വീട്, മതിൽ, മനോഭാവം: മലയാളി മാറണം, ഇനിയും

Update:2019-02-09 14:38 IST

സംസ്ഥാനത്തിന്റെ ഭരണരംഗത്ത് പ്രായോഗിക വീക്ഷണത്തോടെ നടത്തുന്ന ഇടപെടലുകളാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍ ഐ.എ എസിനെ വ്യത്യസ്തനാക്കുന്നത്. റവന്യു, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, പരിസ്ഥിതി എന്നീ വകുപ്പുകള്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന പി.എച്ച് കുര്യന്‍ സംസ്ഥാനത്തിന്റെ വ്യവസായ വികസന രംഗത്ത് ശ്രദ്ധേയമായ പല ആശയങ്ങളുടെയും അണിയറയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ്. പ്രളയാനന്തര കേരളം എങ്ങനെയായിരക്കണം? എന്താണ് മലയാളിയുടെ മനസിലും ജീവിതത്തിലും വരേണ്ട മാറ്റം? കേരളീയ സമൂഹത്തെ തൊട്ടറിഞ്ഞ പി.എച്ച് കുര്യന്‍ തുറന്നുപറയുന്നു.

പ്രകൃതിയോട് ഏറെ പാപങ്ങള്‍ ചെയ്തവരാണ് നാം. പ്രളയശേഷം ഒരു നവകേരളം പടുത്തുയര്‍ത്താന്‍ നോക്കുമ്പോള്‍ ഇതുവരെ നാം അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കണം. പിന്നെ നമ്മുടെ കാഴ്ചപ്പാടുകളും മാറണം. പ്രകൃതിയെ കേടുകൂടാതെ പരിപാലിക്കാന്‍ സാമൂഹ്യരാഷ്ട്രീയ ചിന്താഗതികളില്‍ മാറ്റം വരണം.

വീട്

ആദ്യമായി മാറ്റം വരുത്തേണ്ടത് നമ്മുടെ വീട് സങ്കല്‍പ്പങ്ങളിലാണ്. സ്വന്തമായൊരു കിടപ്പാടം നമ്മുടെ ഓരോരുത്തരുടെയും സ്വപ്‌നമാണ്. വാടക വീടുകളില്‍ കഴിയുകയെന്നാല്‍ മോക്ഷം കിട്ടാത്ത ജീവിതമായാണ് നമ്മുടെ കാഴ്ചപ്പാട്.

ഇതര സംസ്ഥാനങ്ങളില്‍ തലമുറകളായി വാടകയ്ക്ക് താമസിക്കുന്നവരുണ്ട്. പക്ഷേ നമുക്കത് ഊഹിക്കാന്‍ പോലുമാവില്ല. അതുപോലെ തന്നെ കൂട്ടമായി ജീവിക്കാനും നാം പരിചയിച്ചിട്ടില്ല. സ്വന്തം പുരയിടത്തില്‍ അത് ഏതാനും സെന്റ് ഭൂമിയോ ഏക്കറുകണക്കിന് ഭൂമിയോ ആകട്ടേ വീട് വെച്ച് കഴിയുക എന്നതാണ് നമ്മുടെ ശീലം. 2000 ത്തിലൊക്കെയാണ് അര്‍ബന്‍ ടൗണ്‍ പ്ലാനിംഗിന് ചട്ടങ്ങളൊക്കെ വരുന്നത്. അതുവരെ മുന്‍സിപ്പല്‍ ചട്ടങ്ങളായിരുന്നു. നഗരാസൂത്രണത്തിന് അത്ര വൈകിയാണ് പ്രാധാന്യം കൊടുത്തത്.

നാട്യപ്രധാനം നഗരം ദരിദ്രം, നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം എന്ന കവിവാക്കുകളെ നെഞ്ചേറ്റുന്നവരാണ് നാം. മൂന്നുനാല് ഫ്‌ളാറ്റ് സ്വന്തമായുള്ളവരും നാട്ടില്‍ ഒരു വീട് സ്വന്തമായി വെയ്ക്കും. അങ്ങനെ വന്നപ്പോള്‍ എന്ത് സംഭവിച്ചു? പരിസ്ഥിതിലോല പ്രദേശങ്ങള്‍ വരെ ജനവാസകേന്ദ്രങ്ങളായി.

