.ഐ ഇനം 83.80 ലും യു.എ.ഇയുടെ മർബൻ ക്രൂഡ് 89.08 ഡോളറിലും ആണ്. ക്രിപ്റ്റോ കറൻസികൾ ഇന്നലെ ചെറിയ തോതിൽ കയറി. ബിറ്റ് കോയിൻ 64,500 ഡോളറിലാണ്.

വിപണിസൂചനകൾ (2024 ഏപ്രിൽ 25, വ്യാഴം)

സെൻസെക്സ്30 74,339.44 +0.66%

നിഫ്റ്റി50 22,570.35 +0.75%

ബാങ്ക് നിഫ്റ്റി 48,494.95 +0.63%

മിഡ് ക്യാപ് 100 50,228.50 +0.47%

സ്മോൾ ക്യാപ് 100 16,886.80 +0.84%

ഡൗ ജോൺസ് 30 38,085.80 -0.98%

എസ് ആൻഡ് പി 500 5048.42 -0.46%

നാസ്ഡാക് 15,611.80 -0.64%

ഡോളർ ($) ₹83.32 ₹0.00

ഡോളർ സൂചിക 105.60 -0.26

സ്വർണം (ഔൺസ്) $2332.70 +$16.50

സ്വർണം (പവൻ) ₹53,000 -₹ 280.00

ക്രൂഡ് (ബ്രെന്റ്) ഓയിൽ $89.10 +$01.02

Tags:    

Similar News