പുഴയോരങ്ങളും നദീതടങ്ങളും നാം വളച്ചെടുത്ത് കരിങ്കല്ല് കെട്ടി പുരയിടവും ജനവാസകേന്ദ്രവുമാക്കി. പ്രളയത്തില്‍ നിറഞ്ഞൊഴുകിയ വെള്ളത്തിന് പരന്നു പോകാന്‍ വഴിയില്ലായിരുന്നു. പ്രളയത്തിന്റെ ആഘാതം കൂടാനും ഇത് ഇടയാക്കി.

നവകേരളത്തില്‍ നാം മാറ്റേണ്ടത് ഇതുകൂടിയാണ്. കൂട്ടത്തോടെ ജീവിക്കാന്‍ സാധിച്ചാല്‍ വീട് വ്യാപനം തടയാം. പ്രകൃതിയെ അത്ര കുറച്ച് ദ്രോഹിച്ചാല്‍ മതി.

മതില്‍

പ്രളയത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിച്ചപ്പോഴാണ് കേരളത്തിലെ മതിലുകള്‍ എത്രമാത്രം പ്രശ്‌നമാണെന്ന് മനസിലായത്. ചൈനീസ് വന്‍മതിലിനേക്കാള്‍ വലിയ മതിലുകളാണ് വീടിനും സ്‌കൂളുകള്‍ക്കും സ്ഥലങ്ങള്‍ക്കും അതിരിട്ട് നാം കെട്ടിപ്പടുത്തിരിക്കുന്നത്.

സ്‌കൂളുകളുടെ മാത്രം പതിനായിരക്കണക്കിന് കിലോമീറ്റര്‍ മതിലുകള്‍ പ്രളയത്തില്‍ തകര്‍ന്നു. വീടുകള്‍ക്ക് ചുറ്റും നിര്‍മിച്ചിരുന്ന ലക്ഷക്കണക്കിന് കിലോമീറ്റര്‍ മതിലുകളും വെള്ളത്തില്‍ ഇടിഞ്ഞുവീണു. അവയുണ്ടാക്കിയ യഥാര്‍ത്ഥ നഷ്ടം പല കണക്കുകളിലും കാണില്ല.

ഇപ്പോഴും തകര്‍ന്ന മതിലുകള്‍ പലരും കെട്ടിപ്പടുക്കുകയാണ്. നമ്മുടെ പശ്ചിമഘട്ട മലനിരകളെ തകര്‍ക്കുന്ന പാറമടകളെയും പാറമാഫിയ, മണല്‍ മാഫിയയെയും കുറിച്ചൊക്കെ നാം ഏറെ ചര്‍ച്ച ചെയ്യും. പക്ഷേ ഒരു കാര്യം നോക്കൂ. ഒറ്റ ഗ്രാം മണലോ പാറയോ പുറത്തുപോകുന്നില്ല. കേരളത്തിലെ ആവശ്യം നിറവേറ്റുന്നേയുള്ളൂ.

നമുക്കെന്തിനാ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന കല്ലും മണലും സിമന്റും കൊണ്ട് നിര്‍മിച്ച മതിലുകള്‍. വിദേശ രാജ്യങ്ങളില്‍ ജീവിച്ചവര്‍ക്ക് അറിയാം. അവിടെ നമുക്ക് തോന്നും പോലെ മതിലൊന്നും കെട്ടാന്‍ പറ്റില്ല. പരിസ്ഥിതി സൗഹൃദപരമായ ഗ്രീന്‍ ഫെന്‍സിംഗ്, ഹരിത വേലികളാണ് എല്ലായിടവുമുള്ളത്. നമ്മുടെ മതിലുകളോടുള്ള പ്രിയം മാറ്റാന്‍ ബോധവല്‍ക്കരണം മാത്രം പോര. ബദല്‍ രീതികളും വേണം. ഇത്തരം ബദല്‍ രീതികള്‍ പുതുതലമുറ സംരംഭങ്ങള്‍ക്കും വഴിവെയ്ക്കും.

ഒരു ഉദാഹരണം പറയാം. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിലെ കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള കിഡ്‌സ് എന്ന പ്രസ്ഥാനം തഴപ്പായയില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കി രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്ക് എത്തിച്ചിരുന്നു. തഴപ്പായ നെയ്ത്തിലും അനുബന്ധ ജോലികളിലും പരമ്പരാഗത തൊഴിലാളികളാണുണ്ടായിരുന്നത്. മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണത്തിലൂടെ അവര്‍ക്ക് കൂടുതല്‍ വേതനം ലഭിക്കാനുള്ള സാഹചര്യം ലഭിച്ചു. പക്ഷേ ആ ഉല്‍പ്പന്നങ്ങളുടെ വിപണി വിപുലമാക്കാന്‍ ശ്രമിച്ചപ്പോഴാണ് തഴയുടെ ദൗര്‍ലഭ്യം മനസിലായത്.

എന്നാല്‍ തഴ അങ്ങേയറ്റം പരിസ്ഥിതി സൗഹൃദമായ മണ്ണൊലിപ്പും മറ്റും തടയുന്ന സസ്യമാണ്. പറമ്പുകള്‍ക്ക് അതിരിട്ട് തഴക്കൈത വെച്ചുപിടിപ്പിച്ചാല്‍ ഹരിതവേലിയാകും. പുഴകളുടെയും അരുവികളുടെയും കരയില്‍ മണ്ണൊലിപ്പ് തടയാനും ഇത് ഉപകരിക്കും.

പ്രകൃതിദത്ത നാരില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കാന്‍ വ്യാവസായിക അടിസ്ഥാനത്തില്‍ തഴക്കൈത വേണം. അതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച പദ്ധതിയുടെ ഒരു ഘട്ടം അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലയിലെ കുഴൂരില്‍ തഴക്കൈത ടിഷ്യു കള്‍ച്ചര്‍ ലാബില്‍ വളര്‍ത്തുന്ന ഈ കേന്ദ്രത്തില്‍ നിന്ന് പ്രതിവര്‍ഷം 10 ലക്ഷത്തോളം തൈകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടും.

ഈ തഴക്കൈതകളെയും കൈത നാരിനെയും ഉപയോഗിച്ച് മികച്ച ഉല്‍പ്പന്നങ്ങളും സൊലൂഷനുകളും സൃഷ്ടിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ നമുക്ക് വേണം. പ്രായോഗികമായി ചിന്തിച്ച് അതില്‍ നിന്ന് മികച്ച ആശയങ്ങളുണ്ടാക്കി വേണം കേരളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍, പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാന്‍.

മാത്രമല്ല, കേരളത്തിലെ പ്രളയത്തെ കുറിച്ച് പഠിക്കാന്‍ വിദേശത്തുനിന്നെത്തിയ ഒരു വിദഗ്ധന്‍ പറയുന്നത് ഇതുപോലൊരു പ്രളയം ഒരുപക്ഷേ അടുത്ത 30 വര്‍ഷത്തില്‍ ഇനിയും വന്നേക്കാം എന്നാണ്. കേരളത്തെ നാം പുതുതായി കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് ഏതാനും വര്‍ഷത്തെ പദ്ധതി മാത്രമാകരുത് തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറുന്ന ഒന്നാകണം.

മനോഭാവം

വര്‍ഷങ്ങള്‍ക്ക് മുമ്പ് കെഎസ്‌ഐഡിസി എംഡിയായിരിക്കുമ്പോള്‍ ഓഫീസില്‍ ആവശ്യങ്ങള്‍ക്കായി പല ബിസിനസുകാരും ബെന്‍സ് കാറില്‍ വരുമായിരുന്നു. അന്ന് ഞാന്‍ ബെന്‍സില്‍ കയറിയിട്ടുപോലുമില്ല. ആ സമയത്ത് കുറച്ചൊരു അസ്വസ്ഥതയൊക്കെ ഉള്ളില്‍ തോന്നുമായിരുന്നു. അത് മലയാളിയുടെ മൊത്തം മനോഭാവമാണ്. മറ്റുള്ളവരെ പറ്റിച്ചും വഞ്ചിച്ചുമാണ് ആളുകള്‍ കാശുണ്ടാക്കുന്നത്. ജനങ്ങളെ ചൂഷണം ചെയ്താണ് മുതലാളികള്‍ വളരുന്നത് എന്നതൊക്കെ നമ്മളുടെ ഉള്ളിന്റെ ഉള്ളില്‍ പതിഞ്ഞ കാര്യങ്ങളാണ്.

ന്യായമായ രീതിയില്‍ പണമുണ്ടാക്കുന്നത് പാപമല്ല. ആ മനോഭാവം വരണം. വ്യവസായ സൗഹൃദത്തിന് അനുകൂലമായ ഒട്ടനവധി കാര്യങ്ങള്‍ ഈ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. അനുമതികള്‍ ഏകജാലക സംവിധാനത്തിലേക്ക് ആകുന്നുണ്ട്.

ഒരു കാലത്ത് നമ്മളെ നമ്മളാക്കാന്‍ സഹായിച്ച ചില മനോഭാവങ്ങള്‍ പുതിയ കാലത്തില്‍ മാറ്റേണ്ടിയിരിക്കുന്നു. അത് വേണം; നവകേരളത്തില്‍.

പരിസ്ഥിതിയെ ദ്രോഹിക്കാതെ

കേരളത്തില്‍ നിക്ഷേപ സാധ്യതകള്‍ കുറവാണ്. അവസരങ്ങള്‍ കാണുമ്പോള്‍ അവിടെ നിക്ഷേപിക്കാന്‍ ഏറെ പേര്‍ മുന്നോട്ടുവരും. മൂന്നാറിലെ കയ്യേറ്റങ്ങളും ടൂറിസം മാഫിയയുമൊക്കെ അതിന്റെ ഒക്കെ പ്രതിഫലനം കൂടിയാണ്. നിയമവിരുദ്ധമായ കാര്യങ്ങള്‍ തടയുക തന്നെ വേണം. പക്ഷേ, മികച്ച ഒരു സാധ്യതയെ പരിസ്ഥിതിയെ ദ്രോഹിക്കാത്ത വിധത്തില്‍ ഉപയോഗിക്കാനും തയ്യാറാകണം. ടൂറിസം മേഖലയിലാണെങ്കില്‍ എല്ലാവരും ഒരേ ലൊക്കേഷനില്‍ ഒരുപാട് നിര്‍മിതി നടത്തുന്ന രീതി മാറി വികേന്ദ്രീകൃതമായ ശൈലി സ്വീകരിക്കണം.

കേരളത്തിലെ സ്ഥിതിയെടുത്താല്‍ മലമ്പ്രദേശങ്ങളില്‍ സ്വീകരിക്കേണ്ട ബില്‍ഡിംഗ് റൂള്‍സ് നമുക്കില്ല. കൊച്ചിയില്‍ കെട്ടിടം കെട്ടുന്ന പോലെ തന്നെയാണ് മൂന്നാറിലും. നിയമവും അതുപോലെ. പരിസ്ഥിതി ലോല പ്രദേശത്തേക്ക് ജനങ്ങള്‍ അതിക്രമിച്ചു കയറിയതല്ല. തലമുറകളായി അവിടെയുള്ള അവരെ വ്യത്യസ്ത കാലഘട്ടങ്ങളില്‍ ഭരണാധികാരികള്‍ തന്നെ വിവിധ ലക്ഷ്യങ്ങളോടെ അങ്ങോട്ടെത്തിച്ചിട്ടുമുണ്ട്. Grow more food schemeന്റെ ഭാഗമായും മറ്റുമാണത്. തിരുവിതാംകൂര്‍ ഭരണാധികാരികള്‍ ഏലം കൃഷിക്ക് ജനസമൂഹത്തെ ഇടുക്കിയിലേക്കും മറ്റും താമസിപ്പിച്ചു.

നമുക്ക് റിവര്‍ മാനേജ്‌മെന്റ് ഗൗരവമായ വിഷയമേയല്ല. ഒന്‍പത് നദികളൊഴികെ മറ്റെല്ലാ നദികളുടെയും മാനേജ്‌മെന്റ് അതത് ഗ്രാമപഞ്ചായത്തുകള്‍ക്കാണ്. ദൈര്‍ഘ്യമേറെയുള്ള നദിയെ എങ്ങനെയാണ് സമഗ്രമായി നമുക്ക് മാനേജ് ചെയ്യാന്‍ സാധിക്കുക എന്നതൊക്കെ പുതിയ ചിന്തയില്‍ വരണം.

(കൊച്ചിയില്‍ നടന്ന വേള്‍ഡ് മലയാളി കൗണ്‍സിലില്‍ നടന്ന ബിസിനസ് സമ്മിറ്റില്‍ നടത്തിയ മുഖ്യപ്രഭാഷണത്തെ അധികരിച്ച് തയാറാക്കിയത്)

Similar News